പാലക്കാട്: കഴിഞ്ഞദിവസം പിടിയിലായ കൊടുംകുറ്റവാളി ആട് ആന്റണിയുടെ ഗോപാലപുരത്തെ വീട്ടില്‍ പോലീസ് നടത്തിയ പരിശോധനയില്‍ ലക്ഷങ്ങളുടെ മോഷണവസ്തുക്കള്‍ കണ്ടെടുത്തു. ഇന്നലെ രാവിലെയാണ് കൊല്ലം പാരിപ്പള്ളി എസ്.ഐ ജയകൃഷ്ണന്റെ നേതൃത്വത്തില്‍ ഗ്രേഡ് എസ്ഐ വാമദേവന്, ഷാംസിന്, സീനു എന്നിവരടങ്ങിയ സംഘം പരിശോധന നടത്തിയത്. സൈബര്വിദഗ്ധരും സംഘത്തോടൊപ്പമുണ്ടായിരുന്നു.
ലാപ്ടോപ്പ്, മെമ്മറി കാര്‍ഡുകള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍, വ്യാജ ലൈസന്‍സ്, ആധാരങ്ങള്‍ എന്നിവയുള്‍പ്പെടെ പിടിച്ചെടുത്തിട്ടുണ്ട്. പിടിച്ചെടുത്ത ലാപ്ടോപ്പില്‍ നിന്നും മെമ്മറി കാര്‍ഡുകളില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ അറിയാനാകുമെന്നാണ് പോലീസിന്റെ പ്രതീക്ഷ.
ആട് ആന്റണി ഒളിവില്‍ കഴിഞ്ഞിരുന്ന കാലയളവില്‍ അഞ്ഞൂറോളം കവര്‍ച്ചകള്‍ നടത്തിയതായാണ് പോലീസിനോട് സമ്മതിച്ചിട്ടുള്ളത്. ഈ തൊണ്ടിമുതലുകള്‍ ഗോപാലപുരത്തേയും പൊള്ളാച്ചിയ്ക്കടുത്ത ധാരാപുരത്തേയും വീടുകളില്‍ സൂക്ഷിച്ചിട്ടുണ്ടെന്നും മൊഴി നല്‍കിയിട്ടുണ്ട്. ഇവ കണ്ടെടുത്ത് കൊല്ലത്തേയ്ക്ക് കൊണ്ടുപോകും.
2012 ല്‍ കൊല്ലം പാരിപ്പള്ളിയില്‍ പോലീസുകാരനെ കുത്തിക്കൊലപ്പെടുത്തിയതിനു ശേഷം തിരുപ്പൂരിലാണ് ആന്റണി ഒളിവില്‍ താമസിച്ചത്. ഒരു കടയില്‍ സെയില്സ്മാനായിട്ടായിരുന്നു ജീവിതം. അവിടെ നിന്ന് സേലത്തേക്ക് പോയി. അവിടെ ഏഴു ലക്ഷം രൂപയോളം മോഷ്ടിച്ചു. ഈ പണം ഉപയോഗിച്ച് ധാരാപുരത്ത് അഞ്ചുസെന്റ് സ്ഥലവും ഒരു കാറും വാങ്ങി. ഈ സ്ഥലവും കാറും കണ്ടുകെട്ടാനുള്ള നീക്കവും പോലീസ് ആരംഭിച്ചിട്ടുണ്ട്. തമിഴ്നാട് പോലീസിന്റെ കൂടി സഹകരണത്തോടെയായിരിക്കും നടപടികള്‍ സ്വീകരിക്കുക.
ആന്റണി പിടിയിലായ ഗോപാലപുരത്തെ വീട്ടിലെ ഭാര്യ ബിന്ദുവിനെ ഇയാള്‍ ശെല്‍വരാജ് എന്ന പേരിലാണ് വിവാഹം കഴിച്ചത്. തിരുപ്പൂരില്‍ തുണി വ്യാപാരമാണ് ജോലിയെന്നാണ് ഇവരോട് പറഞ്ഞിട്ടുള്ളത്. മോഷണവസ്തുക്കളും ഇവരെ തെറ്റിദ്ധരിപ്പിച്ചാണ് ഇവിടെ സൂക്ഷിച്ചിരുന്നത്. കുറഞ്ഞ വിലയ്ക്ക് ഇവ വാങ്ങി കൂടിയ വിലയ്ക്ക് വില്‍ക്കുന്ന ബിസിനസും തനിയ്ക്കുണ്ടെന്നാണ് ഇയാള്‍ ഭാര്യയോട് പറഞ്ഞത്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ പതിനാലിനായിരുന്നു ഇവരുടെ വിവാഹം. ബിന്ദുവിന്റെ ആദ്യവിവാഹത്തിലെ മക്കളെ സംരക്ഷിക്കാം എന്ന് വാക്ക് നല്‍കിയിരുന്നുവെന്നും യാതൊരു സംശയവും ഇയാളെപ്പറ്റി തോന്നിയിരുന്നില്ലെന്നും ബിന്ദു പോലീസിനോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: