വെഞ്ഞാറമൂട്: രാഷ്ട്രീയ വടംവലിയില്‍ ഭരണ സ്തംഭനവും വികസന മുരടിപ്പും കൊണ്ട് ജനങ്ങള്‍ പൊറുതിമുട്ടിയ പഞ്ചാത്താണ് നെല്ലനാട്. ഗ്രൂപ്പ് പോരില്‍ സിപിഎം പിളര്‍ന്ന് സിപിഐ- കോണ്‍ഗ്രസ് സഖ്യം ഭരണത്തിലെത്തിയതോടെ ജനങ്ങള്‍ വറുചട്ടിയില്‍ നിന്ന് എരിതീയിലേക്കായി. ജില്ലയിലെതന്നെ ഏറ്റവും വരുമാനമുള്ള പഞ്ചായത്തില്‍ വികസനം കടലാസ്സിലൊതുങ്ങി.
വാമനപുരം മണ്ഡലത്തിന്റെ ഹൃദയഭാഗത്താണ് നെല്ലനാട് പഞ്ചായത്ത് സ്ഥിതിചെയ്യുന്നത്. സിപിഎമ്മിന്റെയും കോണ്‍ഗ്രസ്സിന്റെയും സംസ്ഥാന നേതാക്കള്‍വരെ ഈ പഞ്ചായത്തിലുണ്ട്. ഇലക്ഷന് സമയത്തെ രഹസ്യ ചര്‍ച്ചകള്‍ ഒഴിച്ചാല്‍ പഞ്ചായത്തിന്റെ വികസനകാര്യ ചര്‍ച്ചകള്‍ നടത്താന്‍ ആരും തയ്യാറായിട്ടില്ല. എംസി റോഡ് കടന്നുപോകുന്ന ഇവിടെ അശാസ്ത്രീയമായി സ്ഥിതിചെയ്യുന്ന കെഎസ്ആര്‍ഡിസി ഡിപ്പോയും, റോഡ് നവീകരണ സമയത്ത് നഷ്ടപരിഹാരം കൈപ്പറ്റിയിട്ടും ഒഴിഞ്ഞുപോകാന്‍ കൂട്ടാക്കാത്ത ചില കെട്ടിട ഉടമകളും എല്ലാം ടൗണിന്റെ വികസനത്തെ പിന്നോട്ടടിച്ചു. ഗതാഗതക്കുരുക്കിന് കാരണമായ അനധികൃത പാര്‍ക്കിംഗ് പരിഹരിക്കാനും സിഗ്നല്‍ ലൈറ്റ് സ്ഥാപിക്കാനും ലക്ഷങ്ങള്‍ ചെലവിട്ടതല്ലാതെ പദ്ധതി ജനങ്ങള്‍ക്ക് ഉപകരിച്ചില്ല. ഇടവിട്ടുള്ള കറണ്ട് പോക്കിന് പരിഹാരംകാണാന്‍ പോലും കഴിയാത്ത പഞ്ചായത്തായി നെല്ലനാട് അധ:പ്പതിച്ചു.
സ്വന്തം വിഭാഗത്തില്‍പ്പെട്ട വനിത ഭരിക്കുന്ന പഞ്ചായത്തില്‍ കിടപ്പാടത്തിനും കുടിവെള്ളത്തിനും വേണ്ടി പട്ടികവിഭാഗങ്ങള്‍ ധര്‍ണ്ണയും ഉപരോധവും കഞ്ഞിവയ്പ്പ് സമരവും നടത്തേണ്ടിവന്നു. മക്കാംകോണം കോളനിയിലെ അഞ്ചില്‍പ്പരം കുടുംബങ്ങള്‍ പട്ടയവും കുടിവെള്ളവും കിട്ടാതെ നരകിക്കുന്നു. ഇടത്-വലത് അംഗങ്ങള്‍ക്കുനേരെ അഴിമതി ആരോപണങ്ങളുമുണ്ട്. പട്ടികജാതിക്കാരിക്ക് ഭൂമിവാങ്ങി നല്‍കിയതില്‍ ഇടത് അംഗം അഴിമതിനടത്തി എന്നാരോപിക്കുന്ന പഞ്ചായത്ത് ഭരണസമിതി അതിന് വിളിപ്പാടകലെ സമാന രീതിയിലുള്ള ഭൂമി സ്ലാട്ടര്‍ ഹൗസിനായി കൂടുതല്‍ വിലയ്ക്ക് വാങ്ങിയ കാഴ്ചയും നാട്ടുകാര്‍ കണ്ടു. ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനവും സ്ത്രീ ശാക്തീകരണവും രാഷ്ട്രീയ അതിപ്രസരത്തില്‍ മുങ്ങി.
പഞ്ചായത്തിന്റെ സ്വപ്ന പദ്ധതിയായ ഭൂതമടക്കി സ്ലാട്ടര്‍ ഹൗസ് നിര്‍മ്മാണവും 25 ലക്ഷംരൂപ ചെലവില്‍ പ്രാരംഭ പ്രവര്‍ത്തനം ആരംഭിച്ച തൈക്കാട് -വെഞ്ഞാറമൂട് ബൈപ്പാസ് പദ്ധതിയും യാഥാര്‍ത്ഥ്യമാക്കാന്‍ പഞ്ചായത്തിനായിട്ടില്ല. വിവിധ പ്രദേശങ്ങളില്‍ പഞ്ചായത്ത് വക ഏക്കറുകണക്കിന് ഭൂമി കാടുകയറി നശിക്കുന്നു. തുമ്പൂര്‍മൂഴിയില്‍ ആലപ്പുഴ മോഡല്‍ മാലിന്യസംസ്കരണം പ്രഖ്യാപിച്ചെങ്കിലും അതും ഏട്ടിലെ പശുവായി. പാവപ്പെട്ടവര്‍ക്കുവേണ്ടിയുള്ള ആശ്രയ പദ്ധതി നടപ്പിലാക്കാത്ത ഏക പഞ്ചായത്താണ് നെല്ലനാട്.
ലക്ഷങ്ങള്‍ മുടക്കിയ പ്രൈവറ്റ് ബസ്സ് സ്റ്റാന്‍ഡ് ഇപ്പോള്‍ മീന്‍ മൊത്തവ്യാപാരത്തിന് വിട്ടുനല്‍കി. രണ്ടായിരത്തിലധികം കുട്ടികള്‍ പഠിക്കുന്ന വെഞ്ഞാറമൂട് യുപിസ്കൂളില്‍ കുടിവെള്ളം ഇപ്പോഴും കിട്ടാക്കനിയാണ്. ആവശ്യത്തിന് മൂത്രപ്പുരകളോ കുട്ടികള്‍ക്ക് നിവര്ന്നുനില്ക്കുവാനുള്ള സ്ഥലമോ ഈ സ്കൂളിന് ഇല്ല. പഞ്ചായത്തിന്റെ വികസനങ്ങള്‍ മെമ്പര്‍മാരുടെ പോക്കറ്റ് നിറച്ചു. കൊട്ടിഘോഷിച്ച് ഉദ്ഘാടനം ചെയ്ത ‘മണ്ണുംവീടും’പദ്ധതി ഇലക്ഷന് ലാക്കാക്കിയുള്ള സ്പോണ്‍സേര്‍ഡ് പ്രോഗ്രാമായി മാറി. അനധികൃത മാംസ വ്യാപാരം നിര്‍ത്തലാക്കാനുള്ള ഹൈക്കോടതി ഉത്തരവിന് പഞ്ചായത്ത് പുല്ലുവിലപോലും നല്‍കിയില്ല. ലക്ഷങ്ങള്‍ ചെലവിട്ട വെഞ്ഞാറമൂട് ചന്തയില്‍ മഴപെയ്താല്‍ ചെളിക്കെട്ടാകുന്ന അവ്സഥ. പഞ്ചായത്ത് റോഡുകള്‍ തകര്‍ന്ന് വെള്ളക്കെട്ടായി മാറിയിരിക്കുന്നു. ഇങ്ങനെ ഈ പഞ്ചായത്തിനെ വികസന മുരടിപ്പിന്റെ പര്യായമായി മാറ്റി ഇടത്-വലത് ഭരണം. മാറിവന്ന ഇരുമുന്നണികളും പേരില്‍ മാത്രമാണ് വ്യത്യസ്ഥത പുലര്‍ത്തിയത്. സ്വജനപക്ഷപാതവും അഴിമതിയും കൊണ്ട് പൊറുതിമുട്ടിയ പഞ്ചായത്താണ് വീണ്ടും ഒരു തെരെഞ്ഞടുപ്പിനെ അഭിമുഖീകരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: