കാസര്‍കോട്: സംസ്ഥാനത്തിനകത്ത് നിന്നും പുറത്തു നിന്നും ആയിരക്കണക്കിന് ഭക്തരെത്തുന്ന ജില്ലയിലെ ഏറ്റവും വലിയ ക്ഷേത്രങ്ങളിലൊന്നായ മധൂര്‍ മദനന്തേശ്വര സിദ്ധിവിനായക ക്ഷേത്രത്തിന് സമീപം എല്ലാ സൗകര്യങ്ങളോടും കൂടിയ പുതിയ ആധുനിക ബസ്സ്റ്റാന്റ് നിര്‍മാണമാണ് ആദ്യദൗത്യമായി ഏറ്റെടുക്കുന്നതെന്ന് മധൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് മാ ലതി സുരേഷ് പറഞ്ഞു. ഈ ഭരണസമിതിയുടെ കാലാവധി അവസാനിക്കുന്നതിന് മുമ്പായി തന്നെ നിര്‍മാണം പൂര്‍ത്തിയാക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് വ്യക്തമാക്കി. നിലവില്‍ ബസ്സുകള്‍ക്ക് നിന്നു തിരിയാന്‍ സ്ഥല സൗകര്യമില്ല. ശൗചാലയവുമില്ല. പുതിയ ബസ്റ്റാന്റ് വരുന്നതോടെ ക്ഷേത്രത്തിന്റെ മുഖഛായ തന്നെ മാറും. പഞ്ചായത്തിലെ വീടില്ലാതെ വിഷമിക്കുന്ന നിര്ധനാരായവര്ക്ക് വീട് നിര്‍മ്മിക്കാനാവശ്യമായ പദ്ധതിയുണ്ടാക്കും. പ്രദേശത്തെ തരിശുനിലത്തെ കൃഷിക്ക് അനുയോജ്യകരമാക്കി മാറ്റി തൊഴിലുറപ്പ് തൊഴിലാളികളെയും കുടുംബശ്രീ പ്രവര്‍ത്തകരെയും അണി നിരത്തി കാര്‍ഷിക വിപ്ലവത്തിന് തുടക്കം കുറിക്കും. കുടിവെള്ള പ്രശ്നം കുറവാണെങ്കിലും നിര്‍ദിഷ്ട ബാവിക്കര പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ ഇതിന് ശാശ്വത പരിഹാരമുണ്ടാക്കും. പട്ടിക വര്‍ഗ കോളനികളിലെ അടിസ്ഥന സൗകര്യത്തെ കുറിച്ച് പഠനം നടത്തി നിലവാരം മെച്ചപ്പെടുത്താനാവശ്യമായ പദ്ധതിയ്ക്ക് രൂപം നല്‍കും. സ്ഥല സൗകര്യമുള്ള എല്ലാ അങ്കനവാടികള്‍ക്കും സ്വന്തമായ കെട്ടിടം പണിയും. സ്കൂളുകളില്‍ ടോയിലറ്റ് സൗകര്യം കാര്യക്ഷമമാക്കും. മദ്യത്തിന്റെ ഉപഭോഗം കുറക്കാന്‍ യുവാക്കള്‍ക്കിടയില്‍ ബോധവല്‍ക്കരണ പരിപാടികള്‍ മാസം തോറും വിവിധ സ്ഥലങ്ങളില്‍ നടത്തും. ബഡ്സ് സ്കൂളിലെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തും. നിര്‍മ്മാണം പൂര്‍ത്തിയാകുന്ന അഡല്‍ജി ഹാള്‍ ഉടന്‍ നാടിന് സമര്‍പ്പിക്കുമെന്നും പഞ്ചായത്തില്‍ മുഴുവനായി ബയോഗ്യാസ് പദ്ധതി നടപ്പിലാക്കുമെന്നും മാലതി പറഞ്ഞു. മുഴുവന്‍ ജന പ്രതിനിധികളുടെയും പിന്തുണ ഉറപ്പാക്കി പക്ഷപാത രഹിതമായ ഭരണം നടത്തുകയാണ് ഈ ഭരണസമിതിയുടെ ലക്ഷ്യമെന്ന് അവര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: