രാജപുരം: ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് മലയോരത്തെ വിദ്യാര്‍ഥികളില്‍ ഛര്‍ദ്ദിയും വയറിളക്കവും പടരുന്നു. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ഇരുപത്തഞ്ചോളം വിദ്യാര്‍ഥികളാണ് ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ചികിത്സ തേടി ആശുപത്രികളിലെത്തിയത്. ഛര്‍ദ്ദിയും വയറിളക്കവും വയറുവേദനയും പനിയുമായാണ് വിദ്യാര്‍ഥികള്‍ ചികിത്സ തേടിയെത്തുന്നത്. കൊട്ടോടി ഗവര്‍മെന്റ് ഹയര്‍സെക്കണ്ടറി സ്കൂള്‍, രാജപുരം ഹോളിഫാമിലി ഹയര്‍സെക്കണ്ടറി സ്കൂള്‍, പാണത്തൂര്‍ ഗവര്‍മെന്റ് വെല്‍ഫെയര്‍ ഹൈസ്കൂള്‍ എന്നിവിടങ്ങളിലെ വിദ്യാര്‍ഥികളാണ് ഭൂരിഭാഗവും. പൂടംകല്ല് സിഎച്ച്സിയില് പന്ത്രണ്ടു കുട്ടികളും പാണത്തൂര്‍ പിഎച്ച്സിയില്‍ മൂന്നു കുട്ടികളും ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തിലാണ്. സ്കൂള്‍ വിദ്യാര്‍ഥികള്‍ പുറത്തുനിന്നും വാങ്ങികഴിച്ച ഭക്ഷണത്തിലെ വിഷബാധയാകാം രോഗ കാരണമെന്ന് അധികൃതര്‍ പറയുന്നു. ഭക്ഷ്യവിഷബാധ സ്ഥിരീകരിച്ചതോടെ ആരോഗ്യ വകുപ്പ് സുരക്ഷാ നടപടികള്‍ ശക്തമാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി മലയോരത്തെ സ്കൂളുകളിലെത്തിയ ആരോഗ്യ വകുപ്പ് അധികൃതര്‍ തണുത്തതും വൃത്തിഹീനമായ സാഹചര്യത്തിലുണ്ടാക്കുന്നതുമായ ഭക്ഷ്യവസ്തുക്കള്‍ ഒഴിവാക്കാനും കുടിവെള്ള സ്രോതസുകള്‍ ശുചീകരിക്കാനും നിര്‍ദേശം നല്കി. പൂടംകല്ല് സിഎച്ച്സി മെഡിക്കല്‍ ഓഫീസര്‍ ഡോ. സി. സുകു, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി. കുഞ്ഞികൃഷ്ണന് നായര്‍ എന്നിവര്‍ നേതൃത്വം നല്കി. മലയോരത്തെ ഹോട്ടലുകളിലേക്കും കൂള്‍ബാറുകളിലേക്കും വാഹനങ്ങളില്‍ വിതരണം ചെയ്യുന്ന ലഘുഭക്ഷണത്തില്‍ നിന്നാണ് വിഷബാധയുണ്ടായതെന്ന് സൂചനയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: