പരപ്പനങ്ങാടി: നാടും നഗരവും വേനല്‍ ചൂടില്‍ ഉരുകുമ്പോള്‍ ജനം ദാഹമകറ്റുന്ന സോഫ്റ്റ് ഡ്രിങ്കുകളുടെ ഒഴിഞ്ഞ ബോട്ടിലുകള്‍ വലിയ മാലിന്യപ്രശ്നം സ്യഷ്ടിക്കുന്നു. വിവിധ നിറങ്ങളില്‍ ചെറിയ ബോട്ടിലുകളില്‍ വിപണിയിലെത്തുന്ന മധുര ദ്രാവകങ്ങള്‍ക്ക് ആവശ്യക്കാരേറെയാണ്. വിലക്കുറവില്‍ ലഭിക്കുന്ന ഈ പാനീയം കുടിച്ചതിന് ശേഷം ബോട്ടിലുകള്‍ അലക്ഷ്യമായി റോഡിലെറിയുകയായിരുന്നു പതിവ്.
ഇത് വലിയ രീതിയില്‍ പാതയോരങ്ങളില്‍ നിറഞ്ഞപ്പോള്‍ പഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കും മാലിന്യം നീക്കം ചെയ്യല്‍ കീറാമുട്ടിയ യി. തുടര്‍ന്ന് പല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കൂള്‍ബാറുകള്‍ക്കും ഹോട്ടലുകള്‍ക്കും നോട്ടീസ് നല്കി. തല്ക്കാലം കൂള്ബാറുകാര് കുപ്പി ചാക്കിലാക്കി വെക്കുന്നുണ്ടെങ്കിലും ഇത് എന്ത് ചെയ്യും എന്ന കാര്യത്തില്‍ യാതൊരു വ്യക്തതയുമില്ല. മുമ്പ് സാധാരണ കുപ്പികളില്‍ റീഫില്‍ ചെയ്ത് വന്നിരുന്ന സോഡ പോലും ഇപ്പോള്‍ പെറ്റ് ബോട്ടിലിലാണ് ഇറങ്ങുന്നത്. വന്‍കിട കമ്പനികളുടെ ശീതളപാനീയങ്ങളാകട്ടെ ചെറുതും വലുതുമായ നിരവധി ബോട്ടിലുകളിലായാണ് വിപണിയിലെത്തുന്നത്.
കടുത്ത വേനലില്‍ ഇവയുടെ ഉപയോഗം മൂലമുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്കപ്പുറം ഒഴിഞ്ഞ ബോട്ടിലുകളുയര്ത്തുന്ന മലിനീകരണമാണ് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് വെല്ലുവിളിയുയര്‍ത്തുന്നത്. നാരങ്ങാ വെള്ളവും സം ഭാരവും ഇളനീരും പുത്തന്‍ തലമുറക്ക് അപ്രിയമായതോടെയാണ് സോഫ്റ്റ് ഡ്രിങ്കുകള്‍ വിപണി വാഴാനെത്തിയത്.സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്ന വിവിധ പാനീയങ്ങള്‍ കടകളിലെത്തിക്കുന്നതും പ്ലാസ്റ്റിക് കുപ്പികളില്‍ തന്നെ.
ചരക്ക് കയറ്റിറക്കത്തിനിടയില്‍ കുപ്പികള്‍ പൊട്ടി. ബീവറേജസ് കോര്പ്പറേഷന് നഷ്ടങ്ങളുണ്ടായതോടെ മലയാളികള്‍ക്ക് വീര്യമേകുന്ന മദ്യവും പൂര്‍ണമായി പ്ലാസ്റ്റിക് കുപ്പികളിലാണ് നിറച്ചെത്തുന്നത്. നമുക്ക് ചുറ്റുമുള്ള മരങ്ങള്‍ മുഴുവന്‍ മുറിച്ച് മാറ്റി ഒന്നുപോലും പകരം നടാതെ കൊടും ചൂട് വിലക്ക് വാങ്ങിയ മലയാളിക്ക് തിരിച്ചറിവ് ഉണ്ടായില്ലെങ്കില്‍ അടുത്ത തലമുറ ഭൂമിക്ക് മീതെയുള്ള പ്ലാസ്റ്റിക് ഷീറ്റില്‍ ചവിട്ടി നടക്കേണ്ടതായി വരും. അല്ലെങ്കില്‍ വരാനിരിക്കുന്ന മാരക വിപത്തിനെതിരെ ഈ തലമുറക്ക് ബോധോദയമുണ്ടാവേണ്ടിയിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: