കാസര്‍കോട്: വിവിധ ഭാഷാ, ജാതി-മത കൂട്ടായ്മകളുടെ വാസസ്ഥാനമാണ് ഭാരതം. ശാസ്ത്ര സാങ്കേതിക വിദ്യകളുടെ എല്ലാ മേഖലകളിലും ആധികാരിക ഗ്രന്ഥങ്ങളും രചിച്ച പൂര്‍വ്വ മനീഷികളുടെ ധര്‍മ്മഭൂമിയാണ് ഭാരതമെന്നും, ഈ സംസ്കാരം ഉള്‍ക്കൊണ്ടുകൊണ്ട് സംസ്കൃത പഠനത്തിന് മറ്റ് രാഷ്ട്രങ്ങള്‍ക്ക് പ്രത്യേക പഠന വിഭാഗങ്ങള്‍ തന്നെയുണ്ടെങ്കിലും നമ്മുടെ രാജ്യം ഇത് ഉള്ക്കൊള്ളുന്നതില്ല എന്നതാണ് സത്യമെന്നും പരിയാരം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ.കെ.സുധാകരന്.എം.ഡി പറഞ്ഞു. തൃക്കരിപ്പൂര്‍ ഗവ.വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന തപസ്യ കലാസാഹിത്യവേദി കാസര്‍കോട് ജില്ലാ പഠനശിബിരവും, കുട്ടമത്ത് എ.ശ്രീധരന് മാസ്റ്റര്‍ അനുസ്മരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാരതത്തിനു പുറത്ത് രാമായണത്തിന്റെ സ്ഥാനം വളരെ പ്രാധാന്യമുള്ളതാണ്. നമ്മുടെ സാംസ്കാരിക പൈതൃകം പുറത്തെടുക്കാനും പഠിക്കാനും നമുക്ക് സാധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചടങ്ങില്‍ തപസ്യ സംസ്ഥാന സമിതിയംഗം ഡോ.ബാലകൃഷ്ണന് കൊളവയല്‍ അധ്യക്ഷത വഹിച്ചു. ഡോ.ആര്.സി.കരിപ്പത്ത് അനുസ്മരണ പ്രഭാഷണം നടത്തി. തപസ്യ സംസ്ഥാന സംഘടനാ കാര്യദര്‍ശി പി.ഉണ്ണികൃഷ്ണന് മുഖ്യഭാഷണം നടത്തി. തപസ്യ സംസ്ഥാന സമിതിയംഗം സുകുമാരന്‍ പെരിയച്ചൂര്‍ യൂണിറ്റ് പ്രഖ്യാപനം നടത്തി. തപസ്യ ജില്ലാ ട്രഷറര്‍ കെ.സി.മേലത്ത്, കെ.വി.സദാനന്ദന് മാസ്റ്റര്‍, കെ.രവീന്ദ്രന് എന്നിവര്‍ സംസാരിച്ചു. സി.സുനില്‍കുമാര്‍, സി.പി.ചന്ദ്രന് എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസെടുത്തു. പ്രൊഫ.സി.പി.രാജീവന് സ്വാഗതവും, കുഞ്ഞപ്പന് തൃക്കരിപ്പൂര്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: