സ്വന്തം ലേഖകന്‍
കണ്ണൂര്‍: തെരഞ്ഞെടുപ്പില്‍ കണ്ണൂര്‍ കോര്‍പ്പറേഷനില്‍ ഇടത്-വലത് മുന്നണികള്‍ക്ക് തുല്യ സീറ്റുകള്‍ വന്നതിനാല്‍ അധികാരത്തിന്റെ അപ്പക്കഷണത്തിനായി മുന്നണികള്‍ കോര്‍പ്പറേഷനില്‍ നിന്നും ജയിച്ച ഏക വിമതാംഗത്തിന് പിന്നാലെ. ഡെപ്യൂട്ടി ചെയര്മാന് സ്ഥാനം ഉള്പ്പെടെവെച്ചു നീട്ടിയാണ് ഇടതും വലതും വിമതനെ കൂടെ കൂട്ടാന്‍ ശ്രമങ്ങള്‍ നടത്തുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് തന്നെ ഇന്നലെ വിമതരെ കൂടെ കൂട്ടാന്‍ സിപിഎം തയ്യാറാണെന്നും കോര്‍പ്പറേഷനില്‍ മേയര്‍ സ്ഥാനത്തേക്ക് മത്സരിക്കുമെന്നും പ്രഖ്യാപിച്ചുകഴിഞ്ഞു. എന്നാല്‍ കോണ്‍ഗ്രസ് പുറത്താക്കുകയും വിമതനായി മത്സരിച്ച് ജയിക്കുകയും ചെയ്ത പി.കെ.രാഗേഷ് ഇതുവരെ താന്‍ ഏത്പക്ഷത്ത് നിലയുറപ്പിക്കുമെന്ന കാര്യ തുറന്ന മനസ്സോടെ പ്രതികരിച്ചിട്ടില്ല. ഡെപ്യൂട്ടി മേയര്‍സ്ഥാനവും കണ്ണൂരിലെ ഡിസിസിയുടെ നേതൃമാറ്റവും ഇയാള്‍ ആവശ്യപ്പെട്ടതായാണ് സൂചന. എന്നാല്‍ ഇതിന് വഴങ്ങുന്നതിനെ ചൊല്ലി കോണ്‍ഗ്രസില്‍ അഭിപ്രായ ഭിന്നതയുയര്ന്നിരിക്കുകയാണ്. കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന് യാതൊരു വിലപേശലിനും വഴങ്ങേണ്ടതില്ലെന്ന് പറയുന്നുണ്ടെങ്കിലും കോര്‍പ്പറേഷനിലേക്ക് വിജയിച്ച സുധാകര പക്ഷത്തുള്ള കൗണ്‍സിലര്‍മാരും എ വിഭാഗവും രാഗേഷിനെ കൂടി കൂട്ടി ഏതുവിധേനയും കോര്പ്പറേഷന് ഭരിക്കണമെന്ന നിലപാടിലാണ്. ആറ് വര്‍ഷത്തേക്ക് വിമതനെ സ്വീകരിക്കുന്നതിനെ ചൊല്ലി നേതാക്കള്‍ക്കും കൗണ്‍സിലര്‍ മാര്‍ക്കുമിടയില്‍ അഭിപ്രായഭിന്നത രൂക്ഷമാണ്.
അതിനിടെ ഇരുമുന്നണികളിലെയും സ്വതന്ത്രരെ സ്വന്തമാക്കാനുള്ള കരുനീക്കങ്ങളും മുന്നണികള്‍ സജീവമായി ആരംഭിച്ചതായി സൂചനയുണ്ട്. ഐഎന്‍എല്‍ സ്വതന്ത്രനെ യുഡിഎഫ് പക്ഷത്തേക്ക് ചേര്‍ക്കാനുള്ള ശ്രമം നടന്നതായുള്ള ആരോപണവുമായി സിപിഎം ഇന്നലെ രാത്രിയോടെ രംഗത്തെത്തിയിട്ടുണ്ട്.
അതേ സമയം കെപിസിസി നേതൃത്വത്തിന്റെ തീരുമാനം കാത്തിരിക്കുകയാണ് വിമത നേതാവെന്നാണ് സൂചന. കെപിസിസി ചില വാഗ്ദാനങ്ങള്‍ നല്‍കിയതായും സൂചനയുണ്ട്. അധികാരത്തിനു വേണ്ടി ആറ് വര്‍ഷത്തേക്ക് പുറത്താക്കിയ ഒരാളുടെ പിന്നാലെ നടന്ന് തിരിച്ചെടുക്കാനുള്ള കോണ്‍ഗ്രസ് നീക്കം പാര്‍ട്ടിയെ സമൂഹ മധ്യത്തില്‍ പരിഹാസ്യരാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടിട്ടുള്ള 10 അംഗങ്ങളുള്ള മുസ്ലീം ലീഗും വിമതനെ വൈസ് ചെയര്‍മാനായി അവരോധിച്ചുള്ള ഒത്തു തീര്‍പ്പിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. കോര്പ്പറേഷന് ലീഗിന്റെ ഉറച്ച സീറ്റുകള്‍ ഉള്‍പ്പെടെ നഷ്ടപ്പെടാന്‍ കാരണം രാഗേഷിന്റെ നേതൃത്വത്തിലുള്ള 7 വിമത സ്ഥാനാര്‍ത്ഥികളാണെന്നും മാത്രമല്ല ലീഗിന് യുഡിഎഫ് സീറ്റ് വിഭജനത്തില്‍ ലഭിച്ച സീറ്റിലാണ് വിമതനായി മത്സരിച്ചത്. ഇതുകൊണ്ടുതന്നെ വിമതനെ ഒരുതരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് ഒരുവിഭാഗം ലീഗ് നേതാക്കളും കൗണ്‍സിലര്‍മാരും.
സിപിഎമ്മിലും എല്ഡിഎഫിലുമാവട്ടെ ജില്ലാ സെക്രട്ടറി ഉള്‍പ്പെടെ വിമതനെ കൂടെ കൂട്ടി ഭരിക്കാന്‍ തയ്യാറാണെന്ന് പ്രഖ്യാപിച്ചെങ്കിലും തങ്ങളുടെ സ്ഥാനാര്‍ത്ഥിക്കെതിരെ മത്സരിച്ച് ജയിച്ച രാഗേഷിനെ കൂടെ കൂട്ടുന്നതില്‍ ചില കൗണ്‍സലര്‍മാരും നേതാക്കളും ഘടകകക്ഷിനേതാക്കളും ശക്തമായി എതിര്‍പ്പുമായി രംഗത്തുവന്നിട്ടുണ്ട്. മാത്രമല്ല ഇത്രയധികം കൗണ്‍സിലര്‍മാരെ ജയിപ്പിച്ചെടുത്തിട്ട് ഇന്നത സിപിഎം നേതാക്കളെ മാറ്റി നിര്‍ത്തി കോണ്‍ഗ്രസ് ആദര്‍ശത്തില്‍ ഇപ്പോഴും അടിയുറച്ച് നില്ക്കുന്ന ഒരാളെ കൂടെ ക്കൂട്ടിഭരിച്ചാല് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയിലും പൊതു സമൂഹത്തിലും സിപിഎമ്മിനും മറ്റ് ഘടകകക്ഷികള്‍ക്കിടയിലും അധികാരം നേടാനായി നടത്തുന്ന അവിശുദ്ധ ബന്ധത്തെപ്പറ്റി വിശദീകരിക്കാന്‍ ഏറെ പണിപ്പെടേണ്ടിവരും. വിമതനെ വിലപേശി കൂടെകൂട്ടാനുള്ള നീക്കം തന്നെ മുന്നണിക്കുള്ളില്‍ ഭിന്നതയക്ക് കാരണമായിട്ടുണ്ട്.
കണ്ണൂര്‍ നഗരസഭ ഉണ്ടായ കാലംതൊട്ട് ഏതാണ്ട് 50 വര്‍ഷക്കാലമായി ഭരണം കയ്യാളുന്ന ലീഗും കോണ്‍ഗ്രസും നഗരസഭയിലെ വികസന പിന്നോക്കാവസ്ഥയുടെ പേരില്‍ ഏറെ പഴികേള്ക്കേണ്ടവന്നവരാണ്. സംസ്ഥാനത്തെ ഇതര നഗര സഭകളെ അപേക്ഷിച്ച് വികസനത്തില്‍ ഏറെ പിന്നോക്കം നില്ക്കുന്ന കണ്ണൂരില്‍ പ്രാഥമികമായി അടിസ്ഥാന പ്രശ്നങ്ങളായ റോഡ്, കുടിവെള്ളം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഇന്നും പ്രശ്നങ്ങള്‍ നിലില്‍ക്കുകയാണ്. എല്‍ഡിഎഫ് ആകട്ടെ കോര്‍പ്പറേഷന്റെ ഭാഗമായി തീര്‍ന്ന പഴയ പല പഞ്ചായത്തുകളുടെയും ഭരണ സാരഥ്യംവഹിച്ച് കാര്യമായ ഒരു വികസനങ്ങളും ഉണ്ടാക്കാതെ ഏറെ പഴികേള്ക്കേണ്ടിവന്നരാണ്. ഇപ്പോള്‍ കോര്‍പ്പറേഷന്റെ ഭരണത്തിന്റെ അധികാരത്തിന്റെ അപ്പക്കഷണം നുണയാന്‍ മത്സരിക്കുമ്പോഴും ആരു ഭരണത്തിലെത്തിയാലും വികസനം അന്യമാകുമെന്നതാണ് യാഥാര്‍ത്ഥ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: