തൃശൂര്‍: മീഡിയേഷന് സെന്ററുമായി ബന്ധപ്പെട്ട് തൃശൂര്‍ ബാര്‍ അസോസിയേഷനെതിരെ ഹൈക്കോടതി ജഡ്ജി കെമാല്‍ പാഷ ഉന്നയിച്ച ആരോപണം തെറ്റാണെന്ന് അസോസിയേഷന് ഭാരവാഹികള്‍.
കഴിഞ്ഞദിവസം നടന്ന എ.ഡി.ആര് സെന്ററിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചാണ് കമാല്‍ പാഷ തൃശൂര്‍ ബാര്‍ അസോസിയേഷന് മീഡിയേഷന് സെന്ററിനോട് എതിര്‍പ്പാണ് എന്ന രീതിയില്‍ പ്രസ്താവന ഇറക്കിയത്. മീഡിയേഷന് സെന്ററിനോട് ബാര്‍ അസോസിയേഷന് എതിര്‍പ്പില്ല. അതേസമയം പതിനഞ്ച് വര്‍ഷത്തിലധികം പരിചയസമ്പന്നരായ അഭിഭാഷകരെ മീഡിയേറ്റര്‍മാരായി തിരഞ്ഞെടുത്ത് അവര്‍ക്ക് പരീശീലനം നല്‍കാനാണ് ഹൈക്കോടതി കെമാല്‍ പാഷയോട് നിര്‍ദ്ദേശിച്ചിരുന്നത്.
എന്നാല്‍ ബാര്‍ അസോസിയേഷനില്‍ നോട്ടീസ് നല്‍കുകയോ അപേക്ഷ ക്ഷണിക്കുകയോ ചെയ്യാതെ അദ്ദേഹം പക്ഷപാതപരമായി തയ്യാറാക്കിയ ലിസ്റ്റിനെയാണ് തങ്ങള്‍ എതിര്‍ത്തതെന്ന് അസോസിയേഷന് ഭാരവാഹികള്‍ പറഞ്ഞു. അസോസിയേഷന്റെ ജനറല്‍ ബോഡി തീരുമാനം ലംഘിച്ച് ഉദ്ഘാടനത്തില്‍ പങ്കെടുത്തതിന് സസ്പെന്‍ഡ് ചെയ്യപ്പെട്ടവരില്‍ തെറ്റുമനസിലാക്കി തിരിച്ചുവന്ന 27ല്‍ 22 പേരെ തിരിച്ചെടുത്തിട്ടുണ്ട്. മറ്റ് അഞ്ചുപേര്‍ അസോസിയേഷനെതിരായി നല്കിയ കേസ് ഇപ്പോഴും നില നില്‍ക്കുകയാണ്.
ഹൈക്കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയം പൊതുവേദിയില്‍ അനവസരത്തില്‍ കെമാല്‍ പാഷ അവതരിപ്പിച്ചതിനെതിരെ തങ്ങള്‍ പരാതി നല്‍കും. ജില്ലാ ജഡ്ജി ആയിരുന്ന സമയത്ത് മിഡിയേഷന് സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ നടന്നപ്പോള്‍ തൃശൂര്‍ ബാര്‍ അസോസിയേഷനില്‍ നിന്ന് തിക്താനുഭവങ്ങള്‍ ഉണ്ടായതായും പുതിയ മീഡിയേഷന് സെന്റര്‍ ഉദ്ഘാടന വേദിയില്‍ കെമാല്‍ പാഷ പറഞ്ഞിരുന്നു.
തനിക്കൊപ്പം നിന്ന പ്രവര്‍ത്തകരെ അസോസിയേഷന് സസ്പെന്‍ഡ് ചെയ്തതായും അവരെ തിരിച്ചെടുക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ബാര്‍ അസോസിയേഷന് ആക്ടിങ് പ്രസിഡന്റ് സി.കെ. കുഞ്ഞിപൊറിഞ്ചു, അഡ്വ. സി.ടി. ഷാജി, അഡ്വ. സത്യജിത്ത്, അഡ്വ. സ്മിത എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: