നിങ്ങള്‍ മറ്റുള്ളവരെ തിരുത്താന്‍ പോകരുത്. ആദ്യം സ്വയം തെറ്റുകള്‍ കണ്ടെത്തുക. അമ്മയുടെ സാധനാജീവിതത്തില് അമ്മ ഈ തത്വം നിഷ്കര്‍ഷയായി പാലിച്ചിരുന്നു. ശിശുപ്രായം മുതല്ക്കുതന്നെ അമ്മയില്‍ ആത്മജ്ഞാനം പ്രകാശിച്ചിരുന്നു.
ആത്മജ്ഞാനത്തിന്റെ വാചാതീതമായ മഹത്വവും ശ്രേഷ്ഠതയും തേജസ്സും ശക്തിയും വിശദീകരിക്കുവാന്‍ സമര്‍ത്ഥമായ ഭാഷ എവിടെയാണുള്ളത്! താരാലംകൃതമായ നഭോമണ്ഡലത്തിലെ സംഖ്യാതീതങ്ങളായ തേജോഗോളങ്ങളും സമഗ്രപ്രപഞ്ചവും ആത്മതേജസ്സിലാണു വിളങ്ങുന്നത്. അതിന്റെ ശക്തിയില്‍ അഗ്നി ജ്വലിക്കുന്നു. അതിന്റെ ശോഭയില്‍ സൂര്യന് പ്രകാശിക്കുന്നു. അതിന്റെ ആജ്ഞയെ അനുസരിച്ച് കാറ്റ് വീശുന്നു.
സര്‍വാധാരമായ ആ ആത്മജ്ഞാനം പരാനാദമായി അമ്മയുടെ ഹൃദയത്തില്‍ എപ്പോഴും മുഴങ്ങിക്കൊണ്ടിരിക്കുന്നുണ്ടെങ്കിലും അമ്മ അതേപ്പറ്റി സംസാരിക്കയോ ഉപദേശിക്കുകയോ ഏതെങ്കിലും തരത്തില്‍ ചോദ്യമായി പ്രകടിപ്പിക്കുകയോ ചെയ്യാറില്ല.
നിങ്ങളുടെ ഹൃദയാന്തര്‍ഭാഗത്ത് പ്രേമസാഗരം ഇരമ്പുന്നുണ്ട്. പക്ഷേ അഹന്ത എപ്പോള്‍ എവിടെ പ്രവേശിക്കുന്നുവോ തല്‍ക്ഷണം ഈ സാഗരം വറ്റിപ്പോകുന്നു. പിന്നെ അനുഭവമാകുന്നത് സ്നേഹശൂന്യതയാണ്. നിങ്ങള്‍ സ്വന്തം മനസ്സ് പരിശോധിച്ച് തെറ്റുകള്‍ സ്വയം അകറ്റുക. എവിടെയാണ് പിഴവ് സംഭവിച്ചതെന്ന് കണ്ടെത്തണം. ആത്മപരിശോധന നടത്തുക. ദുരുദ്ദേശങ്ങള്‍ അനാവശ്യമായി അന്യരില്‍ ആരോപിക്കരുത്. തെറ്റിന്റെ ഉത്തരവാദിത്തം സ്വയം ഏല്ക്കണം. അതാണ് മനുഷ്യത്വം. അതാണ് പ്രബുദ്ധത.
അന്തര്‍മുഖത്വവും ആത്മപരിശോധനയും ധ്യാനവും മുഖേന ശുദ്ധീകരണം സാധ്യമാകും. നിര്‍മലമായ മനസ്സ് അതിസൂക്ഷ്മമായ മാനസികവൃത്തികളെപ്പോലും കണ്ട് പിടിക്കും. വെളുത്ത വസ്ത്രത്തിലെ കറുത്തപുള്ളി പ്രകടമായി കാണും. എന്നാല്‍ വസ്ത്രം ആകെത്തന്നെ കറുത്തതാണെങ്കില്‍ കുറത്തപുള്ളി എങ്ങനെ കണ്ണില്‍പ്പെടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: