പത്തനംതിട്ട: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ സിപിഎമ്മിനുള്ളില്‍ ഉണ്ടായ അന്ത:ഛിദ്രം ഗ്രാമപഞ്ചായത്തുകളിലെ അദ്ധ്യക്ഷ ഉപാദ്ധ്യക്ഷന്മാരെ നിശ്ചയിച്ചതോടെ മൂര്‍ഛിച്ചു. മേല്‍ഘടകങ്ങളുടെ തീരുമാനങ്ങളെ വെല്ലുവിളിച്ചും ലോക്കല്‍ കമ്മിറ്റികള്‍ തീരുമാനം എടുത്തതോടെ സിപിഎമ്മിനുള്ളില്‍ പൊട്ടിത്തെറികള്ക്കിടയാക്കിയിട്ടുണ്ട്. അന്ധമായ ബിജെപി വിരോധത്തിന്റേയും രാഷ്ട്രീയ അയിത്താചരണത്തിന്റേയും ആവേശത്തിനിടയില്‍ കോണ്‍ഗ്രസിനേയും യുഡിഎഫിനേയും കൈമെയ് മറന്ന് സഹായിച്ചതും അണികള്‍ക്കിടയില്‍ അമര്‍ഷം ഉളവാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പിന് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയപ്പോള്‍ സിപിഎം നേതാക്കള്‍പോലും പാര്‍ട്ടിചിഹ്നം ഉപേക്ഷിച്ച് മെഴുകുതിരിയും നക്ഷത്രവും ഓട്ടോറിക്ഷയും മറ്റും കൈയിലേന്തിയതും തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ പാര്‍ട്ടി അണികള്‍ ചര്‍ച്ചാവിഷയം ആക്കിയിട്ടുണ്ട്. പാര്‍ട്ടി നേതൃത്വത്തിനെതിരേ പലയിടത്തും രൂക്ഷമായ വിമര്‍ശനമാണ് ഉയര്‍ന്നിട്ടുള്ളത്. വിമതനായി മത്സരിച്ചവരേപ്പോലും ബിജെപി വിരോധത്തിന്റെ പേരില്‍ തോളില്‍ താങ്ങിയതും വരുംദിവസങ്ങളില്‍ ചൂടേറിയ ചര്‍ച്ചയ്ക്കിടയാക്കും.
സിപിഎമ്മിനുള്ളിലെ കലാപം ആളിക്കത്തുന്നതോടെ വരുംദിവസങ്ങളില്‍ ലോക്കല്‍ കമ്മിറ്റികള്‍ പിരിച്ചുവിടുമെന്നാണ് സൂചന. കുളനടയിലെ തന്ത്രങ്ങള്‍ മെനഞ്ഞ കുളനട, ഉളനാട് ലോക്കല്‍ കമ്മിറ്റികളാണ് പിരിച്ചുവിടല്‍ ഭീഷണിയിലുള്ളതെന്നാണ് സൂചന.
കുളനട ഗ്രാമപഞ്ചായത്തില്‍ ഏറ്റവും കൂടുതല്‍ അംഗങ്ങളെ വിജയിപ്പിച്ച ബിജെപിയെ ഭരണരംഗത്തുനിന്നും ഒഴിവാക്കുവാന്‍ യുഡിഎഫുമായി സിപിഎം കൈകോര്‍ക്കുകയായിരുന്നു. പ്രസിഡന്റ് സ്ഥാനത്തേക്ക് എല്‍ഡിഎഫ് പിന്തുണച്ച സ്ഥാനാര്‍ത്ഥിയെ യുഡിഎഫിന്റെ സഹായത്തോടെ വിജയിപ്പിച്ചതിന്റെ പ്രത്യുപകാരമായി വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് സിപിഎമ്മിന്റെ പ്രഖ്യാപിത നയങ്ങള്‍ക്കെതിരേ യുഡിഎഫിന് വോട്ട് നല്കിയതും അണികള്‍ക്കുള്ളില്‍ രൂക്ഷമായ വിമര്‍ശനം അഴിച്ചുവിട്ടിട്ടുണ്ട്. ഇതിനെതിരേ നടപടിയെടുക്കുമെന്നാണ് സിപിഎം ജില്ലാ നേതൃത്വത്തിന്റെ നിലപാട്.
കുളനടയില്‍ സ്വതന്ത്രാംഗമായ സൂസന് തോമസിനെ എല്‍ഡിഎഫും യുഡിഎഫും ചേര്‍ന്നാണ് പ്രസിഡന്റ് സ്ഥാനത്തേക്കു നിര്‍ദേശിച്ചത്. അംഗബലത്തില്‍ മുന്നിലായിരുന്ന ബിജെപി സ്ഥാനാര്‍ഥി അശോകന് കുളനടയെ പരാജയപ്പെടുത്താന്‍ ഇരുമുന്നണികളും സ്വതന്ത്രയും ചേര്‍ന്നതോടെ കഴിഞ്ഞു. നാലംഗങ്ങളുള്ള എല്‍ഡിഎഫ് ഒറ്റയ്ക്കു മത്സരിക്കാന്‍ തീരുമാനിച്ചാണ് കമ്മിറ്റിയിലെത്തിയത്. പോള്‍ രാജിന്റ പേര് പ്രസിഡന്റു സ്ഥാനത്തേക്കു നിര്‍ദേശിക്കാനായിരുന്നു തീരുമാനം. എന്നാല്‍ യുഡിഎഫിനു കൂടി സ്വീകാര്യമായ രീതിയില്‍ സ്വതന്ത്രയുടെ പേര് ലോക്കല്‍ കമ്മിറ്റിയംഗം എല്‍സി ജോസഫാണ് നിര്‍ദേശിച്ചത്. വൈസ് പ്രസിഡന്റു സ്ഥാനത്തേക്ക് വിശ്വകലയെയാണ് സിപിഎം നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ പഞ്ചായത്ത് കമ്മിറ്റിയില്‍ മുന്‍ പ്രസിഡന്റ് എല്‍സി ജോസഫിന്റെ പേരു നിര്‍ദേശിക്കപ്പെട്ടു. യുഡിഎഫുമായി ഒത്തുചേര്‍ന്നെടുത്ത തീരുമാനമായിരുന്നു ഇത്. കുളനട പഞ്ചായത്തില്‍ നിന്നുള്ള സി.പി.എം ഏരിയാകമ്മറ്റിയംഗങ്ങളായ പി.കെ.വാസുപിള്ള , എം.ജീവരാജ് , എം.ടി.കുട്ടപ്പന് എന്നിവരുടെ സാന്നിധ്യത്തിലാണ് ഈ അവിശുദ്ധ കൂട്ടുകെട്ടിന് തീരുമാനമായതത്രേ. എംഎല്‍എയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയ രഹസ്യനീക്കമാണ് സിപിഎം നേതാക്കളുമായി ധാരണയിലെത്തിയത്. പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിച്ചവരെ പിന്താങ്ങാനാവില്ലെന്ന കോണ്‍ഗ്രസ് നേതാക്കളുടെ നിലപാടും സിപിഎം നേതാക്കള്‍ അംഗീകരിക്കുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് ബിജെപിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായ അശോകന് കുളനടയെ പരാജയപ്പെടുത്താന്‍ സ്വതന്ത്രയെ സിപിഎമ്മിന് പിന്തുണയ്ക്കേണ്ടിവന്നത്. ഇത് പാര്‍ട്ടിയംഗങ്ങളെ അലോരസപ്പെടുത്തുന്നുണ്ട്.
പന്തളം തെക്കേക്കര, ഏനാദിമംഗലം എന്നിവിടങ്ങളില്‍ സ്വതന്ത്രര്‍ക്ക് നല്കിയ പിന്തുണയും സിപിഎമ്മിനുള്ളില്‍ കലഹത്തിനിടയാക്കിയിട്ടുണ്ട്. കൊറ്റനാട്ട് പ്രസിഡന്റായ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് യുഡിഎഫിന് വോട്ട് ചെയ്തതും പാര്‍ട്ടി അണികള്‍ക്കുള്ളില്‍ അതൃപ്തിയുളവാക്കിയിട്ടുണ്ട്. ഏനാദിമംഗലത്ത് പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിച്ച് വിജയിച്ചവരുണ്ടായിട്ടും സിപിഐയുടെ സ്വതന്ത്രയ്ക്ക് പ്രസിഡന്റ് സ്ഥാനം അടിയറവെച്ചതിലും കലാപം ഉയരുന്നുണ്ട്. കല്ലൂപ്പാറയില്‍ ബിജെപിപിന്തുണച്ച സ്വതന്ത്രനെ സിപിഎം പിന്തുണച്ചതും ചര്‍ച്ചയ്ക്കിടയാക്കും. ചുരുക്കത്തില്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ സിപിഎമ്മിനുള്ളിലെ പോരുകള്‍ മൂര്‍ച്ഛിക്കുകയും ലോക്കല്‍ കമ്മിറ്റികളുടേതടക്കം തലകള്‍ ഉരുളുകയും ചെയ്യുമെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: