കൊച്ചി: ഗ്രൂപ്പ് രാഷ്ട്രീയം കോണ്‍ഗ്രസിനെ തളര്‍ത്തുകയാണെന്ന് കൊച്ചി നഗരസഭ മുന്‍ ഡപ്യൂട്ടി മേയര്‍ ബി.ഭദ്ര. ഇരു ഗ്രൂപ്പിന്റെയും ആളാകാന്‍ കഴിയാത്തതാണ് തനിക്ക് ഇത്തവണ സീറ്റ് ലഭിക്കാതെ പോയത്. ഇതില്‍ പരാതിയോ സങ്കടമോ ഇല്ലെന്നും ഭദ്ര കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഒരു ഗ്രൂപ്പിന്റെയും ആളായി നിന്നിട്ടില്ല. അത് കൊണ്ട് തന്നെ ബജറ്റ് അവതരണത്തില്‍ ഏറെ പ്രതിസന്ധി നേരിട്ടിരുന്നു. അവസാന വര്‍ഷം കെപി സിസി പ്രസിഡന്റ് ഇടപെട്ടതിന് ശേഷമാണ് തനിക്ക് ബജറ്റ് അവതരിപ്പിക്കാന്‍ കഴിഞ്ഞതെന്ന് ഭദ്ര വെളിപ്പെടുത്തി. പ്രതിപക്ഷം പോലും ഉന്നയിക്കാത്ത ആരോപണങ്ങളാണ് നഗരസഭയുടെ ധനസ്ഥിതിയെ കുറിച്ച് ഭരണപക്ഷം പറഞ്ഞത്. തന്നെ ഏല്‍പ്പിച്ച ജോലി ഭംഗിയായി ചെയ്തു.
ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ ഭാഗമാകാത്തതിനാല്‍ ഔദേ്യാഗിക ജീവിതത്തില്‍ ഒട്ടേറെ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നു. ജി. ശങ്കരക്കുറുപ്പ് എന്ന തന്റെ മുത്തച്ഛന്റെ സല്‍പ്പേരിന് കളങ്കം ഉണ്ടാവരുതെന്ന് മാത്രമായിരുന്നു ഓരോ ദിവസവും പ്രാര്‍ഥന. ജയിച്ചുവന്നപ്പോള്‍ കോണ്‍ഗ്രസ് ആയാണ് നിന്നത്. എന്നാല്‍ മേയര്‍ തെരഞ്ഞെടുപ്പില്‍ അട്ടിമറി നടന്നപ്പോള്‍ പോലും താന്‍ അമ്പരപ്പിലായിരുന്നു. പിന്നീട് പല ദുരനുഭവങ്ങളും നേരിടേണ്ടി വന്നു. ഇതൊക്കെ ജനങ്ങള്‍ വിലയിരുത്തട്ടെയെന്ന് ഭദ്ര ഒരു ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
കൊച്ചിയില്‍ ജി. ശങ്കരക്കുറുപ്പിന് സ്മാരകം പണിയാനുള്ള നീക്കങ്ങള്‍ റവന്യൂ മന്ത്രി ഇടപെട്ട് അട്ടിമറിച്ചതായി ഭദ്ര ആരോപിച്ചു. മുഖ്യമന്ത്രിക്കും ഇത് വ്യക്തമായി അറിയാം. യുഡിഎഫ് സര്‍ക്കാര്‍ കലാകാരന്മാരെയും എഴുത്തുകാരെയും ആദരിക്കുന്നില്ലെന്നും ഭദ്ര ഒരു ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: