ന്യൂദല്‍ഹി: ഫോണ്‍ കോള്‍ മുറിഞ്ഞാല്‍ ഉപഭോക്താവിന് ടെലികോം കമ്പനി നഷ്ടപരിഹാരം നല്‍കണമെന്ന് ടെലികോം അതോറിറ്റി ഓഫ് ഇന്ത്യ(ട്രായ്). മൊബൈല്‍ ഫോണ്‍ സംഭാഷണങ്ങള്‍ മുറിഞ്ഞുപോകുന്നത് തുടര്‍ക്കഥയായതോടെയാണ് ടെലികോം കമ്പനികള്‍ക്ക് കര്‍ശന നിര്‍ദ്ദേശങ്ങളുമായി ട്രായ് രംഗത്തെത്തിയത്. ഇതുസംബന്ധിച്ച ഉത്തരവ് ഉടന്‍ ട്രായ് പുറത്തിറക്കും.
കോള്‍ മുറിയുന്ന പ്രശ്നത്തിന് ഉടന്‍ പരിഹാരം കാണണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ട് ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് ടെലികോം മന്ത്രാലയവും ട്രായും അടിയന്തര നടപടികള്‍ സ്വീകരിച്ചത്. സാങ്കേതിക പ്രശ്നങ്ങള്‍ മൂലം ഫോണ്‍ സംഭാഷണം തടസ്സപ്പെട്ടാല്‍ ഉപഭോക്താവിന് നഷ്ടപരിഹാരം നല്‍കണമെന്ന നിര്‍ദ്ദേശത്തോട് ടെലികോം കമ്പനികള്‍ പ്രതികരിച്ചിട്ടില്ല.
നഷ്ടപരിഹാരം എങ്ങനെയെന്നത് സംബന്ധിച്ച് കൂടുതല്‍ കൃത്യമായ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ഒരു കോളിന് ഒരു രൂപ വീതം നഷ്ടപരിഹാരം നല്‍കണമെന്ന് ട്രായ് പറയുമ്പോഴും ഒരു ദിവസം മൂന്നു തവണ മാത്രം കോള്‍ മുറിഞ്ഞതിന് നഷ്ടപരിഹാരം നല്കിയാല് മതിയെന്ന നിര്‍ദ്ദേശവും ട്രായ് ടെലികോം കമ്പനികള്‍ക്ക് നല്‍കിയിട്ടുണ്ട്.
ഫോണ്‍ കോളുകള്‍ മുറിയുന്ന വിഷയത്തില്‍ ടെലികോം കമ്പനികള്‍ ഉടന്‍ തന്നെ പരിഹാരം കാണേണ്ടതുണ്ടെന്ന് ടെലികോം മന്ത്രി രവിശങ്കര്‍ പ്രസാദ് പ്രതികരിച്ചു. ഫോണ്‍കോളുകള്‍ മുറിയുന്നത് ആദ്യം മുതല്‍ തന്നെ അതീവ ഗൗരവകരമായി തന്നെയാണ് കേന്ദ്രസര്‍ക്കാര്‍ കാണുന്നത്. ഫോണ്മുറിയല് സ്ഥിരമായി മാറിയാല്‍ അവര്‍ക്കുള്ള ശിക്ഷ ട്രായ് തീരുമാനിക്കുമെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു. ഫോണ്‍ മുറിയല്‍ പ്രശ്നം പരിഹരിക്കാനുള്ള തീവ്ര ശ്രമത്തിലാണ് ബിഎസ്എന്‍എല്‍. ഫോണ്‍ ലൈനുകളില്‍ തിരക്കുള്ള സമയത്ത് ഫോണ്‍വിളി മുറിയുന്നത് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഇരട്ടിയായിട്ടുണ്ടെന്നാണ് ട്രായ് പറയുന്നതെന്നും ടെലികോം മന്ത്രി പറഞ്ഞു.
ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം നല്‍കുന്നതിനായി ടെലികോം കമ്പനികള്‍ അവരുടെ സാങ്കേതിക സൗകര്യങ്ങള്‍ വിപുലീകരിക്കാത്തതാണ് കോള്‍മുറിയല്‍ പ്രശ്നത്തിന് കാരണം. ഒരുതവണ ഫോണ്‍ വിളിക്കുമ്പോള്‍ കട്ടായാല്‍ വീണ്ടും വിളിക്കുന്നതു വഴി അധിക വരുമാനവും ടെലികോം കമ്പനികള്‍ക്ക് ലഭിക്കും. ഇതാണ് പ്രശ്നം പരിഹരിക്കാന്‍ മൊബൈല്‍ കമ്പനികള്‍ തയ്യാറാകാത്തതെന്നാണ് കേന്ദ്രടെലികോം മന്ത്രാലയത്തിന്റെ കണ്ടെത്തല്‍. എന്നാല്‍ ഈ നടപടി തുടരാന്‍ കമ്പനികളെ അനുവദിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിക്കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: