ചെങ്ങന്നൂര്‍: തെരഞ്ഞെടുപ്പിന് ഒരുദിവസം മാത്രം ബാക്കിനില്‍ക്കേ പരാജയ ഭീതിപൂണ്ട സിപിഎം ജില്ലയില്‍ അക്രമം അഴിച്ചുവിടാന്‍ തുടങ്ങിയതോടെ അക്രമത്തിന് നേതൃത്വം നല്കുന്ന ജില്ലാ സെക്രട്ടറിക്കെതിരെ കേസെടുക്കാന്‍ പോലീസിന് നിര്‍ദ്ദേശം.
കഴിഞ്ഞ ദിവസം കൊഴുവല്ലൂരില്‍ ഉണ്ടായ സംഭവത്തെ തുടര്‍ന്നാണ് സിപിഎം ജില്ലാ സെക്രട്ടറി സജി ചെറിയാനെതിരെ കേസെടുക്കാന്‍ പോലീസ് തയ്യാറായിരിക്കുന്നത്. കൊഴുവല്ലൂരില്‍ സജിചെറിയാന്റെ വീടിന് മുന്പിലെ തുറസായ സ്ഥലത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിന്റെ ഭാഗമായി ആഭ്യന്തരമന്ത്രി പങ്കെടുക്കാന്‍ തയ്യാറാക്കിയിരുന്ന വേദിയാണ് സജി ചെറിയാന്റെ നേതൃത്വത്തില്‍ അന്‍പതോളം വരുന്ന സിപിഎമ്മുകാര്‍ തല്ലിത്തകര്‍ത്തത്.
വേദിയുടെ നിര്‍മ്മാണം പൂര്‍ത്തീകരിക്കും മുന്‍പ് തന്നെ ഇവിടെ ഉണ്ടായിരുന്ന കസേരകളും, ഫ്ളക്സ് ബോര്‍ഡുകളും തകര്‍ക്കുകയും, ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന തൊഴിലാളികളെ സജി ചെറിയാന്റെ നേതൃത്വത്തില്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു. സംഭവത്തെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തുമെന്ന് അറിഞ്ഞതോടെ ബന്ധുക്കളും അണികളും ചേര്‍ന്ന് സജിചെറിയാനെ വീടിനുള്ളിലേക്ക് കൂട്ടിക്കൊണ്ടുപോകുകയും ചെയ്തു.
എന്നാല്‍ സ്ഥലത്തെത്തിയ പോലീസിന് അക്രമം നടത്തിയവരെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടും കണ്ടാലറിയാവുന്നവര്‍ക്ക് മാത്രം കേസെടുക്കുകയും, അക്രമം നടന്നിടത്ത് വിരലിലെണ്ണാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിക്കിട്ട് മടങ്ങുകയുമാണ് ചെയ്തത്. എന്നാല്‍ ഇന്നലെ ഇതേ വേദിയില്‍ വന്‍ പോലീസ് സന്നാഹത്തോടെ എത്തിയ രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം സിപിഎം നടത്തിയ അക്രമത്തെക്കുറിച്ച് യാതൊരു പരാമര്‍ശവും നടത്താന്‍ തയ്യാറായില്ല.
ബിജെപി അക്രമ രാഷ്ട്രീയമാണ് നടത്തുന്നതെന്നും, അവരെ കേരളത്തില്‍ വളര്‍ത്താന്‍ തയ്യാറാകരുതെന്നുമായിരുന്നു പ്രസംഗത്തില്‍ ഉടനീളം ഉണ്ടായിരുന്നത്. എന്നാല്‍ ഇതുകേട്ടുനിന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സിപിഎമ്മിനെതിരെ പരാമര്‍ശം നടത്താത്ത മന്ത്രിയുടെ നടപടിയില്‍ ശക്തമായ പ്രതിഷേധം അറിയിച്ചതോടെയാണ് ഗതികെട്ട് മന്ത്രി അക്രമം നടത്തിയ ജില്ലാസെക്രട്ടറിക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താന്‍ ചെങ്ങന്നൂര്‍ സിഐയ്ക്ക് നിര്‍ദ്ദേശം നല്‍കിയത്. നാടുനീളെ ബിജെപിയുടെ വളര്‍ച്ചയെ തടയാന്‍ മുന്നിട്ടിറങ്ങുന്ന രമേശ് ചെന്നിത്തല സ്വന്തം പാര്‍ട്ടിക്കെതിരെ സിപിഎം നടത്തുന്ന കാടത്തരമായ അക്രമങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്താത്തത് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍തന്നെ പ്രതിഷേധത്തിന് ഇടവരുത്തിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: