തിരുവനന്തപുരം: ന്യൂനപക്ഷക്ഷേമ വകുപ്പ് ഡയറക്ടറെ സ്ഥിരപ്പെടുത്താൻ സർക്കാർ തീരുമാനിച്ചു. എല്ലാവിധ ചട്ടങ്ങളും ലംഘിച്ച് മന്ത്രിസഭാ തീരുമാനം എന്ന നിലയിലാണ് സ്ഥിരപ്പെടുത്തൽ. നിയമനത്തെക്കുറിച്ച് ഗവർണർ വിശദീകരണം ചോദിച്ചെങ്കിലും മറുപടി നൽകാതെയാണ് നിയമനം. താത്ക്കാലിക ഡയറക്ടറായിരുന്ന ഡോ. പി. നസീറിനെയാണ് സ്ഥിരപ്പെടുത്തുന്നത്.
തിരുവനന്തപുരം അറബി കോളേജിലെ അറബി അധ്യാപകനായിരുന്ന നസീറിനെ ഡപ്യൂട്ടേഷൻ വ്യവസ്ഥയിൽ ഡയറക്ടർ ആക്കിയതുതന്നെ വിവാദമായിരുന്നു. സർക്കാർ സർവീസിലുള്ളവരെ മാത്രമെ ഡപ്യൂട്ടേഷനിൽ നിയമിക്കാവു എന്നാണ് ചട്ടം. കെഎസ്ആർ നിയമത്തിലെ 9 ബി ഇക്കാര്യം വ്യക്തമാക്കുന്നുമുണ്ട്. അത് മറികടന്നാണ് നസീറിന്റെ നിയമനം. കോൺഗ്രസ് നേതാവ് എം.എം.ഹസ്സന്റെ അടുത്ത ബന്ധുവാണ് നസീർ. ഡയറക്ടർക്ക് സ്ഥിരനിയമനം നൽകുന്നതിനെക്കുറിച്ച് നിയമസഭയിൽ ചോദ്യം വന്നപ്പോൾ സർക്കാർ മറുപടിയൊന്നും നൽകിയില്ല.
നിയമനത്തെ ധനവകുപ്പും നിയമവകുപ്പും ശക്തമായി എതിർത്തിരുന്നു. വകുപ്പ് സെക്രട്ടറിമാർ നിയമനത്തിനെതിരെ കുറിപ്പും എഴുതി. മുഖ്യമന്ത്രി നേരിട്ടിടപെടുകയും നിയമനത്തിന് പഴുത് തേടുകയുമായിരുന്നു. അഡ്വക്കേറ്റ് ജനറിലന്റെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ നിയമനം എന്ന തന്ത്രമാണ് ഉപയോഗിച്ചത്. നിയമവകുപ്പിലിരുന്ന ഫയൽ നസീറിന്റെ കൈവശം തന്നെ എജിയെ കാണിക്കാൻ കൊടുത്തുവിടുകയായിരുന്നു.
നേരത്തെ വൊക്കേഷണൽ ഹയർസെക്കണ്ടറി ഡയറക്ടറായി കെ.പി. നൗഫലിനെ ഇതേരീതിയിൽ നിയമിച്ചിരുന്നു. അടിയന്തരഘട്ടത്തിൽ സർക്കാറിന് വകുപ്പ് തലവന്മാരെ നേരിട്ട് റിക്രൂട്ട് ചെയ്യാം എന്ന കെഎസ്ആറിലെ ചട്ടം മറയാക്കിയാണിത്.
റിക്രൂട്ട് എന്നതിനെ നോമിനേറ്റ് എന്ന് വ്യാഖ്യനിച്ചാണിത്. സുപ്രീംകോടതി വിധിയുടെ അടിസ്ഥാത്തിൽ 2008 നുശേഷം താത്ക്കാലിക ജീവനക്കാരെ നിയമിക്കുന്നത് നിർത്താലാക്കിയിരിക്കുകയാണ്. താഴെ തട്ടിലുള്ള ആയിരക്കണക്കിന് ജീവനക്കാരാണ് സ്ഥിരനിയമനം എന്ന സ്വപ്നം പൂവണിയാതെ വിഷമിക്കുന്നത്.
ആ സാഹചര്യത്തിലാണ് എല്ലാ നിയമങ്ങളേയും ചട്ടങ്ങളേയും നോക്കുകുത്തിയാക്കി ന്യൂനപക്ഷക്ഷേമ വകുപ്പ് ഡയറക്ടറെ സ്ഥിരപ്പെടുത്തുന്നത.്
പ്രതികരിക്കാൻ ഇവിടെ എഴുതുക: