കൊച്ചി: ഭരണസംവിധാനത്തില്‍ സുതാര്യത ഉറപ്പാക്കുന്നതിന് നിലവില്‍ വന്ന വിവരാവകാശ നിയമത്തിന് ഇന്ന് പത്ത് വര്‍ഷം പൂര്‍ത്തിയാകുന്നു. വിപ്ലവകരമെന്ന് വിശേഷിക്കപ്പെട്ട നിയമത്തിന് പതിറ്റാണ്ട് തികയുമ്പോഴും സംസ്ഥാന വിവരാവകാശ കമ്മീഷന് മതിയായ അംഗങ്ങളില്ലാതെ നിര്‍ജ്ജീവം. പതിനായിരത്തോളം അപേക്ഷകളാണ് തീരുമാനമാകാതെ കെട്ടിക്കിടക്കുന്നത്.
വിവരാവകാശ കമ്മീഷനില്‍ മുഖ്യവിവരാവകാശ കമ്മീഷണറടക്കം പത്ത് അംഗങ്ങള്‍ വരെയാകാം. സംസ്ഥാനത്ത് ആറ് അംഗങ്ങളാണുണ്ടായിരുന്നത്. ഇതില്‍ ഡോ.കുരിയാസ് കുമ്പളക്കുഴി ഈ വര്‍ഷം മാര്‍ച്ച് 20നും എം.എന്‍. ഗുണവര്‍ദ്ധനന്‍ ഏപ്രില്‍ 15നും സോണി തെങ്ങമം ഓഗസ്റ്റ് 10നും വിരമിച്ചു. മറ്റൊരു അംഗമായ കെ. നടരാജന് പ്രതിപക്ഷ നേതാവ് വി.എസ്സിനെതിരായ ഭൂമിദാനക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ സ്വാധീനിക്കാന്‍ ശ്രമിച്ചതിന് സസ്പെന്‍ഷനിലുമാണ്. 2012 നവംബര്‍ 9നാണ് നടരാജനെ സസ്പെന്റ് ചെയ്തത്.
സസ്പെന്‍ഷനിലാണെങ്കിലും ശമ്പളവും മറ്റ് ആനുകൂല്യങ്ങളും കൃത്യമായി ലഭിക്കുന്നുണ്ട്. ഇതുവരെയായി 33 ലക്ഷത്തിലധികം രൂപ ഇയാള്‍ പണിയെടുക്കാതെ കൈപ്പറ്റി. സസ്പെന്‍ഷനായതിനാല്‍ പകരം ആളെ നിയമിക്കാന്‍ സാധിക്കില്ലെന്ന പ്രശ്നമുണ്ട്.
നിലവില്‍ മുഖ്യ വിവരാവകാശ കമ്മീഷണര്‍ സിബി മാത്യൂസും സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ സി.എസ്. ശശികുമാറുമാണ് കമ്മീഷനിലുള്ളത്. ശശികുമാര്‍ ഈ മാസം 24ന് വിരമിക്കുകയും ചെയ്യും. അംഗങ്ങളുടെ നിയമനത്തിന് മൂന്ന് മാസം മുന്‍പ് നടപടികള്‍ ആരംഭിക്കണമെന്ന് 2012ല്‍ കേന്ദ്രസര്‍ക്കാരും നമിത് ശര്‍മ്മയും തമ്മിലുണ്ടായ കേസില്‍ സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു.
സര്‍ക്കാര്‍ തലത്തില്‍ ഇതുവരെ അംഗങ്ങളെ നിയമിക്കുന്നതിനുള്ള ഒദ്യോഗിക നടപടികളൊന്നും ആരംഭിച്ചിട്ടില്ല. ശശികുമാര്‍ കൂടി വിരമിക്കുന്നതോടെ വിവരാവകാശ കമ്മീഷന് ഫലത്തില്‍ ഏകാംഗ കമ്മീഷനായി മാറും.
ഒന്നാം അപ്പീല്‍ 45 ദിവസങ്ങള്‍ക്കുള്ളില്‍ തീര്‍പ്പ് കല്‍പ്പിക്കണമെന്ന് നിയമത്തില്‍ പറയുന്നു. എന്നാല്‍ പരാതിയും രണ്ടാം അപ്പീലും തീര്‍പ്പുകല്‍പ്പിക്കുന്നതിന് സമയപരിധി നിശ്ചയിച്ചിട്ടില്ല. അംഗങ്ങളില്ലാത്തതിനാല്‍ നടപടികള്‍ വൈകുന്നത് വിവരാവകാശ നിയമത്തിന്റെ അന്തസത്തയെ തന്നെ ചോദ്യം ചെയ്യുകയാണ്.
തീര്‍പ്പാകാതെ 9921 അപേക്ഷകള്‍
ഈ വര്‍ഷം ഫെബ്രുവരി വരെയുള്ള കണക്കനുസരിച്ച് 7449 അപ്പീലുകളും 2472 പരാതികളും സംസ്ഥാന വിവരാവകാശ കമ്മീഷനില്‍ തീര്‍പ്പാകാതെ കിടക്കുന്നുണ്ട്. വിവരാവകാശ കമ്മീഷണര്‍മാരുടെ നിയമനനടപടികള്‍ ആരംഭിക്കാന്‍ ഹൈക്കോടതി കഴിഞ്ഞ ദിവസം നിര്‍ദ്ദേശം നല്‍കിയിരുന്നു.
2011ല്‍ നല്കിയ പരാതി തീര്‍പ്പാക്കിയില്ലെന്ന് ചൂണ്ടിക്കാട്ടി കലൂര്‍ സ്വദേശി കെ.സി. തോമസ് സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു ഹൈക്കോടതിയുടെ ഇടപെടല്‍. അംഗങ്ങളുടെ കുറവാണ് പരാതി തീര്‍പ്പാക്കുന്നത് വൈകാന്‍ കാരണമെന്ന് കമ്മീഷന് കോടതിയില്‍ വിശദീകരണം നല്‍കിയിരുന്നു.
28486 അപ്പീലുകളും 6926 പരാതികളുമുള്‍പ്പെടെ 35412 അപേക്ഷകള്‍ കേന്ദ്ര വിവരാവകാശ കമ്മീഷനിലും തീര്‍പ്പാക്കാതെ കിടക്കുന്നുണ്ട്. ഒരു വര്‍ഷത്തിലധികം മുഖ്യ വിവരാവകാശ കമ്മീഷണറില്ലാതിരുന്ന കേന്ദ്ര വിവരാവകാശ കമ്മീഷനില്‍ പുതിയ സര്‍ക്കാരാണ് വിജയ് ശര്‍മ്മയെ നിയമിച്ച് ഒഴിവ് നികത്തിയത്.
പരിമിതികള്‍ ഏറെ
2013-2014 വര്‍ഷത്തില്‍ മാത്രം രാജ്യത്ത് അമ്പത് ലക്ഷത്തോളം വിവരാവകാശ അപേക്ഷകളാണ് സമര്‍പ്പിക്കപ്പെട്ടിട്ടുള്ളത്.
എന്നാല്‍ പത്ത് വര്‍ഷം പിന്നിടുമ്പോഴും എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും കാര്യക്ഷമമായി നിയമം നടപ്പിലാക്കാന്‍ സാധിച്ചിട്ടില്ല. സര്‍ക്കാര്‍ സഹായം ലഭിക്കുന്ന സ്വകാര്യസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഇപ്പോഴും നിയമം ബാധകമല്ല.
രാഷ്ട്രീയ പാര്‍ട്ടികള്‍ വിവരാവകാശ നിയമത്തിന് കീഴില്‍ വരണമെന്ന കേന്ദ്ര ഇന്‍ഫര്‍മേഷന്‍ കമ്മിഷന്റെ 2013ലെ വിധിയും നടപ്പിലായില്ല. രണ്ടാം അപ്പീലില്‍ സമയപരിധി നിശ്ചയിച്ചിട്ടില്ലാത്തതിനാല്‍ കേസുകള്‍ തീര്‍പ്പാക്കുന്നത് വൈകുന്നതും തിരിച്ചടിയാകുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: