എം.പി.ഗോപാലകൃഷ്ണന്
തലശ്ശേരി: കഴിഞ്ഞ കാലതെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് ഇത്തവണ നടക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ്-യുഡിഎഫ് മുന്നണികള്‍ ആശയക്കുഴപ്പത്തില്‍. പതിവിന് വിപരീതമായി വോട്ടര്‍മാര്‍ക്ക് ഇടയില്‍ ഉണ്ടാവാറുള്ള പ്രാദേശിക വിഷയങ്ങള്‍ക്കൊപ്പം സംസ്ഥാന ദേശീയ രാഷ്ട്രീയവും ഇത്തവണ സജീവ ചര്‍ച്ചയായിട്ടുണ്ട്. സംസ്ഥാന ഭരണം നടത്തുന്ന കോണ്‍ഗ്രസിനെയും ഐക്യജനാധിപത്യ മുന്നണിയെയും ഭരണ പരാജയവും മുന്നണിക്കകത്തെ വിഭാഗീയതും അലട്ടുമ്പോള്‍ പ്രതിപക്ഷമായ ഇടത് മുന്നണിയാവട്ടെ തങ്ങള്‍ ഭരണം നടത്തിയ പഞ്ചായത്തു ഭരണസമിതികള്‍ക്കെതിരെ ഉയരുന്ന ആരോപണങ്ങളില്‍ ആടിയുലയുകയാണ്. ദേശസ്നേഹത്തിന്റെയും ഭരണത്തിന്റെയും വിഷയങ്ങള്‍ക്ക് പ്രാധാന്യമേകി ബിജെപിയും ബിജെപിയെ അനുകൂലിക്കുന്ന സംഘടനകളുമാവട്ടെ വോട്ടര്‍മാര്‍ക്കിടയില്‍ തെരഞ്ഞെടുപ്പ് രംഗത്ത് ഇരുമുന്നണികളെക്കാളും ഏറെ മുന്നേറിയിരിക്കുന്നു. ഇതും മുന്നണികളെ ഭീതിയിലാക്കിയിരിക്കുകയാണ്.
സോളാര്‍ തട്ടിപ്പും ബാര്‍ കോഴയും കളമശ്ശേരി അടക്കമുള്ള ഭൂമിതട്ടിപ്പും മുതല്‍ ഒന്നോ രണ്ടോ വകുപ്പ് ഒഴിച്ച് മറ്റെല്ലാ വകുപ്പുകളിലെയും കോടികളുടെ അഴിമതി കഥകളും ഇതിനൊക്കെ അതത് വകുപ്പ് മന്ത്രിമാരുടെയും അവരുടെ ഓഫിസുകളുടെയും പങ്കിനെക്കുറിച്ചുമുള്ള ചര്‍ച്ചകളോടൊപ്പം മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് നടന്നിട്ടുള്ള സസ്പെന്‍ഷനും കേസും അറസ്റ്റുമെല്ലാം യുഡിഎഫിനെതിരെയുള്ള പ്രചരണത്തില്‍ വിവിധയിടങ്ങളില്‍ മുന്നിട്ടു നില്‍ക്കുകയാണ്.
യുഡിഎഫ് സര്‍ക്കാരിനെതിരെ നടത്തിവന്ന മുഴുവന്‍ സമരങ്ങളും പരാജയപ്പെട്ട് പടുകുഴിയിലകപ്പെട്ട അവസ്ഥയില്‍ എന്തു ചെയ്യണമെന്നറിയാതെ നട്ടം തിരിഞ്ഞ് പെരുവഴിയിലായ പ്രതിപക്ഷമായ എല്‍ഡിഎഫ് ജനങ്ങളെ അഭിമുഖീകരിക്കാനും അവരുടെ ചോദ്യശരങ്ങള്‍ക്ക് മുന്നില്‍ മറുപടി പറയാനാവാതെയും വിഷമിക്കുന്ന കാഴ്ചയാണ് തെരഞ്ഞെടുപ്പ് രംഗത്ത് പ്രകടമാവുന്നത്.
പരമ്പരാഗതമായി സംസ്ഥാനത്തെ ഭരണം മാറിമാറി കയ്യാളിയ എല്‍ഡിഎഫും യുഡിഎഫും ദൈവത്തിന്റെ നാട്ടില്‍ നടത്തിയിട്ടുള്ള തട്ടിപ്പുകളെ കുറിച്ചും കോടികളുടെ അഴിമതികളെക്കുറിച്ചും ഒത്തുതീര്‍പ്പ് സമരങ്ങളെക്കുറിച്ചും ജനങ്ങള്‍ക്കിടയില്‍ തുറന്നുകാട്ടി ശക്തമായ പ്രചരണവുമായാണ് ബിജെപി മുന്നേറ്റുന്നത്. അതോടൊപ്പം തന്നെ കേന്ദ്രത്തിലെ നരേന്ദ്രമോദി സര്‍ക്കാര്‍ ഒന്നരവര്‍ഷംകൊണ്ട് രാജ്യത്തിന് മാത്രമല്ല ലോകത്തിനു പോലും മാതൃകാ പരമായി കാഴ്ചവെക്കുന്ന ഭരണതന്ത്രജ്ഞതയും ബിജെപി ഉയര്‍ത്തിക്കാട്ടുന്നുണ്ട്.
പരമ്പരാഗതമായി എല്‍ഡിഎഫും യുഡിഎഫും വോട്ടുചെയ്തുവന്ന വലിയൊരുവിഭാഗം ഇത്തവണ ബിജെപിക്ക് വോട്ടുചെയ്യുമെന്ന ഉറച്ച വിശ്വാസത്തിലാണ് ബിജെപി നേതൃത്വം.
ബിജെപി തങ്ങള്‍ക്ക് സ്വാധീനമുള്ളമേഖലകളില്‍ മാത്രം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുക എന്ന പതിവ് ശൈലി മാറ്റി മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങളിലെയും സീറ്റുകളിലേക്ക് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിട്ടുണ്ട്. ബിജെപിയെ തൊട്ടുകൂടാത്തവരായി മാറ്റി നിര്‍ത്തിയിരുന്ന പല പ്രമുഖന്മാരും സംഘടനകളും ഇത്തവണ ബിജെപിക്ക് ഒപ്പം ചേരാനും പിന്തുണ നല്‍കാനും തയ്യാറായിട്ടുണ്ട്.
കണ്ണൂര്‍ ജില്ലയിലെ പ്രത്യേകിച്ച് തലശ്ശേരി മുനിസിപ്പാലിറ്റിയിലും സമീപ പഞ്ചായത്തുകളിലും മേല്‍ പറഞ്ഞതിന് പുറമെ നിരവധി പ്രശ്നങ്ങള്‍ രണ്ടുമുന്നണികളും നേരിടുകയാണ്. അതിലൊന്നാണ് കൊലക്കേസ് പ്രതികളുടെ സ്ഥാനാര്‍ത്ഥിത്വം. എല്‍ഡിഎഫിനെ എതിര്‍ക്കുന്നവരില്‍ മാത്രമല്ല അവരുടെ ഘടക കക്ഷികള്‍ക്ക് പോലും കൊലക്കേസ് പ്രതികളുടെ സ്ഥാനാര്‍ത്ഥിത്വം നെഞ്ചത്ത് കൈവെച്ച് അഗീകരിക്കാന്‍ കഴിയാത്ത കാര്യമാണ്. കയച്ചിട്ട് ഇറക്കാനും മധുരിച്ചിട്ട് തുപ്പാനും വയ്യ എന്നതാണ് ഇടത് പക്ഷ ഘടക കക്ഷികളുടെ അവസ്ഥ.
എന്‍ഡിഎഫ് പ്രവര്‍ത്തകനായ ഫസലിനെ കൊലപ്പെടുത്തിയതിലൂടെ സിപിഎം സംസ്ഥാനത്താകെ ഹിന്ദുമുസ്ലീം കലാപം സൃഷ്ടിക്കാനും അതില്‍ നിന്നും രാഷ്ട്രീയ-സാമ്പത്തിക മുതലെടുപ്പ് നടത്താനും ശ്രമിച്ചതും ടി.പി.ചന്ദ്രശേഖരനെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം കൊലയാളികള്‍ ഉപയോഗിച്ച കാറില്‍ മാശാഅള്ളാ എന്ന അറബി വാക്കിന്റെ സ്റ്റിക്കര്‍ പതിച്ച് ടിപിയെ കൊലപ്പെടുത്തിയത് എന്‍എഡിഎഫ് കാരാണെന്ന് വരുത്തി തീര്‍ത്ത് ഹിന്ദുമുസ്ലീം കലാപം സൃഷ്ടിക്കാന്‍ ശ്രമിച്ചതും ആര്‍എസ്എസ് ജില്ലാ നേതാവ് കതീരൂരിലെ മനോജിനെ പട്ടാപ്പകല്‍ വെട്ടിക്കൊലപ്പെടുത്തി നാട്ടിലാകെ കലാപം സൃഷ്ടിക്കാന്‍ ശ്രമിച്ചതുമൊക്കെ ഈ തെരഞ്ഞെടുപ്പില്‍ നാട്ടുകാര്‍ക്കിടയില്‍ പ്രധാന ചര്‍ച്ചാ വിഷയമാണ്.
അക്രമത്തിലൂടെ അരാജകത്വം സൃഷ്ടിച്ച് മുതലെടുപ്പ് നടത്താമെന്ന സിപിഎം കണ്ണൂര്‍ ലോബിയുടെ അപ്രഖ്യാപിത നയം തിരിച്ചറിഞ്ഞ സമാധാന കാംക്ഷികളായ ജനങ്ങള്‍ ഈ തെരഞ്ഞെടുപ്പില്‍ അവരെ ഒരു പാഠം പഠിപ്പിക്കാന്‍ തയ്യാറെടുത്തിരിക്കുകയാണ്. കണ്ണൂര്‍ ജില്ലയിലെ ജനങ്ങള്‍ക്ക് സിപിഎം അക്രമങ്ങള്‍ക്കെതിരെ പ്രതികരിക്കാന്‍ ലഭിച്ച സുവര്‍ണ്ണാവസരമാണ് സംജാതമായിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: