ആലപ്പുഴ: കയര്‍ബോര്‍ഡ് ആസ്ഥാനം കേരളത്തില്‍ നിന്ന് മാറ്റുമെന്ന പ്രചലരണം അടിസ്ഥാനരഹിതമാണെന്ന് കേന്ദ്ര ചെറുകിട, ഇടത്തര സംരംഭകവകുപ്പ് മന്ത്രി കല്‍രാജ് മിശ്ര. കയര്‍ ഉത്പാദനം രാജ്യവ്യാപകമാക്കാനും എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലും കയര്‍ ഉത്പ്പന്ന ഷോറൂമുകള്‍ ആരംഭിക്കാനും പദ്ധതിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
കയര്‍ കേരള 2016നോടനുബന്ധിച്ചുനടന്ന ദേശീയ സെമിനാറുകളുടെ സമാപനച്ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇടത്തര-ചെറുകിട വ്യവസായ മന്ത്രാലയത്തിന്റെ വിവിധ പദ്ധതികളില്‍ കയര്‍ വ്യവസായത്തിനും പ്രാതിനിധ്യം നല്‍കുമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. പുതുസംരംഭങ്ങള്‍ക്കായി ആരംഭിച്ച അസ്പയര്‍ പദ്ധതിയെ കയര്‍ ബോര്‍ഡ് സ്വീകരിച്ചിട്ടുണ്ട്. രാജ്യവ്യാപകമായി 40 കയര്‍ ക്ലസ്റ്ററുകള്‍ ആരംഭിക്കാനായി 55 കോടി രൂപയുടെ പദ്ധതി വിഭാവനം ചെയ്തതില്‍ 40 കോടി രൂപയും കേന്ദ്രസര്‍ക്കാരാണ് നല്‍കുന്നത്. കയര്‍ കയറ്റുമതിക്കും നിര്‍മാണപ്രക്രിയ കാര്യക്ഷമമാക്കുന്നതിലും കേന്ദ്രത്തിന്റെ പൂര്‍ണസഹകരണം ഉണ്ടാകും.
സ്വാതന്ത്ര്യസമര ചരിത്രത്തോട് ചേര്‍ന്നുനിന്നിരുന്ന കയര്‍ വ്യവസായത്തിന്റെ നിലനില്‍പ്പിന് കേന്ദ്രപിന്തുണയുടെ കാര്യത്തില്‍ സംശയമേതും വേണ്ടെന്നും മന്ത്രി ഉറപ്പുനല്‍കി. പൂര്‍ണമായും ഗ്രാമങ്ങളില്‍ നിലനില്‍ക്കുന്ന കയര്‍ വ്യവസായത്തെ വളര്‍ച്ചയിലേക്കു നയിക്കാന്‍ കയര്‍ ബോര്‍ഡിന്റെ ഭാഗത്തുനിന്ന് എല്ലാ ശ്രമങ്ങളും ഉറപ്പുതരുന്നതായി കയര്‍ ബോര്‍ഡ് ചെയര്‍മാനായി ഇന്നലെ ചുമതലയേറ്റ മുന്‍ എംപി: സി. പി. രാധാകൃഷ്ണന് പറഞ്ഞു. വികസനത്തില്‍ രാഷ്ട്രീയമില്ല എന്നും വികസനത്തിന്റെ രാഷ്ട്രീയം മാത്രമേ ഉള്ളു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മന്ത്രി അടൂര്‍ പ്രകാശ് അദ്ധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: