മഞ്ചേരി: നഗരസഭക്ക് കീഴിലുള്ള പ്രദേശങ്ങളില്‍ കുടിവെള്ള ക്ഷാമം അതിരൂക്ഷമായി തുടരുമ്പോഴും നഗരസഭ അധികൃതര്‍ നിസംഗത തുടരുന്നു. സൗജന്യ കുടിവെള്ള വിതരണം ആരംഭിക്കണമെന്ന നാട്ടുകാരുടെ ആവശ്യം ഇതുവരെ അധികൃതര്‍ പരിഗണിച്ചിട്ടില്ല.
വലിയ പ്രതീക്ഷയോടെ നടപ്പാക്കിയ നഗര ശുദ്ധജല പദ്ധതി പതിറ്റാണ്ടു പിന്നിട്ടിട്ടും പൂര്‍ണ്ണതയില്‍ എത്തിയിട്ടില്ല. നിലവിലുള്ള കുടിവെള്ള വിതരണത്തെ തന്നെ ഇടക്കിടെയുള്ള വൈദ്യുതി മുടക്കം തടസ്സപ്പെടുത്തുന്നു. മഞ്ചേരി ചെരണിയിലുള്ള പ്രധാന ടാങ്കില്‍ നിന്നാണ് നഗര ശുദ്ധജല പദ്ധതി പ്രകാരം കുടിവെള്ളം വിതരണം ചെയ്യുന്നത്. നഗരവാസികളായ 11,000 കുടുംബങ്ങള്‍ക്കാണ് പ്രധാനമായും വെള്ളം ലഭിക്കുന്നത്.ഈ പദ്ധതി വിപുലീകരിക്കാന്‍ ഇക്കാലമത്രയും നടന്ന ശ്രമങ്ങളൊന്നും വിജയം കണ്ടില്ല. നേരത്തെ ഒരു ദിവസമായിരുന്നു പദ്ധതി വഴിയുള്ള ജലവിതരണം. ഇത് പിന്നീട് ഒന്നിടവിട്ട ദിവസങ്ങളിലാക്കി. ഇതും ഇപ്പോള്‍ കാര്യക്ഷമമല്ല. വൈദ്യുതി വിതരണത്തിലെ തടസ്സമാണ് ഇതിന് കാരണം. 11,000 കുടുംബങ്ങള്‍ക്ക് വെള്ളം ലഭിക്കുന്നുണ്ടെങ്കിലും നഗരവാസികളില്‍ ഭൂരിഭാഗത്തിനും ശുദ്ധജലം ലഭിക്കുന്നില്ല. വേനല്‍ ആരംഭത്തില്‍ തന്നെ കടുത്ത വരള്‍ച്ചയാണ് നഗരം നേരിടുന്നത്. ശുദ്ധജലക്ഷാമം പ്രതിസന്ധിതീര്ക്കുന്നതിനിടയില് ചെരണി ടാങ്കില്‍ നിന്നാണ് ഗവ. മെഡിക്കല്‍ കോളേജിലേക്കും വെള്ളം ദിനംപ്രതി നല്‍കുന്നത്. മഞ്ചേരിയിലെ കുടിവെള്ള ക്ഷാമത്തിന് പൂര്‍ണ്ണ പരിഹാരം ലക്ഷ്യമാക്കി 85 കോടി രൂപയുടെ പദ്ധതി നഗരസഭ വിഭാവനം ചെയ്തിരുന്നു. പത്തു വര്‍ഷം മുമ്പ് തയ്യാറാക്കിയ പദ്ധതി സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിക്കുകയും സംസ്ഥാന സര്‍ക്കാര്‍ വഴി കേന്ദ്രത്തിന്റെ പരിഗണനയ്ക്ക് എത്തുകയും ചെയ്തതാണ്. എന്നാല്‍ പദ്ധതിക്ക് ഇതേവരെ അംഗീകാരം ലഭിച്ചിട്ടില്ല. പുതിയ നഗരസഭാ കൗണ്‍സില്‍ കന്നി ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തി ഇത് വീണ്ടും പുനരുജ്ജീവിപ്പിക്കാന്‍ ശ്രമം ആരംഭിച്ചിട്ടുണ്ട്. ഇതിനിടയിലും ദാഹജല പ്രതിസന്ധിക്കു മുന്നില്‍ ജനം വലയുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: