കാസര്‍കോട്: കൂഡ്ലു സര്‍വീസ് സഹകരണ ബാങ്ക് കവര്‍ച്ചാകേസില്‍ പ്രതിയാണെന്ന് സംശയിക്കുന്ന ആള് സ്റ്റേഷനില്‍ ആത്മഹത്യക്ക് ശ്രമിച്ചു. ഗുരുതര നിലയിലായ ഇയാളെ മംഗളൂരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊട്ടാരക്കര സ്വദേശി സുരേഷ് എന്ന ശിശുപാല(45)നാണ് തിങ്കളാഴ്ച രാത്രി ഒമ്പതോടെ കാസര്‍കോട് പോലിസ് സ്റ്റേഷനിലെ ശൗചാലയത്തില്‍ ഉടുമുണ്ടില്‍ തൂങ്ങിയത്.
കഴിഞ്ഞ ദിവസം വൈകീട്ട് മംഗളൂരുവില്‍ വച്ചാണ് അന്വേഷണ ഉദ്യോഗസ്ഥന് ഇയാളെ കസ്റ്റഡിയിലെടുത്തത്. പിന്നീട് മുഖംമൂടി ധരിപ്പിച്ച് കാസര്‍കോട് സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു. ഇവിടെ വച്ച് വിശദമായി ചോദ്യം ചെയ്ത ശേഷം പാറാവ് കാരനെ രേഖാമൂലം ഏല്‍പ്പിക്കാതെ സ്റ്റേഷനില്‍ നിര്ത്തുകയായിരുന്നുവന്നാണ് വിവരം. ഇവിടെ നിന്ന് ബാത്ത് റൂമിലേക്ക് പോകണമെന്നാവശ്യപ്പെട്ട് പോയ ഇയാള്‍ ഉടുമുണ്ട് കഴുത്തില്‍ കെട്ടി തൂങ്ങുകയായിരുന്നു. ഏറെ സമയം കഴിഞ്ഞിട്ടും ബാത്ത്റൂമില്‍ നിന്ന് പുറത്ത് വരാത്തതിനെ തുടര്‍ന്ന് പോലിസുകാര്‍ വാതില്‍ തുറന്നു നോക്കിയപ്പോഴാണ് കെട്ടിത്തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പോലിസ് കാസര്‍കോട് ജനറല്‍ ആശുപത്രിയിലും നില ഗുരുതരമായതിനാല്‍ മംഗളൂരു ആശുപത്രിയിലും എത്തിക്കുകയായിരുന്നു.
ബാങ്ക് കവര്‍ച്ചയുമായി ബന്ധപ്പെട്ട് രണ്ട് പ്രതികള്‍ മംഗളൂരുവില്‍ കറങ്ങുന്നതായി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പോലിസ് സംഘം കഴിഞ്ഞ ദിവസം ഉച്ചയോടെ മംഗളൂരുവിലെത്തിയത്. അന്വേഷിക്കുന്നതിനിടെ റെയില്‍വേ സ്റ്റേഷന് പരിസരത്താണ് ശിശുപാലനെ കണ്ടത്. പോലിസിനെ കണ്ട് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയില്‍ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ആളുമാറിയാണ് ഇയാളെ കസ്റ്റഡിയിലെടുത്തതെന്നാണ് സൂചന. സംഭവത്തെ കുറിച്ച് ആഭ്യന്തരവകുപ്പ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. പോലിസ് സ്റ്റേഷനിലെ കുളിമുറിയില്‍ തൂങ്ങിയ സംഭവത്തില്‍ ശിശുപാലനെതിരെ കേസെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: