ഇപ്രകാരം ഭൂമി, ആകാശം, ജലം മുതലായവയില്‍ സഞ്ചരിക്കുന്ന കുറഞ്ഞ ബലമുള്ള അസംഖ്യം ചരജന്തുക്കളെ അപ്രകാരം തന്നെ ഭൂജലാകാശാദികളില്‍ സഞ്ചരിക്കുന്ന കൂടുതല്‍ ബലമുള്ള സിംഹനക്രഗൃദ്ധ്രാദികളായ അസംഖ്യം ചരജന്തുക്കള്‍ നിരന്തരം ഹിംസിച്ചുകൊണ്ടു തന്നെയിരിക്കുന്നു. മനുഷ്യരോ, മറ്റു ജന്തുക്കളോ, സമീപത്തുചെന്നാല്‍ പെട്ടെന്നു ശരീരത്തില്‍ കേറി ചുറ്റി രക്തമാംസങ്ങളെ അപഹരിക്കുന്ന ചില വള്ളികളും, സമീപജന്തുക്കളെ ഊര്‍ദ്ധ്വമുഖം വികസിച്ച് ഉള്ളിലേയ്ക്കാകര്ഷിച്ച് രക്തമാംസാദികളെ ഹരിച്ചെടുത്തുകൊണ്ട് നുറുങ്ങിയ അസ്ഥികളെ ഊക്കോടുകൂടി വെളിയിലേക്കു വിസര്‍ജ്ജിക്കുന്നതും വാഴയുടെ ആകൃതിയിലുള്ളതുമായ ചില ചെടികളും ദ്വീപാന്തരങ്ങളില്‍ ഉള്ളതായി അറിയുന്നു.
അതിനാല്‍ ഏതെങ്കിലും ഒരു ജന്തുവിന്റെ ശരീരം മറ്റൊരു ജന്തുവിന് ഭക്ഷണസാധനമായിട്ടല്ലാതെ കാണുകയില്ലെന്നു നിശ്ചയം. ഒരു ജന്തുവിന് മറ്റൊരു ജന്തുവിനെ കണ്ടാല്‍ അത് തനിക്കു ഭക്ഷണ സാധനമാണെന്നുള്ള അറിവും, അതിനെ കൊല്ലുന്നതിനുള്ള ക്രൂരസ്വഭാവവും, കൂടുതല്‍ ശക്തിസാമഗ്രികളും, മറ്റേ ജന്തുവിന് അളവറ്റ ഭയവും വേദനയും ഉണ്ടായിരുന്നിട്ടും അതു കൊല്ലപ്പെടുന്നതിനുതക്കവണ്ണം മാത്രം ശക്തിസാമഗ്രികളും കൊടുത്തും ഇപ്രകാരമുള്ള അസംഖ്യകോടി ജന്തുക്കളെ സൃഷ്ടിച്ച് വെവ്വേറെ സ്ഥലങ്ങളിലിരുത്താതെയും ഒരു സ്ഥലത്ത് അല്ലെങ്കില്‍ ഒരു ലോകത്ത് ഒരുമിച്ചിടകലര്‍ന്ന് വാസം ചെയ്യുമാറുതന്നെ
ആക്കിവെച്ചിരിക്കുന്നതിനെയും സര്‍വ്വ സൃഷ്ടികര്‍ത്താവായ ഈശ്വരന്, സര്വ്വജ്ഞന്, സര്വ്വശക്തന് എന്നുള്ള ആപ്തവാക്യങ്ങളെയും നമ്മുടെ വിശ്വാസങ്ങളെയും കുറിച്ച് ഉറ്റുനോക്കുമ്പോള്‍ അതിക്രൂരങ്ങളായ ഹിംസകള്‍ മഹാവേദനകള്‍, ഭയകമ്പരോദനങ്ങള്‍ ഇവ എല്ലാ സ്ഥലങ്ങളിലും എപ്പോഴും ഇടവിടാതെ ഉണ്ടായി നിറഞ്ഞുകൊണ്ടിരിക്കണമെന്നാണ് സര്വ്വകര്ത്താവിന്റെ സൃഷ്ടിയുടെ ഉദ്ദേശ്യമെന്ന് സമ്മതിക്കാനേ ന്യായം കാണുന്നുള്ളൂ.
ഈശ്വരനുതന്നെയോ അല്ലെങ്കില്‍ പ്രകൃതിക്കോ ഈ അതിക്രൂരതകളും കഷ്ടപ്പാടുകളും കണ്ടിട്ട് അല്പം ആര്‍ദ്രതയില്ലെന്നുതന്നെയല്ല കണ്ടുകണ്ട് രസിച്ചു കൊണ്ടിരിക്കുന്നതായിട്ടും കൂടി തോന്നുന്നു. എല്ലാംകൊണ്ടും നിരൂപിച്ചുനോക്കിയാല്‍ ഒരുവനും ഒരിക്കലും ഒരിടത്തും ഒരു വിധത്തിലും ഒന്നിനെയും കൊല്ലാതിരിക്കാന്‍ കഴിയുകയില്ലെന്നു നിശ്ചയമാണ്. അതിനാല്‍ ഒരു വിധത്തിലും സാദ്ധ്യമല്ലാത്ത ഒരു സംഗതിയെ ഒരു നടപടിയാക്കിത്തീര്‍ക്കുവാന്‍ ബുദ്ധിയുള്ളവരാരും തുനിയുകയില്ല.
തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: