പത്തനംതിട്ട : നഗരസഭകളിലെ അദ്ധ്യക്ഷ ഉപാദ്ധ്യക്ഷ സ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. രാവിലെ അദ്ധ്യക്ഷ സ്ഥാനത്തേക്കും ഉച്ചകഴിഞ്ഞ് ഉപാദ്ധ്യക്ഷ സ്ഥാനത്തേക്കുമാണ് തെരഞ്ഞെടുപ്പ് നടക്കുക.ജില്ലയിലെ നാല് നഗരസഭകളിലും അദ്ധ്യക്ഷ സ്ഥാനത്തെച്ചൊല്ലിയുള്ള തര്‍ക്കങ്ങളും ചര്‍ച്ചകളും ഇന്നലെ രാത്രിയും തുടര്‍ന്നു.
വനിതകള്‍ക്കായി സംവരണം ചെയ്തിട്ടുള്ള പത്തനംതിട്ട നഗരസഭയില്‍ കോണ്‍ഗ്രസിലെ രജനി പ്രദീപ് അദ്ധ്യക്ഷയും കേരളാ കോണ്‍ഗ്രസ് (എം) ലെ പി.കെ.ജേക്കബ് ഉപാദ്ധ്യക്ഷനും ആകും. വൈസ് ചെയര്മാന് സ്ഥാനം രണ്ടരവര്‍ഷം കേരളാ കോണ്‍ഗ്രസും മുസ്ലിം ലീഗും പങ്കിട്ടെടുക്കും. ഉപാദ്ധ്യക്ഷ സ്ഥാനത്തെച്ചൊല്ലി കേരളാ കോണ്‍ഗ്രസും മുസ്ലിം ലീഗും തമ്മില്‍ രൂക്ഷമായ തര്‍ക്കമാണ് ഉണ്ടായത്. ഒരു ഘട്ടത്തില്‍ സംഘര്‍ഷത്തിന്റെ വക്കോളമെത്തിയ ചര്‍ച്ചയിലാണ് സ്ഥാനം പങ്കിട്ടെടുക്കാനുള്ള തീരുമാനം കൈക്കൊള്ളാനായത്. രണ്ടരവര്‍ഷത്തിന് ശേഷം മുസ്ലിംലീഗിലെ എ.സഗീര്‍ ഉപാദ്ധ്യക്ഷനാകാനാണ് ഇപ്പോഴത്തെ ധാരണ. അദ്ധ്യക്ഷ സ്ഥാനവും കാലാവധി വീതം വെയ്ക്കണമെന്ന നിര്‍ദ്ദേശവും ഉണ്ടായെങ്കിലും ഇതുസംബന്ധിച്ച് കെപിസിസി അന്തിമ തീരുമാനം കൈക്കൊണ്ടിട്ടില്ല. മുന്‍ നഗരസഭാ അദ്ധ്യക്ഷന്‍ എ.സുരേഷ് കുമാറിന്റെ ഭാര്യ ഗീതാ സുരേഷ് , റോസ്ലിന് സന്തോഷ് എന്നിവരാണ് ഈ ആവശ്യവുമായി രംഗത്ത് എത്തിയത്.
പന്തളം നഗരസഭയില്‍ അദ്ധ്യക്ഷ സ്ഥാനത്തേക്ക് ബിജെപിയും ഇടതുവലതു മുന്നണികളും മത്സരിക്കും. എല്‍ ഡി എഫ്15,യു ഡി എഫ്11,ബി ജെ പി7 എന്നിങ്ങനെ ആണ് കക്ഷിനില. പട്ടികജാതി വനിതയ്ക്കായി സംവരണം ചെയ്തിട്ടുള്ള അദ്ധ്യക്ഷ പദവിയിലേക്ക് എല്‍ഡിഫിലെ ടി.ടി.സതിയും യുഡിഎഫിലെ മഞ്ചു വിശ്വനാഥും ബിജെപിയിലെ സുധാശശിയും മത്സരിക്കും. ഉപാദ്ധ്യക്ഷ പദവിയിലേക്കും മത്സരം ഉണ്ടാകാനാണ് സാധ്യത. ബിജെപിയുടെ ഉദയചന്ദ്രനും എല്‍ഡിഎഫിലെ ഡി.രവീന്ദ്രനും , യുഡിഎഫിലെ എന്‍.ജി.സുരേന്ദ്രന് എന്നിവരാണ് മത്സരിക്കുന്നത്.
അദ്ധ്യക്ഷ സ്ഥാനത്തെച്ചൊല്ലി തര്‍ക്കവും കൈയേറ്റവും സംഘര്‍ഷവുമുണ്ടായ തിരുവല്ല നഗരസഭയില്‍ കോണ്‍ഗ്രസിലെ ആര്.ജയകുമാര്‍ അദ്ധ്യക്ഷ പദവിയിലെത്തുമെന്നാണ് സൂചന. രാത്രി വൈകി നടന്ന ചര്‍ച്ചയിലും അവസാന തീരുമാനം ആയിരുന്നില്ല. കോണ്ഗ്രസിലേതന്നെ കെ.വി.വര്‍ഗ്ഗീസ് അവകാശവാദവുമായി രംഗത്തെത്തിയതാണ് തര്‍ക്കത്തിന്റെ അടിസ്ഥാനം. ഡിസിസി പ്രസിഡന്റ് പി.മോഹന്‍രാജിന്റെ സാന്നിദ്ധ്യത്തില്‍ കഴിഞ്ഞദിവസം കൂടിയ പാര്‍ലമെന്ററി പാര്‍ട്ടിയോഗത്തിലാണ് ഗ്രൂപ്പ്തിരിഞ്ഞ് സംഘര്‍ഷമുണ്ടായത്. ഇന്നലെ രാജ്യസഭാ ഉപാദ്ധ്യക്ഷന്‍ പ്രൊഫ.പി.ജെ.കുര്യന്റെ ഇടപെടലിനെത്തുടര്‍ന്നാണ് ജയകുമാറിനെ അദ്ധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കാന്‍ സാധ്യതയേറിയതെന്നും അറിയുന്നു. കേരളാ കോണ്‍ഗ്രസിലെ ഏലിയാമ്മ തോമസ് ഇവിടെ ഉപാദ്ധ്യക്ഷയാണ്.
അടൂര്‍ നഗരസഭയില്‍ യുഡിഎഫ് വിമതന്റെ പിന്തുണയോടെ എല്‍ഡിഎഫ് സ്വതന്ത്രയായി വിജയിച്ച ഷൈനി ജോസ് അദ്ധ്യക്ഷയാകും. ഇതിന് പകരമായി എല്‍ഡിഎഫിന് പിന്തുണ നല്കുന്ന യുഡിഎഫ് വിമതന് ജി.പ്രസാദിന് ഉപാദ്ധ്യക്ഷ സ്ഥാനം നല്‍കാനാണ് തീരുമാനം. ഇന്നലെ വൈകിയുംയുഡിഎഫ് ചെയര്‍പേഴ്സണ്‍ സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചിട്ടില്ല. മുന്‍ ചെയര്മാന് ഉമ്മന്തോമസിനെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി തെരഞ്ഞെടുത്തിട്ടുണ്ട്. മുന്‍ ചെയര്‍പേഴ്സണ്‍ അന്നമ്മ എബ്രഹാമിനെ മത്സരിപ്പിക്കാനാണ് യുഡിഎഫിന്റെ നീക്കം. 28 അംഗ നഗരസഭയില്‍ എല്‍ഡിഎഫിന് 14 അംഗങ്ങളാണുള്ളത്. വിമതന്റെ പിന്തുണകൂടി ലഭിക്കുന്നതോടെ ഭൂരിപക്ഷം നേടാനാകും. യുഡിഎഫിന് 13 കൗണ്‍സിലര്‍മാരാണുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: