സ്വന്തം ലേഖകന്‍
മട്ടന്നൂര്‍(കണ്ണൂര്‍) : സംസ്ഥാനത്താകമാനം തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്റെ ചൂടിലേക്ക് നീങ്ങുമ്പോള്‍ കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂര്‍ നഗരസഭാ പരിധിയില്‍ തെരഞ്ഞെടുപ്പ് ആരവങ്ങളില്ല. നഗരസഭാ ഭരണസമിതിയുടെ കാലാവധി കഴിയാത്തതിനാലാണ് നഗരസഭയില്‍ തെരഞ്ഞെടുപ്പ് നടക്കാത്തത്. ആദ്യം നഗരസഭയായി ഉയര്‍ത്തുകയും പിന്നീട് വീണ്ടും പഞ്ചായത്തായി തരം താഴ്ത്തുകയും വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും നഗരസഭയായി ഉയര്‍ത്തുകയും ചെയ്തതാണ് എല്ലാ തദ്ദേശ സ്ഥാപനങ്ങളൊടൊപ്പം ഇവിടെ തെരഞ്ഞെടുപ്പ് നടക്കാത്തിരിക്കാന്‍ വഴിയൊരുക്കിയത്.
1990 വരെ പഞ്ചായത്തായിരുന്ന മട്ടന്നൂരിനെ എല്‍ഡിഎഫ് സര്‍ക്കാര്‍ നഗരസഭയായി ഉയര്‍ത്തിയെങ്കിലും 1994 ല്‍ യുഡിഎഫ് സര്‍ക്കാര്‍ പഞ്ചായത്തായി തരംതാഴ്ത്തുകയായിരുന്നു. എന്നാല്‍ കര്‍മ്മസമിതിയുടേയും മറ്റും നിരന്തര സമരങ്ങളുടേയും നിയമ പോരാട്ടങ്ങളുടേയും ഒടുവില്‍ 1996 ല്‍ വീണ്ടും മട്ടന്നൂരിനെ നഗരസഭയായി ഉയര്‍ത്തുകയായിരുന്നു. തുടര്‍ന്ന് 1997 ല്‍ ആദ്യ നഗരസഭാ തെരഞ്ഞെടുപ്പ് മട്ടന്നൂരില്‍ നടന്നു. തുടര്‍ന്ന് കാലാവധി പൂര്‍ത്തിയായ മുറയ്ക്ക് 2002, 2007,2012 വര്‍ഷങ്ങളില്‍ തെരഞ്ഞെടുപ്പുകള്‍ നടന്നു. അതിനാല്‍ നിലവിലുളള ഭരണ സമിതിക്ക് 2017 വരെ കാലാവധിയുണ്ട്. അതുകൊണ്ടാണ് സംസ്ഥാനത്തെ മറ്റ് തദ്ദേശ സ്ഥാപനങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കുന്ന ഈ ഘട്ടത്തില്‍ മട്ടന്നൂരില്‍ തെരഞ്ഞെടുപ്പ് നടക്കാത്തത്. തെരഞ്ഞെടുപ്പ് നടക്കുന്നില്ലെങ്കിലും സംസ്ഥാനത്താകമാനം തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ പദ്ധതി പ്രവര്‍ത്തനങ്ങളൊന്നും മട്ടന്നൂര്‍ നഗരസഭാ പരിധിയില്‍ നടക്കുന്നില്ല. നഗരസഭ രൂപം കൊണ്ടതുമുതല്‍ എല്‍ഡിഎഫാണ് നഗരസഭാ ഭരണം കൈയ്യാളിവരുന്നത്. നേരെത്തെ നാമമാത്രമായ പ്രതിപക്ഷ അംഗങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുവെങ്കില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 34 ല്‍ 14 അംഗങ്ങളെ യുഡിഎഫ് വിജയിപ്പിച്ചെടുക്കുകയുണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: