ഒന്നരനൂറ്റാണ്ട് പിന്നിട്ട ഭാരത റെയില്‍വേ സുരേഷ് പ്രഭു എന്ന മന്ത്രിയുടെ നേതൃത്വത്തില്‍ അതിവേഗം കുതിക്കുന്നു. അതിന്റെ ഒന്നാന്തരം തെളിവാണ് ഇന്നലെ അവതരിപ്പിച്ച റെയില്‍വേ ബജറ്റ്. നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ എന്‍ഡിഎ സര്‍ക്കാര്‍ ആവിഷ്ക്കരിച്ചുകൊണ്ടിരിക്കുന്ന സമഗ്രവികസന പദ്ധതികളുടെ പ്രതിഫലനം റെയില്‍വേയില്‍ കാണാന്‍ സാധിക്കും. കിതപ്പിന്റെ കഥകള്‍ മാത്രം നിരത്താറുള്ള റെയില്‍വേ കുതിപ്പിലേക്കെന്നാണ് ബജറ്റ് തെളിയിക്കുന്നത്. നടപ്പാക്കാന്‍ കഴിയുന്നതേ പറയൂ. പറയുന്നതെല്ലാം നടപ്പാക്കും എന്ന സമീപനമാണ് സര്‍ക്കാരിനുള്ളത്. അതുകൊണ്ടുതന്നെ അനാവശ്യ പ്രഖ്യാപനങ്ങളില്ല. എന്നാല്‍ ചെറുതെന്ന് തോന്നാവുന്നതെങ്കിലും യാത്രക്കാര്‍ക്ക് ഏറെ പ്രയോജനപ്പെടുന്നതാണ് സുരേഷ് പ്രഭു അവതരിപ്പിച്ചതെല്ലാം.
റെയില്‍വേ ബജറ്റില്‍ യാത്രാ നിരക്കുകളില്‍ വര്‍ദ്ധനകളൊന്നും ശുപാര്‍ശ ചെയ്തിട്ടില്ല. സമയക്രമം അനുസരിച്ചുള്ള ചരക്ക് വണ്ടികള്‍, സുരക്ഷ വര്‍ദ്ധിപ്പിക്കാനുള്ള സാങ്കേതിക വിദ്യ, ആളില്ലാ ലവല്‍ ക്രോസുകള്‍ ഇല്ലാതാക്കല്‍, വര്‍ദ്ധിച്ച കൃത്യനിഷ്ഠ, ട്രെയിനുകളുടെ കൂടിയ വേഗം, വിസര്‍ജ്യം പുറന്തള്ളല്‍ ഒഴിവാക്കല്‍ എന്നിങ്ങനെ സാധാരണക്കാരന്റെ ദീര്‍ഘകാലമായുള്ള ആവശ്യങ്ങല്‍ പലതും നിറവേറ്റുന്നതാണ് ബജറ്റ്. ഭാരത റെയില്‍വേ പുനരേകീകരിക്കുകയും, പുനരുജ്ജീവിപ്പിക്കുകയും ചെയ്യുകയാണ് ബജറ്റ് ലക്ഷ്യമിട്ടിരിക്കുന്നത്. ട്രെയിനുകളില്‍ അധികമായി 65,000 ബെര്‍ത്തുകളും 2500 വാട്ടര്‍ വെന്‍ഡിങ്ങ് ഉപകരണങ്ങളും ലഭ്യമാക്കും.
ലോകത്തിലാദ്യമായി റെയില്‍വേ വികസിപ്പിച്ച ബയോ-വാക്വം ശൗചാലയങ്ങള്‍ 17,000 എണ്ണം ട്രെയിനുകളില്‍ ഘടിപ്പിക്കും. ട്രെയിനുകളുടെ കൃത്യനിഷ്ഠ ഉറപ്പാക്കുന്നതിന് ഗാസിയാബാദിനും മുഗള്‍സരായ്ക്കും ഇടയിലുള്ള വിഭാഗത്തില്‍ ഓപ്പറേഷന്‍സ് ഓഡിറ്റ് അവതരിപ്പിക്കും. രാജ്യമെമ്പാടും 1780 ഓട്ടോമാറ്റിക് ടിക്കറ്റ് വെന്‍ഡിങ് മെഷീനുകളും യുടിഎസ്, പിആര്‍എസ് ടിക്കറ്റുകളുടെ പണരഹിത പര്‍ച്ചേസിനായി ഗോഇന്ത്യ സ്മാര്‍ട്ട്കാര്‍ഡും അവതരിപ്പിക്കും. ഇ-ടിക്കറ്റിങ് സംവിധാനത്തിന്റെ ശേഷി മിനിട്ടില്‍ 2000 ടിക്കറ്റ് എന്നത് 7200 ടിക്കറ്റായി വര്‍ദ്ധിപ്പിക്കുമെന്നും 400 സ്റ്റേഷനുകളില്‍ക്കൂടി വൈഫൈ സംവിധാനം വ്യാപിപ്പിക്കുമെന്നുമെല്ലാമുള്ള പ്രസ്താവന വലിയൊരു കാഴ്ചപ്പാടുള്ള സര്‍ക്കാരിനെ നടത്താന്‍ സാധിക്കൂ. ദിവ്യാംഗര്‍ക്കായി വീല്‍ചെയറുകളുടെ ഓണ്‍ലൈന്‍ ബുക്കിങ്ങും, ബ്രെയ്ല്‍ ലിപി ഉള്‍പ്പെടുത്തിയ പുതിയ കോച്ചുകളും അവതരിപ്പിക്കും.
മുതിര്‍ന്ന പൗരന്മാര്ക്കും സ്ത്രീകള്‍ക്കുമുള്ള ലോവര്‍ ബെര്‍ത്ത് ക്വാട്ട വര്‍ദ്ധിപ്പിക്കാനും ശുപാര്‍ശയുണ്ട്. കൂടുതല്‍ ഹെല്പ് ലൈനുകളും സിസിടിവി ക്യാമറകളുമായി യാത്രക്കാരുടെ സുരക്ഷിതത്വം വര്‍ദ്ധിപ്പിക്കാനുള്ള നടപടി സ്വീകരിക്കുമെന്നതും ശ്രദ്ധേയമാണ്. ലെവല്‍ ക്രോസിങ്ങുകളിലെ അപകടങ്ങള്‍ പ്രധാനവിഷയമാണ്. അത് കുറയ്ക്കുന്നതിന് 1000 ആളില്ലാ ലെവല്‍ ക്രോസുകളും ജീവനക്കാരുള്ള 350 ലെവല്‍ ക്രോസുകളും ബജറ്റ് ശുപാര്‍ശ ചെയ്യുന്നുണ്ട്. ഈ സാമ്പത്തിക വര്‍ഷം 820 റെയില്‍വേ മേല്‍പ്പാലങ്ങളും കീഴ്പാലങ്ങളും പൂര്‍ത്തിയാക്കും.
ചരക്ക് ഗതാഗതത്തിനുള്ള സമര്‍പ്പിത റെയില്‍വേ ഇടനാഴിയുടെ എല്ലാ സിവില്‍ എന്‍ജിനീയറിങ് കരാര്‍ ജോലികളും ഈ സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തോടെ നല്‍കും. 2016-17 കാലഘട്ടത്തില്‍ നര്‍ഗോല്‍, ഹസീറ തുറമുഖങ്ങളെ റെയില്‍വേ ശൃംഖലയുമായി ബന്ധിപ്പിക്കുന്ന പദ്ധതി പൊതുസ്വകാര്യ പങ്കാളിത്തത്തോടെ നടപ്പാക്കും. 90 ശതമാനം പ്രവര്‍ത്തനക്ഷമതയോടെ 2015-16ല്‍ 8720 കോടി രൂപ മിച്ചം പിടിക്കാന്‍ സാധിക്കും. പ്രവര്‍ത്തന അനുപാതം 92 ശതമാനമാക്കാനാണ് ബജറ്റ് ശുപാര്‍ശ ചെയ്യുന്നത്. ഊര്‍ജ്ജ മേഖലയില്‍ 3000 കോടി രൂപയുടെ നേട്ടമുണ്ടാക്കാന്‍ അടുത്ത സാമ്പത്തിക വര്‍ഷംതന്നെ റെയില്‍വേയ്ക്ക് സാധിക്കുമെന്നാണ് പ്രതീക്ഷ.
സ്വകാര്യ പങ്കാളിത്തത്തോടെ റെയില്‍വേ യാത്രാസൗകര്യം മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം. റെയില്‍വേ പ്രവൃത്തികളില്‍ വന്‍കിട പ്രഫഷണല്‍ കമ്പനികളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനും ചെലവ് കുറച്ച് പണികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കുന്നതിനും എന്‍ജിനീയറിങ് പ്രോക്യൂര്‍മെന്റ് കസ്ട്രക്ഷന്(ഇപിഡി) സമ്പ്രദായം നടപ്പാക്കാന്‍ പോവുകയാണ്. അടുത്ത സാമ്പത്തിക വര്‍ഷം ചുരുങ്ങിയത് 20 പദ്ധതികള്‍ ഈ രീതിയില്‍ നല്‍കുമെന്നും 300 കോടി രൂപയിലധികം ചെലവുള്ള എല്ലാ പദ്ധതികളും ഇപിസി സമ്പ്രദായത്തിലാക്കുമെന്നുമാണ് മന്ത്രിയുടെ പ്രഖ്യാപനം.
വൃത്തിയാക്കല്‍, യാത്രാ സൗകര്യങ്ങളുടെ നടത്തിപ്പ് തുടങ്ങിയ മേഖലകളില്‍ സ്വകാര്യ കമ്പനികളുടെ സേവനങ്ങള്‍ റെയില്‍വേ തേടും. രാജ്യത്തെ റെയില്‍വേ യാത്രാക്കാരുടെ ദീര്‍ഘനാളായുള്ള പല ആവശ്യങ്ങള്‍ക്കും പരിഹാരം 2020 ഓടു കൂടി കാണാന്‍ കഴിയുമെന്നാണ് മന്ത്രിയുടെ പ്രതീക്ഷ. മതിയായ റിസര്‍വേഷന്‍ സൗകര്യം, സമയപട്ടിക പ്രകാരം ഓടുന്ന പാസഞ്ചര്‍ വണ്ടികള്‍, സുരക്ഷ ഉറപ്പാക്കുന്നതിന് അത്യാധുനിക സാങ്കേതിക വിദ്യ, ട്രെയിനുകള്‍ 95% സമയനിഷ്ഠ പാലിക്കല്‍, ചരക്കുവണ്ടികളുടെ വേഗം മണിക്കൂറില്‍ 50 കി.മീറ്ററും മെയില്‍ എക്സ്പ്രസ്സ് ട്രെയിനുകളുടേത് 80കി.മീറ്ററും ആക്കി ഉയര്‍ത്തല്‍, സുവര്‍ണ്ണ ചതുഷ്കോണത്തിലൂടെ സെമി ഹൈസ്പീഡ് ട്രെയിനുകള്‍ തുടങ്ങിയവ ഇവയില്‍പ്പെടും.
മുന്‍പ് പ്രഖ്യാപിച്ച പദ്ധതികള്‍ എന്തായി എന്ന് ഒരു മന്ത്രിയും ബജറ്റ് പ്രസംഗത്തില്‍ പറയാറില്ല. എന്നാല്‍ ഇത്തവണ ഒരു പ്രോഗ്രസ് റിപ്പോര്‍ട്ട് കൂടി മന്ത്രി സഭയ്ക്കുമുമ്പാകെ വച്ചു. കഴിഞ്ഞ തവണ പ്രഖ്യാപിച്ച പദ്ധതികളില്‍ 75%വും പൂര്‍ത്തിയാക്കി എന്നത് ചരിത്ര സംഭവമാണ്. ശേഷിക്കുന്നവയ്ക്ക് ഇനിയും ഒരു മാസമുണ്ടെന്ന് ഓര്‍ക്കണം. എല്ലാവരേയും പരിഗണിച്ച റെയില്‍വേയ്ക്ക് അനിവാര്യമായ ബജറ്റ് ലഭിച്ചു എന്നുതന്നെ ആശ്വസിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: