ചേര്‍ത്തല: തോരാത്ത മഴയിലും ചോരാത്ത ആവേശത്തോടെ വോട്ടര്‍മാര്‍. തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പില്‍ നഗരസഭയില്‍ 86. 49 ശതമാനം പോളിങ് രേഖപ്പെടുത്തി. തെരഞ്ഞെടുപ്പ് പൊതുവെ ശാന്തവും സമാധാനപരവുമായിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാള്‍ പോളിങില്‍ അരശതമാനം വര്‍ദ്ധനയാണ് ഇക്കുറിയുണ്ടായത്. ചേര്‍ത്തല നഗരസഭയില്‍ 35 വാര്‍ഡുകളിലുമായി 110 സ്ഥാനാര്‍ത്ഥികളാണ് ഉണ്ടായിരുന്നത്. 34,729 വോട്ടര്‍മാരില്‍ 30,040 പേര് സമ്മതിദാനാവകാശം രേഖപ്പെടുത്തി.
എട്ടാം വാര്‍ഡിലാണ് ഏറ്റവും കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയത് 92.59 ശതമാനം. ഏറ്റവും കുറവ് പോളിങ് രേഖപ്പെടുത്തിയത് മുപ്പതാം വാര്‍ഡിലാണ്. 75.32 ശതമാനമായിരുന്നു പോളിങ്. പുലര്‍ച്ചെ മഴ ആശങ്കയുണ്ടാക്കിയെങ്കിലും രാവിലെ തന്നെ പല ബൂത്തുകളിലും നീണ്ട ക്യൂ കാണാമായിരുന്നു. ചില ബൂത്തുകളില്‍ തുടക്കത്തില്‍ വോട്ടിങ് മന്ദഗതിയിലായിരുന്നെങ്കിലും പിന്നീട് തിരക്കായി. ചില ബൂത്തുകളില്‍ രാവിലെ പതിനൊന്നോടെ 50 ശതമാനം പോളിങ് രേഖപ്പെടുത്തി. ചേര്‍ത്തല തെക്ക് പഞ്ചായത്ത് മൂന്നാം വാര്‍ഡിലെ വോട്ടിങ് യന്ത്രം തകരാറായതിനെ തുടര്‍ന്ന് എറെ സമയത്തേക്ക് പോളിങ് തടസപ്പെട്ടു.
തണ്ണീര്‍മുക്കം പഞ്ചായത്തിലെ ഒന്നാം നമ്പര്‍ ബൂത്തില്‍ യന്ത്രത്തകരാറിനെ തുടര്‍ന്ന് ഒരു മണിക്കൂര്‍ പോളിങ് വൈകി. നഗരസഭ ഒന്‍പതാം വാര്‍ഡിലും യന്ത്രം പണിമുടക്കി. ഇരുപതാം വാര്‍ഡിലെ വോട്ടെടുപ്പ് തുടങ്ങും മുമ്പേ യന്ത്രം തകരാറിലായി. തുടര്‍ന്ന് മറ്റൊരു യന്ത്രം കൊണ്ടുവന്ന ശേഷമാണ് വോട്ടിങ് പുനരാരംഭിക്കാനായത്. പോളിങ് സ്റ്റേഷന്റെ നൂറ് മീറ്റര്‍ പരിധിയില്‍ പ്രചരണം പാടില്ലെന്ന നിയമം തെറ്റിച്ചതിനെ തുടര്‍ന്ന് ചില ബൂത്തുകളില്‍ സ്ഥാനാര്‍ത്ഥികളും പോലീസുമായി വാഗ്വാദം ഉണ്ടായി.
വയലാറില്‍ സിപിഐഎംഎല്‍ റെഡ്ഫഌഗിന്റെ ബൂത്ത് സിപിഎം പ്രവര്‍ത്തകര്‍ കയേറിയതുമായി ബന്ധപ്പെട്ട് നേരിയ സംഘര്‍ഷം ഉണ്ടായി. നഗരസഭയിലെ ബൂത്തുകളില്‍ ചിലയിടങ്ങളില്‍ രാവിലെ കാര്യമായ തിരക്ക് അനുഭവപ്പെട്ടില്ല. മറ്റ് ചിലയിടങ്ങളില്‍ സ്ത്രീകളുടെ നീണ്ട ക്യൂ രാവിലെ തന്നെ കാണാമായിരുന്നു. വോട്ടര്‍മാരില്‍ ചിലര്‍ ക്യൂവില്‍ നിന്ന് വോട്ട് ചെയ്യാനെത്തിയപ്പോഴാണ് സ്ലിപ്പ് മാറിയതായി അറിഞ്ഞത്. മറ്റ് ചില വോട്ടര്‍മാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് മാറിയതും വിനയായി.
തുറവൂര്‍ മേഖലയില്‍ പോളിംഗ് പൊതുവെ ശാന്തമായിരുന്നു. രാവിലെ പെയ്ത മഴയെത്തുടര്‍ന്ന് മന്ദഗതിയിലായിരുന്ന പോളിംഗ് മഴ മാറി ആകാശം തെളിഞ്ഞതോടെ കനത്തു. പതിവിനു വിപരീതമായി ഒരു പോളിംഗ് സ്റ്റേഷനു മുന്നിലും നീണ്ട ക്യു ദൃശ്യമായിരുന്നില്ല.
പട്ടണക്കാട്, തുറവൂര്‍, കുത്തിയതോട്, കോടംതുരുത്ത്, എഴുപുന്ന പഞ്ചായത്തുകളിലും വോട്ടെടുപ്പ് ശക്തമായ നിലയിലായിരുന്നു.തീരദേശ മേഖലയിലെ പത്തോളം കേന്ദ്രങ്ങളില്‍ വോട്ടിംഗ് യന്ത്രം പണിമുടക്കിയെങ്കിലും ഉടന്‍ തന്നെ തകരാര്‍ പരിഹരിക്കാന്‍ കഴിഞ്ഞതിനാല്‍ വോട്ടിംഗ് തടസമില്ലാതെ തുടര്‍ന്നു. പട്ടണക്കാട് പഞ്ചായത്തിലെ പന്ത്രണ്ടാം വാര്‍ഡില്‍ തൊണ്ണൂറ്റിനാലു ശതമാനത്തിനു മേല്‍ പോളിംഗ് രേഖപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: