കാസര്‍കോട്: ജില്ലയിലെ പല ബാങ്കുകളിലും വേണ്ടത്ര സുരക്ഷ സംവിധാനമില്ലാത്തത് കവര്‍ച്ച കൂടുന്നതിന് കാരണമാകുന്നുവെന്ന് പോലീസ്. പലസ്ഥലത്തും ബാങ്ക് പ്രവര്‍ത്തിക്കുന്നത് സ്വന്തമായ കെട്ടിടത്തിലല്ല. പഴയ കെട്ടിടമാണ് പലതും. അതുകൊണ്ട് തന്നെ കെട്ടിടത്തിന്റെ ഉറപ്പിന്റെ കാര്യത്തില്‍ അധികൃതര്‍ക്ക് യാതൊരു ഉറപ്പുമില്ല. സ്ട്രോംഗ് റൂമിന്റെ കോണ്‍ക്രീറ്റ് കനംകുറഞ്ഞതാണ്. ബാങ്കിനോട് ചേര്‍ന്ന് ഒഴിഞ്ഞ മുറികളുണ്ടാകുന്നത് സുരക്ഷയെ ബാധിക്കുമെന്ന് പോലീസ് മേധാവി പറയുന്നു. ചുറ്റുുപാടുകള് കാടുപിടിച്ച് കിടക്കുന്നതും മോഷ്ടാക്കള്‍ക്കു പറ്റിയ അന്തരീക്ഷമാണ്. കാര്യക്ഷമമായ സിസിടിവികള്‍ ബാങ്കുകളിലില്ല. റിസര്‍വ് ബാങ്ക് അനുശാസിക്കുന്ന തരത്തിലുളള രീതിയിലുള്ള സ്ട്രേംഗ് റൂമുകള്‍ ഒരു ബാങ്കിലുമില്ലെന്നും പോലീസ് പറയുന്നു.
താക്കോലുകള്‍ കൈമാറുന്നതും സൂക്ഷിക്കുന്നതും അലക്ഷ്യമായിട്ടാണെന്നാണ് പോലീസ് നിഗമനം. കുഡ്ലു ബാങ്കില്‍ പട്ടാപ്പകല്‍ കവര്‍ച്ച നടക്കാനിടയായതും താക്കോല്‍ അലക്ഷ്യമായി വെച്ചതിനാലാണ്. താക്കോല്‍ ജീവനക്കാര്‍ പരസ്പരം കൈമാറുന്നതിനും രേഖകളില്ല. ആര് സൂക്ഷിച്ചു എന്നതിന് വ്യക്തമായ തെളിവില്ല. ഗ്യാസ് കട്ടര്‍ പോലുള്ള ഉപകരണങ്ങള്‍ ഉപയോഗിച്ച് മുറിക്കാന്‍ പറ്റാത്ത രീതിയിലുള്ള സ്ട്രോംഗ് റൂമുകള്‍ നിര്‍മിച്ചാല്‍ സാധാരണക്കാരുടെ സ്വര്‍ണ്ണം എന്നും സുരക്ഷിതമായിരിക്കും. ചെറുകിട ധനകാര്യ സ്ഥാപനങ്ങള്‍ ധാരാളമുള്ള ജില്ലയില്‍ അവിടെ പണയം വെയ്ക്കുന്ന സ്വര്‍ണ്ണത്തിന്റെ സൂക്ഷിപ്പുകാര്യത്തില് ശക്തമായ സംവിധാനങ്ങളില്ല.
ബാങ്കുകളുടെ പൂര്‍ണ വിവരങ്ങള്‍ ജീവനക്കാര്‍ ഉപഭോക്താക്കളുമായി സംസാരിക്കുന്നതും സുരക്ഷയെ ബാധിക്കുന്നതായി പോലീസ് പുറത്തിറക്കിയ സുരക്ഷ വിവരങ്ങളില്‍ പറയുന്നു. കലാവധി കഴിഞ്ഞ സ്വര്‍ണ്ണം ലേലം ചെയ്യാതിരിക്കല്, ഉന്നത അധികാരികളുടെ കൃത്യമായ കണക്ക് പരിശോധന, ചെറിയ കൃത്യവിലോപത്തിനു പോലും കര്‍ശനമായ ശിക്ഷ എന്നിവ ഇല്ലാതിരിക്കലും ബാങ്കിന്റെ സുരക്ഷിതത്വത്തിനെ ബാധിക്കുന്നതായി പോലീസ് പറയുന്നു. ഇത്തരം നടപടികള്‍ നടക്കുന്നില്ല. അധികമായി സ്വര്‍ണ്ണം ലോക്കറില്‍ സൂക്ഷിക്കുകയോ പണയം വെയ്ക്കുന്നവരെ കുറിച്ചോ വിശദമായ വ്യക്തിവിവരങ്ങള്‍ സൂക്ഷിക്കണം. പ്രധാന കവാടം ഒരാള്‍ക്ക് മാത്രം കടന്നു പോകാവുന്ന രീതിയില്‍ ക്രമീകരിക്കണം. ഇത് ഒന്നിലധികം പേര്‍ക്ക് ഒരേ സമയം കടന്നു പോകാവുന്ന തരത്തിലാണ് പല ബാങ്കുകളിലുമുള്ളത്. ഇത് സംഘം ചേര്‍ന്നുള്ള അക്രമങ്ങള്‍ക്ക് സൗകര്യമൊരുക്കുന്നതായും പോലീസ് നിര്‍ദേശത്തില്‍ പറയുന്നു. സിസിടിവികള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ആഴ്ച അവസാനത്തിലോ തുടക്കത്തിലോ ക്ലിപ്പിംഗുകള്‍ പരിശോധിക്കാറില്ല. ഇത് കവര്‍ച്ച നടന്നാല്‍ പ്രതികളെകുറിച്ച് പെട്ടെന്ന് വിവരം ലഭിക്കുന്നതിന് കാലതാമസമുണ്ടാക്കുന്നതായും പോലീസ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: