കണ്ണൂര്‍: ഗാന്ധിജയന്തിയോടനുബന്ധിച്ച് കടമ്പൂര് ഹയര്‍സെക്കണ്ടറി സ്ക്കൂളിന്റെ ആഭിമുഖ്യത്തില്‍ നാളെ മുതല്‍ ഒരാഴ്ചക്കാലം ശുചിത്വ വാരാഘോഷം സംഘടിപ്പിക്കുമെന്ന് സ്ക്കൂള് അധികൃതര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. നടാല്‍ ജംഗ്ഷന് മുതല്‍ ചാല ജംഗ്ഷന് വരെയുളള 3.5 കിലോമീറ്റര്‍ ദൂരം റോഡിന്റെ ഇരുവശവും കാട് മൂടികിടക്കുകയും മാലിന്യം നിറഞ്ഞിരിക്കുകയുമാണ്. ഇതുവഴിയുളള യാത്ര ദുഷ്ക്കരമായിരിക്കുകയാണ്. ഈ മേഖല ശുചിത്വവാരഘോഷത്തിന്റെ ഭാഗമായി സ്ക്കൂള് വിദ്യാര്‍ത്ഥികളും അധ്യാപകരും ചേര്‍ന്ന് ശുചീകരിക്കും. ഇതോടൊപ്പം പരിസരമലിനീകരണത്തിനെതിരെ ബോധവല്‍ക്കരണം നല്കുംവിധത്തിലുളള സന്ദേശ വാക്യങ്ങള്‍ വഴിനീളെ പതിക്കുകയും ചെയ്യും. വാരാഘോഷത്തിന്റെ ഉദ്ഘാടനം നാളെ രാവിലെ 9.30 നടാല്‍ റെയില്‍വേ ഗേറ്റിനു സമീപം നടക്കുന്ന ചടങ്ങില്‍ ജില്ലാ കലക്ടര്‍ പി.ബാലകിരണ്‍ നിര്‍വ്വഹിക്കും. സ്ക്കൂളിലെ 5-ാം ക്ലാസു മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള ക്ലാസ്സുകളിലെ കുട്ടികളും അധ്യാപകരും സ്ക്കൂള് പിടിഎ ഭാരവാഹികളും അംഗങ്ങളും പരിപാടിയില്‍ സംബന്ധിക്കും. പത്രസമ്മേളനത്തില്‍ പിടിഎ പ്രസിഡണ്ട് സജീവന് വെങ്ങിലാട്ട്, സ്ക്കൂള് ഹെഡ്മിസ്ട്രസ് പി.എം.സ്മിത,എ.പി.രാഗേഷ് പി.സി.പ്രദീപ്,എം.സുധാകരന് മാസ്റ്റര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: