ശബരിമല: സ്വാമീദര്ശനത്തിനായി ഭക്തജനപ്രവാഹം തുടരുന്നതോടെ നിലയ്ക്കലില്‍ വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. വെള്ളിയാഴ്ച പുലര്‍ച്ചെമുതല്‍ ആരംഭിച്ച ദര്‍ശനത്തിനായുള്ള ഭക്തരുടെ നീണ്ടനിര ക്യൂകോംപ്ലക്സുകളും പിന്നിട്ട് മരക്കൂട്ടം വരെ നീണ്ടു. ശനിയാഴ്ച മുതല്‍ നിരവധിതവണ പമ്പയില്‍ ഭക്തരെ നിയന്ത്രിച്ചു.
നിലയ്ക്കലില്‍ വാഹനങ്ങള്‍ നിയന്ത്രിച്ചതോടെ പമ്പയിലെ ഭക്തജനത്തിരക്ക് വളരെ കുറഞ്ഞിട്ടുണ്ട്. ഇന്നലെ വൈകിട്ടോടെ തിരക്ക് നിയന്ത്രണ വിധേയമായെങ്കിലും നിലയ്ക്കലില്‍നിന്ന് വാഹനങ്ങള്‍ പമ്പയിലേക്ക് കടത്തിവിടാത്തത് ഭക്തജനങ്ങള്‍ക്കിടയില്‍ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
മലയാളികള്‍ക്കൊപ്പം അന്ധ്രപ്രദേശ്, തമിഴ്നാട്, തെലുങ്കാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ ഇന്നലെ സന്നിധാനത്തും പരിസര പ്രദേശങ്ങളിലും തിങ്ങിനിറഞ്ഞു. ദര്‍ശനത്തിനുള്ള തിരക്ക് വര്‍ദ്ധിച്ചതോടെ ഭക്തരില്‍ ചിലര്‍ നടപ്പന്തലിലെ സംരക്ഷണ വേലിക്കുള്ളില്‍ നിന്നും പുറത്തുകടന്ന് പതിനെട്ടാംപടി ചവിട്ടാതെ വടക്കേ നടയിലൂടെ ദര്‍ശനം നടത്തി തിരിച്ചുപോയി.
അപ്പം, അരവണ കൗണ്ടറുകളിലും ഇന്നലെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ഭക്തജനത്തിരക്ക് കണക്കിലെടുത്ത് സന്നിധാനത്തും പമ്പയിലും കൂടുതല്‍ പോലീസുകാര്‍ സേവനത്തിനെത്തി. ആര്‍എഎഫ്, എന്‍ഡിആര്‍എഫ്, കമാന്‍ഡോ എന്നിവരും സേവനത്തിനുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: