അപ്രതീക്ഷിതമായി നഗരത്തില്‍ വെള്ളക്കെട്ട് രൂപപ്പെട്ടപ്പോള്‍ സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിന് യാത്രക്കാരാണ് പെരുവഴിയിലായത്. വ്യാപാര സ്ഥാപനങ്ങളിലും പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങളിലും വെള്ളം കയറി…
തൊടുപുഴ: ഇന്നലെ വൈകിട്ട് തൊടുപുഴയിലുണ്ടായ ശക്തമായ മഴയില്‍ നഗരം വെള്ളത്തിലായി. വൈകിട്ട് അഞ്ചര മുതല്‍ ഏഴ് മണിവരെ നഗരം വെള്ളക്കെട്ടില്‍ കുരുങ്ങി. വ്യാപാര സ്ഥാപനങ്ങളില്‍ വെള്ളം കയറിയതോടെ വന്‍ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. മുനിസിപ്പല്‍ ബസ് സ്റ്റാന്റിന് സമീത്തെ കടകളിലാണ് വെള്ളം കയറിയത്. ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ക്ക് നാശം സംഭവിച്ചിട്ടുണ്ട്. റോഡില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങളുടെ എഞ്ചിനില്‍ വെള്ളം കയറി. പ്രൈവറ്റ് ബസ് സ്റ്റേഷന് സമീപമുണ്ടായ വെള്ളക്കെട്ട് മൂലം ബസ് സ്റ്റാന്റിലേക്ക് ബസുകള്‍ക്ക് കയറുന്നതിനും ഇറങ്ങുന്നതിനും തടസമുണ്ടായി. അപ്രതീക്ഷിതമായ വെള്ളക്കെട്ട് നൂറുകണക്കിന് യാത്രക്കാരെ വലച്ചു. വെള്ളക്കെട്ടിനെത്തുടര്‍ന്ന് ബസുകള്‍ റൂട്ട് മാറ്റി ഓടിച്ചു. മൂലമറ്റം, ഉടുമ്പന്നൂര്‍ റൂട്ടിലൂടെയുള്ള ബസുകള്‍ കോതായിക്കുന്ന് ബൈപ്പാസ് വഴിയാണ് ഓടിയത്. മൂവാറ്റുപഴ ഭാഗത്തേയേക്കുള്ള ബസുകള്‍ തെനംകുന്ന് ബൈപ്പാസ് വഴിയാണ് മണിക്കൂറുകളോളം സര്‍വ്വീസ് നടത്തിയത്. ഭീമാസ് ജ്വല്ലറിക്ക് സമീപവും വെള്ളക്കെട്ട് രൂപപ്പെട്ടത് ഗതാഗത തടസത്തിന് കാരണമായി. ഇവിടെ ബിവറേജസ് കോര്‍പ്പറേഷന്റെ മദ്യ വില്‍പ്പന ശാലയിലും വെള്ളം കയറി. സമീപത്തെ കടകളിലും വെള്ള കയറി. തൊടുപുഴ മൂലമറ്റം റൂട്ടില്‍ ഐഎച്ച്ആര്‍ഡി കോളേജിന് സമീപം റോഡിലും വെള്ളം കയറി. നഗരത്തില്‍ വെള്ളക്കെട്ടുണ്ടായ രണ്ട് സ്ഥലങ്ങളിലും മാസങ്ങള്‍ക്ക് മുന്‍പ് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നതാണ്. വെള്ളക്കെട്ട് രൂപപ്പെടാന്‍ കാരണം അശാസ്ത്രീയമായ നിര്‍മ്മാണ പ്രവര്‍ത്തനമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: