കഴക്കൂട്ടം: ഗുണ്ടാ ആക്രമണം, മോഷണം, ബോംബേറ് എന്നിങ്ങനെ തുടര്‍ച്ചയായ സാമൂഹ്യവിരുദ്ധപ്രവര്ത്തനങ്ങളാല് കഴക്കൂട്ടം അസ്വസ്ഥമാകുന്നു. നാട്ടുകാരുടെ സൈ്വര ജീവിതത്തിന് ഭീഷണിയായി ഗുണ്ടാസംഘങ്ങള്‍ ഐടി നഗരം കീഴടക്കുമ്പോള്‍ പോലീസ് സംവിധാനം നിഷ്ക്രിയമാകുന്നു. കൊലപാതകശ്രമങ്ങളും ബോംബേറും പിടിച്ചുപറിയുമടക്കം ഈവര്‍ഷം 1453 കേസുകളാണ് കഴക്കൂട്ടം സ്റ്റേഷന് പരിധിയില്‍ റിപ്പോര്‍ട്ട് ചെയ്തത്. റൂറല്‍ പരിധിയില്‍നിന്നു സിറ്റിയോട് ചേര്‍ത്തതിനുശേഷമാണ് അക്രമങ്ങള്‍ വര്‍ദ്ധിച്ചത്.
അരലക്ഷം ടെക്കികള്‍, പതിനായിരത്തോളംവരുന്ന അന്യസംസ്ഥാന തൊഴിലാളികള്‍, ഇവര്‍ക്കുപുറമെ സ്ഥലവാസികളുംകൂടി ചേരുമ്പോള്‍ കഴക്കൂട്ടം ജനനിബിഡമാണ്. ഇത്തരത്തില്‍ ജനസാന്ദ്രതയേറിയ പ്രദേശത്താണ് മോഷ്ടാക്കളും ഗുണ്ടകളും അരങ്ങുവാഴുന്നത്. കഴിഞ്ഞമാസംതന്നെ നിരവധി അക്രമണസംഭവങ്ങളാണ് ഇവിടെ അരങ്ങേറിയത്. ഇരുപതോളം പോലീസുകാര്‍ തങ്ങുന്ന ഗെയിംസ് വില്ലേജിന് തൊട്ടടുത്താണ് പ്രഭാത സവാരിക്ക് ഇറങ്ങിയ വീട്ടമ്മയെ കത്തികാട്ടി മാല കവര്‍ന്നത്. തൊട്ടടുത്തദിവസം ഇതേ സ്ഥലത്ത് വെല്‍ഡിംഗ് തൊഴിലാളിയായ യുവാവിനെ ഗുണ്ടാസംഘം ആക്രമിച്ച് കുറ്റിക്കാട്ടില്‍ എറിഞ്ഞു. അവശനിലയിലായ യുവാവിനെ ആശുപത്രിയില്‍ എത്തിച്ചതിന്റെപേരില് സ്ഥലവാസികളുടെ വീടുകള്‍ക്ക് നേരെ ഗുണ്ടകള്‍ അക്രമം അഴിച്ചുവിട്ടു.
കുളത്തൂര്‍ ചന്തയില്‍ ബോംബ് ശേഖരം കണ്ടെത്തിയ സംഭവത്തിലും പ്രതികളെ കുറിച്ച് പോലീസിന് സൂചന ഇല്ല. നൂറുകണക്കിന് ജനങ്ങള്‍ എത്തുന്ന മത്സ്യച്ചന്തയില്‍ ബോംബ് ശേഖരം കണ്ടെത്തിയതിന്റെ നടുക്കം ഇനിയും വിട്ടുമാറിയിട്ടില്ല. കഴക്കൂട്ടം സിഐയുടെ പരിധിയില്‍ പത്തോളം അക്രമസംഭവങ്ങളാണ് കഴിഞ്ഞമാസം നടന്നത്. ഇതില്‍ അരശുംമൂട്ടില്‍ യൂണിയന് തൊഴിലാളികളെ വെട്ടിപരിക്കേല്‍പ്പിച്ച കേസില്‍ മാത്രമാണ് പ്രതികളെ കിട്ടിയത്. അതും രാഷ്ട്രീയനേതാവ് ഇടനിലനിന്ന് പ്രതികളെ ഹാജരാക്കുകയായിരുന്നു. രണ്ടുദിവസം മുമ്പാണ് കഴക്കൂട്ടം മാര്‍ക്കറ്റ് ജംഗ്ഷനിലെ വസ്ത്രശാല കുത്തിതുറന്ന് അന്‍പതിനായിരം രൂപയുടെ തുണിത്തരങ്ങള്‍ മോഷ്ടിച്ചത്. വൃദ്ധയെ അജ്ഞാതയുവാവ് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവവും ഉണ്ടായി. രാസലായനി ഉപയോഗിച്ചായിരുന്നു കൊലപാതക ശ്രമം.
അക്രമസംഭവങ്ങളില്‍ പ്രതികളെ പിടികൂടാത്തതാണ് പലപ്പോഴും ഇവര്‍ക്ക് പ്രോത്സാഹനമാകുന്നത്. സെന്റ്ആന്ഡ്രൂസിലെ ബാങ്ക് കവര്‍ച്ചയും ആള്‍താമസമില്ലാത്ത വീട് കുത്തിതുറന്നുള്ള കവര്‍ച്ചയും നടന്നിട്ട് നാളേറെ ആയെങ്കിലും ഒരു തുമ്പും കിട്ടിയിട്ടില്ല. റൂറല്‍ പരിധി ആയിരുന്നപ്പോള്‍ രാത്രികാലങ്ങളിലായിരുന്നു ആക്രമണമെങ്കില്‍ സിറ്റിയുടെ ഭാഗമായപ്പോള്‍ ഗുണ്ടകള്‍ പട്ടാപ്പകല്‍ അരങ്ങുവാഴുകയാണ്. മണല്‍ക്വാറി മാഫിയകളും ലഹരിമരുന്ന് മാഫിയകളും ഇവിടെ സജീവമാണ്. ചില രാഷ്ട്രീയനേതാക്കളാണ് മാഫിയകളുടെ മേല്‍നോട്ടക്കാര്‍. ഗുണ്ടാസംഘങ്ങളുടെ വളര്‍ച്ചയെ സഹായിക്കുന്നതില്‍ പ്രധാന ഘടകം കഞ്ചാവ് വില്‍പ്പനയാണ്. വിദ്യാര്‍ത്ഥികളെ ലക്ഷ്യംവച്ച് പ്രവര്‍ത്തിക്കുന്ന വലിയൊരു ലഹരിമാഫിയസംഘം തന്നെ ഇവിടെയുണ്ട്.
അക്രമികള്‍ക്ക് ഒത്താശ ചെയ്യുകയും പണം വാങ്ങി കേസുകള്‍ ഒത്തുതീര്‍പ്പാക്കുകയും ചെയ്യുന്ന ഒരുസംഘം പോലീസുകാര്‍ സ്റ്റേഷനില്‍ ഉണ്ടെന്നാണ് നാട്ടുകാരുടെ ആക്ഷേപം. പാസ്പോര്‍ട്ട് വെരിഫിക്കേഷന് മുതല്‍ സര്ട്ടിഫിക്കറ്റുവരെയുള്ള കാര്യങ്ങള്‍ക്ക് ആയിരങ്ങള്‍ കോഴ കൊടുക്കണമത്രേ. അടുത്തിടെയാണ് കൈക്കൂലി വാങ്ങിയതിന് എഎസ്ഐ ഇവിടെ സസ്പെന്‍ഷനിലായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: