കണ്ണൂര്‍: കഴിഞ്ഞ കാലങ്ങളില്‍ ജില്ലയിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ ഭരണം കയ്യാളിയ ഇടത്-വലത് മുന്നണികള്‍ക്ക് ഭരണ സമിതികള്‍ നടത്തിയ അഴിമതികളും കെടുകാര്യസ്ഥതയും തെരഞ്ഞെടുപ്പ് അടുത്തതോടെ കനത്ത തിരിച്ചടിയാവുന്നു. സിപിഎമ്മും കോണ്‍ഗ്രസും മുസ്ലീം ലീഗും ഉള്‍പ്പെടെയുളള കക്ഷികള്‍ ഭരണ സ്വാധീനം ഉപയോഗിച്ച് മണല്‍വാരല്‍ വഴിയും മറ്റും നടത്തിയ ലക്ഷങ്ങളുടേയും കോടികളുടേയും അഴിമതിക്കഥകളാണ് കഴിഞ്ഞ നാളുകളില്‍ ജില്ലയുടെ വിവിധ മേഖലകളില്‍ നിന്നും പുറത്തുവന്നത്. മണല്മാഫിയകളായി പ്രവര്‍ത്തിച്ച പല സ്ഥലങ്ങളിലും നേതാക്കള്‍ ലക്ഷക്കണക്കിന് രൂപയാണ് തട്ടിയെടുത്തതെന്ന് വിജിലന്‍സ് ഉള്‍പ്പെടെ കണ്ടെത്തിയിരുന്നു.
ജില്ലയിലെ 20 പഞ്ചായത്തുകളിലെങ്കിലും ഇത്തവണ തെരഞ്ഞെടുപ്പില്‍ അഴിമതി മുഖ്യവിഷയമാവാന് പോവുകയാണ്. സിപിഎം ഭരിക്കുന്ന മലപ്പട്ടം,കുറുമാത്തൂര്‍,തളിപ്പറമ്പ് നഗരസഭ, പയ്യന്നൂര്‍ നഗരസഭ,അഴീക്കോട് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ഭരണ സമിതികള്‍ക്കെതിരെ അഴിമതി സര്‍വ്വത്ര ചര്‍ച്ചാ വിഷയമായിരിക്കുകയാണ്. പാര്‍ട്ടി അണികള്‍ക്കിടയില്‍ പോലും അഴിമതിക്കഥകള്‍ സജീവ ചര്‍ച്ചയായി കഴിഞ്ഞിരിക്കുന്നത് ഭരണകക്ഷിയായ സിപിഎമ്മിന് തലവേദനയായി മാറികഴിഞ്ഞിട്ടുണ്ട്. പയ്യന്നൂര്‍ നഗരസഭയില്‍ കുടിവെളള വിതരണത്തിന്റെ പേരില്‍ പോലും അഴിമതി ആരോപണം ഉയര്‍ന്നിരിക്കുകയാണ്. യുഡിഎഫ് മുന്നണിക്കാവട്ടെ ചെറുപുഴ, അയ്യന്‍കുന്ന് കണ്ണൂര്‍ ഉള്‍പ്പെടെയുളള തദ്ദേശ സ്ഥാപനങ്ങളില്‍ ഉയര്‍ന്നു വന്നിരിക്കുന്ന അഴിമതിയാരോപണങ്ങള്‍ കീറാമുട്ടിയായിരിക്കുകയാണ്.
മലപ്പട്ടം പഞ്ചായത്തില്‍ നടന്ന മണല്‍വാരലുമായി ബന്ധപ്പെട്ട് പാര്‍ട്ടി നേതാക്കളായ പഞ്ചായത്ത് അംഗങ്ങള്‍ക്കും പാര്ട്ടിമെമ്പര്മാര്ക്കുമെതിരെ വന്‍ അഴിമതിയാരോപണമാണ് ഉയര്‍ന്നിരുന്നത്. സൊസൈറ്റിയുടെ പേരില്‍ കോടിക്കണക്കിന് രൂപയുടെ വെട്ടിപ്പ് നടത്തിയതായി കണ്ടെത്തിയ പാര്‍ട്ടി നേതാക്കള്‍ക്കെതിരെ വിജിലന്‍സ് കേസെടുത്തിരുന്നു. പ്രതികള്‍ ഇപ്പോള്‍ വിചാരണ നേരിടുകയാണ്. ഇതിനെ തുടര്‍ന്ന് നേതാക്കള്‍ക്കെതിരെ പാര്‍ട്ടി നടപടിയും എടുത്തിരുന്നു. മലപ്പട്ടം മേഖലയില്‍ സംഭവത്തെചൊല്ലി ഉടലെടുത്ത വിഭാഗീയത ഇപ്പോഴും പാര്‍ട്ടിക്കകത്ത് നിലനില്‍ക്കുകയാണ്. വരാന്‍ പോകുന്ന തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ അഴിമതിക്കെതിരെ പ്രതികരിക്കാനുളള തയ്യാറെടുപ്പിലാണ് ഒരു വിഭാഗം പാര്‍ട്ടി മെമ്പര്‍മാരും അണികളും നേതാക്കളും. പയ്യന്നൂരിലാവട്ടെ നഗരസഭാ കുടിവെളള പദ്ധതിയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന അഴിമതികള്‍ പാര്‍ട്ടിക്കകത്ത് ശക്തമായ അഭിപ്രായ ഭിന്നതയ്ക്കും പൊതു സമൂഹത്തില്‍ സജീവ ചര്‍ച്ചകള്‍ക്കും വഴിവെച്ചിരിക്കുകയാണ്. നഗരസഭയില്‍ നടന്ന അഴിമതികള്‍ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് പയ്യന്നൂര്‍ മേഖലയില്‍ കനത്തതിരിച്ചടിക്ക് കാരണമാകുമെന്നാണ് സൂചന.
പാര്‍ട്ടി കാലങ്ങളായി ഭരണം നടത്തി വരുന്ന മറ്റൊരു തദ്ദേശ സ്വയംഭരണ സ്ഥാപനമായ തളിപ്പറമ്പ് നഗരസഭയ്ക്കെതിരേയും വന്‍ അഴിമതിയാരോപണങ്ങളാണ് ഉയര്‍ന്നിരിക്കുന്നത്. ഇ-മണല്‍ സമ്പ്രദായം നിലവില്‍ വന്നതിന് ശേഷം 2012-13ല്‍ തൊഴില്‍ കൂലിയിനത്തില്‍ കടവ് കണ്‍വീനര്‍മാര്‍ക്ക് നല്കിയ കോടികള്‍ക്ക് വ്യക്തമായ കണക്കില്ല തുടങ്ങി ഗുരുതരമായ പ്രശ്നങ്ങളാണ് ഓഡിറ്റിംഗ് റിപ്പോര്‍ട്ടില്‍ പുറത്തുവന്നത്. മണല്‍വാരലുമായി ബന്ധപ്പെട്ട് ജില്ലയിലെ വിവിധ കടവുകളില്‍ നിന്നും പുറത്തു വന്നു കൊണ്ടിരിക്കുന്ന അഴിമതി കഥകള്‍ പാര്‍ട്ടിക്കകത്ത് ശക്തമായ പ്രതിഷേധത്തിനും വിഭാഗീയതയ്ക്കും വഴിതെളിയിച്ചിട്ടുണ്ട്. ഇത് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കെതിരായി മാറുമെന്നുറപ്പാണ്.
ചെറുപുഴ, അയ്യന്‍കുന്ന് തുടങ്ങി യുഡിഎഫ് ഭരിക്കുന്ന നിരവധി പഞ്ചായത്തുകളിലും ഭരണസമിതിക്കെതിരെ സമാനമായ അഴിമതി ആരോപണങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഇത് യുഡിഎഫിനും തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിക്ക് വഴിവെയ്ക്കുമെന്നുറപ്പാണ്. അഴിമതി കഥകള്‍ തെരഞ്ഞെടുപ്പില്‍ സജീവമാകുന്നതോടെ ഇടത്-വലത് മുന്നണികള്‍ പിടിച്ചു നില്‍ക്കാനേറെ ബുദ്ധിമുട്ടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: