റോം: കഴിഞ്ഞ ദിവസം ചാമ്പ്യന്‍സ് ലീഗിന്റെ പ്രീ ക്വാര്‍ട്ടര്‍ ഫൈനലില്‍ റയല്‍ മാഡ്രിഡിനോട് 2-0ന് പരാജയപ്പെട്ട റോമ ഇറ്റാലിയന്‍ ലീഗില്‍ വന്‍ തിരിച്ചുവരവ് നടത്തി. ഞായറാഴ്ച രാത്രി വൈകി നടന്ന മത്സരത്തില്‍ മറുപടിയില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് റോമ പലേര്‍മോയെ കീഴടക്കി. റോമക്ക് വേണ്ടി എഡിന് സെക്കോ, മുഹമ്മദ് സലാഹ് എന്നിവര്‍ രണ്ട് ഗോള്‍ വീതം നേടി. ഈ സീസണില്‍ റോമയുടെ ഏറ്റവും ഉയര്‍ന്ന വിജയമാണിത്.
കളിയിലുടനീളം ആധിപത്യം പുലര്‍ത്തിയ റോമ 30-ാം മിനിറ്റിലാണ് ഗോള്‍ മഴക്ക് തുടക്കമിട്ടത്. മിറാലെം പാനിക്കിന്റെ ക്രോസ് സ്വീകരിച്ച് എഡിന് സെക്കോ പായിച്ച ഇടംകാലന്‍ ഷോട്ടാണ് വലയില്‍ കയറിയത്. തൊട്ടുപിന്നാലെ പലേര്‍മോയുടെ സമനില നേടാനുള്ള അവസരം റോമ ഗോളി തടുത്തു. തുടര്‍ന്നും നിരവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും ആദ്യപകുതിയില്‍ കൂടുതല്‍ ഗോളുകള്‍ പിറന്നില്ല. പിന്നീട് 52-ാം മിനിറ്റിലാണ് റോമ രണ്ടാം ഗോള്‍ നേടിയത്.
കോര്‍ണറിനൊടുവില്‍ ബോക്സിലേക്ക് പറന്നുവന്ന പന്ത് എഡിന് സെക്കോ തലകൊണ്ട് സെയ്ദു കെയ്റ്റക്ക് കണക്കാക്കി മറിച്ചുകൊടുത്തു. പന്ത് കിട്ടിയ കെയ്റ്റ അവസരം പാഴാക്കി വലംകാലുകൊണ്ട് പായിച്ച ഷോട്ട് പലേര്‍മോ വലയില്‍ (2-0). 60-ാം മിനിറ്റില്‍ റോമ മൂന്നാം ഗോളും നേടി. ഇത്തവണയും വഴിയൊരുക്കിയത് സെക്കോ. സെക്കോയുടെ പാസ് സ്വീകരിച്ച് മുഹമ്മദ് സലാഹ് പായിച്ച ഷോട്ടാണ് വലയിലെത്തിയത്. രണ്ട് മിനിറ്റിനുശേഷം സലാഹ് തന്റെ രണ്ടാം ഗോളും ടീമിന്റെ നാലാം ഗോളും സ്വന്തമാക്കി. 89-ാം മിനിറ്റില്‍ എഡിന് സെക്കോ തന്റെ രണ്ടാമത്തെ ഗോളും കണ്ടെത്തിയതോടെ റോമയുടെ ഗോള്‍ പട്ടിക പൂര്‍ത്തിയായി. 26 കളികളില്‍ നിന്ന് 50 പോയിന്റുമായി റോമ നാലാം സ്ഥാനത്താണ്.
മറ്റൊരു മത്സരത്തില്‍ ഫിയോറന്റീന് രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് അറ്റ്ലാന്റയെ കീഴടക്കി മൂന്നാം സ്ഥാനം നിലനിര്‍ത്തി. ഫിയോറന്റീനക്ക് വേണ്ടി മാത്യസ് ഫെര്‍ണാണ്ടസ്, ടെല്ലോ, കാല്നിക്ക് എന്നിവര്‍ ഗോളുകള്‍ നേടി. 26 കളികളില്‍ നിന്ന് 52 പോയിന്റാണ് ഫിയോറന്റീനയ്ക്കുള്ളത്. മറ്റ് കളികളില്‍ ഗനോവ 2-1ന് ഉദിനെസെയെയും സാസ്സുലോ 3-2ന് എംപോളിയെയും കീഴടക്കിയപ്പോള്‍ ടോറിനോ-കാര്‍പി, ഫ്രോസിനോണ്‍-ലാസിയോ മത്സരം ഗോള്‍രഹിത സമനിലയിലും കലാശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: