ന്യൂദല്‍ഹി: പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തില്‍ ജെഎന്‍യു സംഭവം ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ജെഎന്‍യുവില്‍ എന്താണ് സംഭവിച്ചതെന്ന് മുഴുവന്‍ ജനങ്ങളെയും അറിയിക്കാനുള്ള അവസരമായാണ് ചര്‍ച്ചയെ സര്‍ക്കാര്‍ കാണുന്നത്. ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി വിളിച്ചുചേര്‍ത്ത സര്‍വ്വകക്ഷിയോഗത്തിലാണ് സര്‍ക്കാര്‍ ചര്‍ച്ചക്കുള്ള സന്നദ്ധത അറിയിച്ചത്.
കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദാണ് ജെഎന്‍യു സംഭവവും ഹൈദരാബാദ് സര്‍വ്വകലാശാലയിലെ രോഹിത്ത് വെമുലയുടെ ആത്മഹത്യയും ചര്‍ച്ച ചെയ്യണമെന്ന് ആവശ്യമുന്നയിച്ചത്. ഈ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതില്‍ സര്‍ക്കാരിന് യാതൊരു എതിര്‍പ്പുമില്ലെന്ന് വ്യക്തമാക്കുകയായിരുന്നു. എന്നാല്‍ പ്രശ്നങ്ങള്‍ തുറന്നു ചര്‍ച്ച ചെയ്താല്‍ തങ്ങള്‍ പ്രതിക്കൂട്ടിലാകുമോ എന്ന ഭീതിയാണ് പ്രതിപക്ഷത്തിനുള്ളത്.
ഫെബ്രുവരി ഒമ്പതിന് ജെഎന്‍യുവില്‍ നടന്ന യഥാര്‍ത്ഥ സംഭവവികാസങ്ങള്‍ മറച്ചുവെച്ച് കുപ്രചാരണങ്ങളിലൂടെ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് സര്‍ക്കാരിനെതിരെ തിരിക്കുകയാണ് പ്രതിപക്ഷം ചെയ്യുന്നത്. ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ നടന്ന പ്രക്ഷോഭങ്ങള്‍ ചര്‍ച്ചാവിഷയമാക്കി സത്യം മറച്ചുപിടിക്കാനുള്ള പ്രതിപക്ഷത്തിന്റെ ശ്രമം പാര്‍ലമെന്റില്‍ പൊളിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: