പന്തളം : പന്തളം നഗരസഭയിലെ കുരമ്പാല പടിഞ്ഞാറ് ഡിവിഷനിലെ തേവരുകുളം ശുചീകരിക്കാനുള്ള നാട്ടുകാരുടെ ശ്രമം നഗരസഭാ കൗണ്‍സിലര്‍ പോലീസിനെ ഉപയോഗിച്ച് തടഞ്ഞെന്ന് പരാതി. ഞായറാഴ്ച വൈകുന്നേരം അഞ്ചോടെയാണ് സംഭവമെന്ന് പറയുന്നു. ഏറെക്കാലമായി കാടുപിടിച്ചു ഉപയോഗശൂന്യമായി കിടന്ന കുളം വൃത്തിയാക്കണമെന്ന് പലതവണ ആവശ്യമുയര്‍ന്നിരുന്നെങ്കിലും ഫലമുണ്ടായിരുന്നില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു.
കുളം ശുചിയാക്കുന്നതിന്റെ പേരില്‍ മുമ്പ് പഞ്ചായത്തില്‍ നിന്നും 35,000 രൂപ അനുവദിച്ചിരുന്നെങ്കിലും പ്രവര്‍ത്തനങ്ങളൊന്നും നടന്നില്ലെന്നും നാട്ടുകാര്‍ പറഞ്ഞു. അധികൃതരുടെ അവഗണനയില്‍ പ്രതിഷേധിച്ചാണ് ഇന്നലെ നാട്ടുകാര്‍ രംഗത്തെത്തിയത്. ജോലികള്‍ പുരോഗമിക്കുന്നതിനിടയില്‍ പോലീസ് സ്ഥലത്തെത്തുകയും നഗരസഭയുടെ അനുമതിയില്ലാത്തതിനാല്‍ കേസെടുക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതി. ഈ സമയം സ്ഥലത്തെത്തിയ കൗണ്‍സിലര്‍ എന്‍.കെ.സരസ്വതിയമ്മയും നാട്ടുകാരും തമ്മില്‍ വാക്കുതര്‍ക്കവുമുണ്ടായി. കുരമ്പാല പുത്തന്‍കാവില്‍ ക്ഷേത്രത്തിലെ അടവി ഉത്സവത്തിനെത്തുന്നവര്‍ കുളിക്കുന്നതിനും മറ്റുമായി ഉപയോഗിക്കുന്നതാണീ കുളം. ഇത്തവണ അടവിയ്ക്ക് മുമ്പായി കുളം ശുചീകരിക്കണമെന്ന ആവശ്യം ഏറെക്കാലമായി ഉണ്ടെങ്കിലും അധിക്യതരുടെ ഭാഗത്തുനിന്നും യാതൊരു നീക്കവുമുണ്ടായില്ല. ഇതേതുടര്‍ന്നാണ് നാട്ടുകാര്‍ ശ്രമദാനമായി കുളം വൃത്തിയാക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതിനിടെയാണ് വാര്‍ഡ് കൗണ്‍സിലര്‍ സ്ഥത്തെത്തുകയും ശ്രമദാനം തടസ്സപ്പെടുത്തുകയും ചെയ്തത്. ശ്രമദാനത്തിലേര്പ്പെട്ടവരുടെ പേരില്‍ കേസെടുക്കണമെന്ന ആവശ്യവും കൗണ്‍സിലര്‍ ഉന്നയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: