ചെറുവത്തൂര്‍: ചെറുവത്തൂര്‍ റെയില്‍വേ സ്റ്റേഷന് റോഡിലെ വിജയ ബാങ്കില്‍ നിന്നും കോടികളുടെ സ്വര്‍ണവും പണവും കൊള്ളയടിച്ച സംഭവത്തില്‍ കടമുറി വാടകയ്ക്കെടുത്ത മഞ്ചേശ്വരം സ്വദേശി ഇസ്മായിലും സംശയത്തിന്റെ നിഴലില്‍. ആറ് ഷട്ടര്‍ മുറികളുള്ള കടകളാണ് ഇസ്മായില്‍ ഒരു മാസം മുമ്പ് കെട്ടിട ഉടമയില്‍ നിന്നും വാടക എഗ്രിമെന്റ് പ്രകാരം വാങ്ങിയത്.
ഒരു സ്ത്രീയുടെ തിരിച്ചറിയല്‍ കാര്‍ഡാണ് എഗ്രിമെന്റിനൊപ്പം ഇയാള്‍ നല്‍കിയിരുന്നത്. പരിശോധനയില്‍ ഈ തിരിച്ചറിയല്‍ കാര്‍ഡ് വ്യാജമാണെന്ന് കണ്ടെത്തിയതായി കാഞ്ഞങ്ങാട് ഡിവൈഎസ്പി ഹരിസ്ചന്ദ്ര നായിക് പറഞ്ഞു. ഇസ്മായിലിനെ ഫോണിലോ നേരിട്ടോ ബന്ധപ്പെടാന്‍ പോലീസിന് ശ്രമിച്ചെങ്കിലും ഇത് വരെ കഴിഞ്ഞിട്ടില്ല.
ഇയാളെ കണ്ടെത്താനായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആറ് ഷട്ടര്‍ മുറികളുള്ള കടയില്‍ ഫാന്‍സി കടയും ചെരുപ്പുകടയും മറ്റും തുടങ്ങുമെന്നാണ് ഇസ്മായില്‍ കെട്ടിട ഉടമയെ ധരിപ്പിച്ചിരുന്നത്. കടയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇവിടെ തകൃതിയായി നടന്നുവരികയായിരുന്നു. തൊഴിലാളികള്‍ക്ക് താമസിക്കാന്‍ ബാങ്കിന്റെ ലോക്കറുള്ള സ്ഥലത്തെ താഴത്തെ മുറി തന്നെ നല്‍കിയതിന് പിന്നില്‍ ഇയാള്‍ക്ക് എന്തെങ്കിലും താല്പര്യം ഉണ്ടായിരുന്നുവോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്. ഇസ്മായിലിനെ കണ്ടെത്തിയാല്‍ മാത്രമേ ഇവിടെ ജോലിചെയ്തിരുന്ന തൊഴിലാളികളെകുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കുകയുള്ളുവെന്നാണ് പോലീസ് പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: