പത്തനംതിട്ട: കോന്നിയിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ജോലി നല്‍കാമെന്ന് വാദ്ഗാനം ചെയ്ത് വോട്ട് പിടിച്ചവര്‍ കെണിയിലായി.
ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ഉദ്യോഗാര്‍ത്ഥികളും രക്ഷിതാക്കളും ജോലിതേടി മന്ത്രി അടൂര്‍പ്രകാശിന്റെ കോന്നിയിലെ ഓഫീസിലാണ് എത്തുന്നത്. ഇതിന് പുറമേ മെഡിക്കല്‍ കോളേജിന്റെ പണികള്‍ നടക്കുന്ന പെരിഞ്ഞൊട്ടയ്ക്കലിലും ആളുകള്‍ കൂട്ടമായി എത്തുന്നുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വീടുകള്‍ കയറിഇറങ്ങി ജോലി വാഗ്ദാനം ചെയ്തത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്ന ആക്ഷേപമാണ് നാട്ടില്‍ ശക്തമായിരിക്കുന്നത്. തദ്ദേശ ഭരണ തെരഞ്ഞെടുപ്പില്‍ യുഡിഎഫ്ന് വോട്ട്ചെയ്യുന്നവര്‍ക്ക് മന്ത്രിയുടെ പ്രത്യേക താല്പര്യപ്രകാരം മെഡിക്കല്‍ കോളേജില്‍ ജോലി തരപ്പെടുത്താമെന്ന് രഹസ്യമായി ആളുകളെ ധരിപ്പിക്കുകയായിരുന്നെന്ന് അറിയുന്നു. പ്രധാനമായും നഴ്സിംഗ് പാസ്സായ യുവതികളുടെ മാതാപിതാക്കളെയാണ് ഇത്തരത്തില്‍ വശത്താക്കിയത്. തൂപ്പുജോലി മുതല്‍ നഴ്സിംഗ് വരെ വിവിധ തസ്തികകളിലേക്ക് ജോലി നല്‍കാമെന്ന് പലര്‍ക്കും ഉറപ്പ് നല്കിയിട്ടുണ്ടത്രേ. കോണ്‍ഗ്രസിന്റെ വാര്‍ഡുതല പ്രവര്‍ത്തകരാണ് ഇത്തരം പ്രചരണത്തിന് ചുക്കാന്‍പിടിച്ചതെന്നും അറിയുന്നു.
പലരോടും രഹസ്യമായി നടത്തിയ വാഗ്ദാനം തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ പരസ്യമായ സംസാരമായി. ഇതോടെ വോട്ട് ലഭിക്കാന്‍ സാധ്യതയുള്ള എല്ലാവീടുകളിലും ജോലി വാദ്ഗാനം നടത്തിയതായി ജനങ്ങള്‍ക്കും ബോധ്യപ്പെട്ടു. നഴ്സിംഗ് ജോലിക്കാര്യം പറഞ്ഞ് പ്രലോഭിപ്പിച്ചാണ് പല വാര്‍ഡുകളിലും തെരഞ്ഞെടുപ്പ് പ്രചരണത്തിന് ആളുകളെ കൂട്ടിയതും. തുടക്കത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമിച്ച് പിന്നീട് സ്ഥിരപ്പെടുത്തുമെന്നായിരുന്നു പ്രലോഭനം. തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ജോലി ആദ്യം തരപ്പെടുത്താന്‍ ആളുകള്‍ തിരക്കിട്ടെത്തിയതോടെയാണ് പരിപാടി പാളിയത്. വിദ്യാര്‍ത്ഥികള്‍ മുതല്‍ വിമുക്ത ഭടന്മാര്വരെയുള്ളവരാണ് ദിവസവും മന്ത്രിയുടെ ഓഫീസില്‍ ജോലി തേടിയെത്തുന്നത്. പല സ്ഥലങ്ങളിലും ജോലിക്ക് അപേക്ഷിക്കാനുള്ള ഫോമിന്റെ വിലയായി ചിലര്‍ പണം വാങ്ങിയതായും പരാതിയുണ്ട്.
എന്നാല്‍ തെറ്റിദ്ധാരണപരത്താന്‍ ചിലര്‍ വ്യാജ പ്രചരണം നടത്തുകയാണെന്നാണ് മന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള വിശദീകരണം.
കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് സിവില്‍ സപ്ലൈസ് വകുപ്പിന്റെ പൂങ്കാവിലെ ഗോതമ്പ് സംസ്ക്കരണ കേന്ദ്രത്തില്‍ ജോലി നല്‍കാമെന്ന പ്രചരണവും സജീവമായിരുന്നു. എന്നാല്‍ അവിടെ തൊഴിലാളികളടക്കമുള്ളവരെ കരാര്‍ അടിസ്ഥാനത്തില്‍ അന്യസംസ്ഥാനത്തുള്ള കമ്പനികളില്‍ നിന്നുമാണ് ലഭ്യമാക്കുന്നത്. സര്‍ക്കാര്‍ മേഖലയിലുള്ള മെഡിക്കല്‍ കോളേജിലേക്ക് പി.എസ്.ഇ വഴിയോ എംപ്ലോയീമെന്റ് എക്സചേഞ്ച് വഴിയോ ആണ് നിയമനം നടക്കുക. ഇത് മറച്ചുവെച്ചുകൊണ്ടാണ് തദ്ദേശ ഭരണ തെരഞ്ഞെടുപ്പില്‍ ജോലി വാദ്ഗാനം ചെയ്ത് വോട്ട് നേടാന്‍ ശ്രമിച്ചത്. ആളുകള്ജോലി തേടി എത്തിത്തുടങ്ങിയതോടെ ഇതില്‍ നിന്നും തലയൂരാനുള്ള ശ്രമത്തിലാണ് മന്ത്രിയുടെ ഓഫീസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: