കൊല്ലം: റെയില്‍വേ ബഡ്ജറ്റില്‍ കൊല്ലത്തിന് വികസന പെരുമഴ. നരേന്ദ്രമോദി സര്‍ക്കാരിന്റെ രണ്ടാം ബജറ്റിലും കൊല്ലത്തിനെ കൈവിട്ടില്ല എന്നതാണ് പദ്ധതികള്‍ തെളിയിക്കുന്നത്. കൊല്ലം, തിരുനെല്‍വേലി, തിരുചെന്തൂര്‍, തെങ്കാശി, വിരുദുനഗര്‍ ശീര്‍ഷകത്തില്‍ കൊല്ലം -ചെങ്കോട്ട ഗേജ്മാറ്റ പ്രവൃത്തികള്‍ക്ക് 101 കോടി രൂപയാണ് അനുവദിച്ചത്. കൊല്ലം-ചെങ്കോട്ട ഗേജ്മാറ്റ പ്രവൃത്തികളില്‍ കൊല്ലം-പുനലൂര്‍ കഴിഞ്ഞാല്‍ അവശേഷിക്കുന്നത് പുനലൂര്‍-ചെങ്കോട്ട 49 കിലോമീറ്റര്‍ ആണ്. അതില്‍ പുനലൂര്‍ ഇടമണ്‍ എട്ട് കിലോമീറ്റര്‍, ചെങ്കോട്ട ഭഗവതിപുരം എട്ട് കിലോമീറ്റര്‍ പണി പൂര്‍ത്തിയാക്കി. ഫലത്തില്‍ അനുവദിച്ച 101 കോടി രൂപ 33 കിലോമീറ്റര്‍ പണികള്‍ക്കായി ഉപയോഗിക്കാന്‍ കഴിയും ഫണ്ടിന്റെ അഭാവം കാരണം കൊല്ലം-ചെങ്കോട്ട ഗേജ്മാറ്റ പ്രവൃത്തികള്‍ ഇനി തടസപ്പെടില്ല. കഴിഞ്ഞ ബജറ്റില്‍ 85 കോടി രൂപ അനുവദിച്ചിടത്താണ് ഇപ്പോള്‍ 101 കോടിയായി വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. കൊല്ലം-ചെങ്കോട്ട ഗേജ്മാറ്റ പ്രവര്‍ത്തികള്‍ക്ക് നാളിതുവരെ അനുവദിച്ചിട്ടുള്ള വാര്‍ഷിക ബജറ്റ് വിഹിതത്തില്‍ ഏറ്റവും കൂടിയ തുകയാണിത്. കൂടാതെ പ്രധാന കൊല്ലം റെയില്‍വേയുടെ വികസനത്തിന്റെ അവിഭാജ്യഘടകമായ കൊല്ലം-പുനലൂര്‍ പാതയുടെ വൈദ്യുതീരണത്തിന് അനുമതി നല്കി. വൈദ്യുതീ കരണത്തിനായി 329 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. കൊല്ലം രണ്ടാംടെര്മിനലിന്റെ വികസനത്തില്‍ ഉള്‍പ്പെടുത്തി കൊല്ലം-തിരുമംഗലം ദേശീയ പാത 208 ല്‍ പ്രവേശനകവാടം, ടിക്കറ്റ് ബുക്കിംഗ് ഓഫീസ്, മേല്‍പ്പാലം എന്നിവയുടെ നിര്‍മ്മാണത്തിനായി തുക അനുവദിച്ചു. പെരിനാട് നിവാസികളുടെയും റെയില്‍വേ യാത്രക്കാരുടെയും ദീര്‍ഘകാലത്തെ ആവശ്യമായിരുന്ന പെരിനാട് റെയില്‍വേ അടിപ്പാത നിര്‍മ്മാണത്തിന് അനുമതി നല്‍കുകയും ബജറ്റില്‍ തുക വകയിരുത്തുകയുമായിരുന്നു. കൂടാതെ കുണ്ടറ ഇരവിപുരം കാവല്‍പ്പുര പരവൂര്‍ തുടങ്ങി മേല്‍പ്പാലങ്ങള്‍ക്കും ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: