അമ്മയുടെ സ്നേഹത്തെക്കുറിച്ച് അറിയാത്തവരോട് പറഞ്ഞു കൊടുക്കാനാവില്ല. അമ്മ എന്ന വികാരം അനുഭവിച്ചറിയേണ്ടതത്രെ. ലോകത്ത് വിശുദ്ധവും പരിപക്വവുമായ ഒരേ ഒരു സംഗതി മാതൃത്വമാണ് എന്ന് പരക്കെ അഭിപ്രായമുണ്ട്. ഓള്‍ഡ് ഇന്‍ ആയാലും ന്യൂജന്‍ ആയാലും അമ്മവികാരത്തില് ചില ഏറ്റക്കുറച്ചിലും വൈജാത്യങ്ങളും ഉണ്ടെങ്കിലും സ്വത്വം ഒന്ന് തന്നെ. അതിന്റെ സത്ത അറിഞ്ഞവര്‍ക്ക് സത്ത് കിട്ടും. അല്ലാത്തവര്‍ അസത്താവും. മാതൃവാത്സല്യം അതിന്റെ തരളിത ഭാവത്തോടെ വഴിഞ്ഞൊഴുകുന്നത് മനുഷ്യരില്‍ മാത്രമല്ലെന്ന് നമുക്ക് അനുഭവത്തില്‍ നിന്ന് അറിയാന്‍ കഴിയും. പ്രകൃതി അതിന് എത്രയെത്ര അവസരങ്ങളാണ് നമുക്ക് നല്‍കുന്നത്. ആ മതൃവാത്സല്യത്തിന്റെ ഒരു രാഷ്ട്രീയ വശം ഇതാ ഇക്കഴിഞ്ഞ വാരത്തില്‍ നമുക്ക് അറിയാന്‍ കഴിഞ്ഞു.
സോണിയാമാഡം കോണ്‍ഗ്രസ്സിന്റെ ദീര്‍ഘകാലത്തെ അധ്യക്ഷയായി ആ പാര്‍ട്ടിയെ ക്രിയാത്മക ഭൂരിപക്ഷത്തിലേക്ക് നയിച്ചുകൊണ്ടിരിക്കുകയാണ്. ഏറെ പ്രയാസപ്പെട്ട് 44 എം.പി മാരെ ലോക്സഭയിലേക്ക് അയക്കാന്‍ സാധിച്ചതിന്റെ ചാരിതാര്‍ത്ഥ്യം ഒട്ടൊന്നുമല്ല അവരെ വര്‍ധിത വീര്യയാക്കുന്നത്. തന്റെ അധീശത്വം പാര്‍ട്ടിയില്‍ അടിച്ചേല്പ്പിക്കണമെന്നൊന്നും സംഗതിവശാല്‍ അവര്‍ക്ക് തോന്നിയിട്ടില്ല.
ഇനി ആര്‍ക്കെങ്കിലും അങ്ങനെ തോന്നിയെങ്കില്‍ തികച്ചും യാദൃച്ഛികം എന്നേ പറഞ്ഞുകൂടൂ. നാളു കുറെയായി ന്യൂജനും ഓള്‍ഡ് ജനും പറയുന്നു, പൊന്നുമോന് കിരീടവും ചെങ്കോലും നല്കാന്. എന്നാല്‍ ഒരമ്മമനസ്സിന്റെ ആഴവും പരപ്പും ആര്‍ക്കും കാണാന്‍ പറ്റില്ല എന്നു പറഞ്ഞതുപോലെയാണ് കാര്യങ്ങള്‍. ഒരു തരത്തില്‍ പറഞ്ഞാല്‍ ആകാരം കൊണ്ട് പൊന്നുമോന് വളര്‍ന്ന് ഒരു പരുവമായിട്ടുണ്ട്. എന്നതൊക്കെ ശരിതന്നെ. എന്നാല്‍ നേരാംവണ്ണം സ്ഥിതിഗതികള്‍ വ്യവച്ഛേദിച്ച് അറിയാനുള്ള പ്രാപ്തി കൈവരിച്ചിട്ടുണ്ടോ?
മേപ്പടി ചോദ്യത്തിനുള്ള ലളിതമായ മറുപടി സോണിയക്ക് ലഭിച്ചിട്ടില്ല. അങ്ങനെയുള്ള സ്ഥിതിക്ക് പാര്‍ട്ടിയുടെ അദ്ധ്യക്ഷ സ്ഥാനം ഏല്പ്പിച്ചുകൊടുക്കാനാവുമോ ? മോദിയുടെ തിരയടിയില്‍ പെട്ട് കാലും കൈയും തളര്‍ന്നുകിടക്കുന്ന പയ്യന് ആരും അറിയാതെ രാജ്യം വിടുക വരെ ചെയ്തിട്ടുണ്ട്. എവിടെപ്പോയെന്ന ആധിയില്‍ ഒരാഴ്ചക്കാലം പച്ചവെള്ളം കുടിക്കാതെ ക്രൂശിത രൂപത്തിനു മുമ്പില്‍ കുത്തിയിരുന്ന് കരഞ്ഞതിന്റെ കഥ സകലമാന പത്രക്കാരും അറിയാതിരിക്കാന്‍ പെട്ട പാട് ചില്ലറയല്ല. പല സ്ഥലങ്ങളിലും തെരഞ്ഞെടുപ്പുത്സവങ്ങള് നടക്കാന്‍ പോവുകയാണ്. അത്തരമൊരു സ്ഥിതിവിശേഷത്തില്‍ കപ്പിത്താന്റെ കുപ്പായം പൊന്നുമോന് ധരിക്കാന്‍ കൊടുത്താല്‍ എപ്പോള്‍ മുങ്ങുമെന്ന് ചോദിച്ചാല്‍ മതി.
പാലൂട്ടി തേനൂട്ടി താരാട്ടുപാടി വളര്‍ത്തിക്കൊണ്ടുവന്ന പുത്രനെ പൊരിവെയിലത്ത് നിര്‍ത്താന്‍ ഏതമ്മയാണ് തയാറാവുക? ആയതിനാല്‍ പക്വതയുടെ പാകപ്പെട്ട വഴികളൊക്കെ ടിയാന് അറിഞ്ഞുവെക്കട്ടെ. അതിനു ശേഷമാകാം അരിയിട്ടുവാഴ്ച. ഒരമ്മയും മകനെ കഷ്ടപ്പെടുത്താനായി മാത്രം ഒന്നും ചെയ്യില്ല. മാതൃവാത്സല്യം, സ്നേഹം തുടങ്ങിയ വികാരങ്ങള്‍ രാഷ്ട്രീയത്തിലും ഏറെ പ്രസക്തമാണെന്ന് ഇപ്പോള്‍ തിരിച്ചറിയാന്‍ നമുക്കു സാധിച്ചിരിക്കുന്നു. തല്ക്കാലം പാര്‍ട്ടിയെ നയിക്കുക. നല്ല സമയം വരുമ്പോള്‍ മകനുവേണ്ടി സ്ഥാനം ഒഴിഞ്ഞുകൊടുക്കുക. അത്രയ്ക്കൊന്നും വയസ്സായിട്ടില്ലല്ലോ. പൊന്നുമോനുവേണ്ടി കാത്തിരിക്കുന്ന എല്ലാ നല്ലവരായ നാട്ടുകാരും തല്ക്കാലം പുതിയപുതിയ മുദ്രാവാക്യങ്ങളൊന്നും വിളിക്കാതിരിക്കുക, അത്ര തന്നെ.
51 വെട്ടാണോ, 25 വെട്ടാണോ അതില്‍ കുറവ് വെട്ടാണോ ഒരു മനുഷ്യനെ കൊല്ലാന്‍ വേണ്ടതെന്നതിനെക്കുറിച്ച് പോളിറ്റ് ബ്യൂറോ ഇപ്പോഴും ചര്‍ച്ച നടത്തിക്കൊണ്ടിരിക്കുകയാണ്. അതിന്റെ പരിസമാപ്തി എപ്പോള്‍ എങ്ങനെ എന്നതിനെക്കുറിച്ച് ഒരു രൂപവും കിട്ടിയിട്ടില്ല. എന്തിലും ഒരു കല വേണമെന്നത് പാര്‍ട്ടിക്ക് പണ്ടേ നിര്‍ബന്ധമാണ്. തല്ലാനായാലും കൊല്ലാനായാലും തിന്നാനായാലും അതില്‍ മാറ്റമില്ല. പാര്‍ട്ടി വഴിയെക്കുറിച്ച് നേരത്തെ ബോധ്യമുള്ളവരെ കൂടുതല്‍ കലാപരമായാണ് വകവരുത്തുക എന്നൊരു വ്യത്യാസമേയുള്ളു.
കടലു കണ്ടവനോട് പുഴയുടെ കാര്യം പറയുന്നതില്‍ അര്‍ത്ഥമില്ലെന്ന പാറപ്പുറം പോളിസിയാണ് പാര്‍ട്ടി അന്നും ഇന്നും പിന്തുടരുന്നത്. ഒഞ്ചിയത്തെ മുന്‍ സഖാവിനെ കലാപരമായി കാലപുരിക്കയച്ചതിന്റെ പ്രശ്നം എങ്ങനെയെങ്കിലും തീര്‍ക്കണമെന്ന വാശിയോടെ ബ്രാഞ്ച് തലം മുതല്‍ പ്രവര്‍ത്തിക്കുമ്പോഴാണ് ചില വിദ്വാന്മാര് കഥയും കവിതയും ഒക്കെയായി രംഗപ്രവേശം ചെയ്തത്. അതൊക്കെ ഒരു വിധത്തില്‍ കീടനാശിനി സ്പ്രേ ചെയ്ത് നശിപ്പിച്ചു. ചിലതൊക്കെ തളിര്‍ത്തെങ്കിലും പിന്നീട് വേരോട്ടം കിട്ടിയില്ല. അതോടെ ചെറിയൊരാശ്വാസമൊക്കെ വന്നതാണ്്. ആന്ധ്രാക്കാരന്റെ കൈകളില്‍ അരിവാളും ചുറ്റികയും ഭദ്രം എന്നും കരുതി.
എന്നാല്‍ ഇതിനെക്കുറിച്ചൊന്നും തരിമ്പും വെളിവില്ലാത്ത വിദ്വാന് സെല്ലുലോയ്ഡ് വഴി കഥ പറയാന്‍ പുറപ്പെട്ടിരിക്കുകയാണ്. അത് ക്ലച്ച് പിടിച്ചാല്‍ നവംബറില്‍ നടക്കാന്‍ പോകുന്ന ഉത്സവത്തിന്റെ പിരിവിന് ഏല്ക്കുന്ന ക്ഷതം ചില്ലറയാവില്ല. അതിന് തടയിടാന്‍ നമ്മുടെ സ്ഥിരം കലാപരിപാടി തന്നെ പ്രയോഗിക്കയേ നിവൃത്തിയുള്ളു. ഒഞ്ചിയത്തെ 51 വെട്ടിന്റെ കഥ അവിടെ തീര്‍ന്നു. ഇനിയും അക്കഥ പാടി നടക്കുന്ന പാണന്മാരുണ്ടെങ്കില് അവര്‍ക്കും അതേ ഗതി തന്നെ വരുത്തുകയത്രേ കരണീയം.
ആവിഷ്കാര സ്വാതന്ത്ര്യം, ഭരണഘടനാദത്തമായ അവകാശം എന്നൊക്കെയുള്ള ഓലപ്പാമ്പുകളെയും കൊണ്ട് വരാനാണ് ഭാവമെങ്കില്‍ വെട്ടിന്റെ എണ്ണം കൂടുകയല്ലാതെ കുറയുകയില്ലെന്ന് കട്ടായം പറയുന്നു. കലാസാംസ്കാരിക രംഗത്തെ താലിബാനിസമെന്നോ മറ്റെന്തെങ്കിലുമെന്നോ പറയാന്‍ നിങ്ങള്ക്കവകാശമുള്ളതുപോലെ അതു തടയുന്നതിനും പാര്‍ട്ടിക്ക് അവകാശമുണ്ട്. ഞങ്ങള്‍ പറയുന്നതാണ് രാഷ്ട്രീയം, ഞങ്ങള്‍ കാണിക്കുന്നതാണ് കല, ഞങ്ങളാണ് ശരി. ഇതാണ് യഥാര്‍ത്ഥ രാഷ്ട്രീയം, ഇങ്ക്വിലാബ് സിന്ദാബാദ്.
ഗുരു ദൈവമാണെന്ന് സ്വയം പറഞ്ഞിട്ടില്ല. അതുകൊണ്ട് ഗുരുവിനെ കുരിശിലേറ്റുന്നതില്‍ പാര്‍ട്ടിക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നിട്ടുമില്ല. പിന്നെ ദൈവം എന്ന് പറയുന്നത് തന്നെ എന്താണ്? ഗുരു തന്നെ അതു പറഞ്ഞിട്ടുണ്ട്. അതിന്റെ സിദ്ധാന്തവല്ക്കരണം അരുവിപ്പുറത്തെ പ്രതിഷ്ഠയോടെ നടന്നുകഴിഞ്ഞു. ദൈവത്തെ തേടി നാടായ നാടൊക്കെ അലഞ്ഞു നടക്കുന്നവര്‍ക്കുള്ള സ്വയമ്പന്‍ വഴിയാണ് ഗുരുപറഞ്ഞുകൊടുത്തത്. ഓരോരുത്തരുടെയും ഉള്ളില്‍ തന്നെയാണ് ദൈവം. തല്ക്കാലം അത് പറഞ്ഞ് മനസ്സിലാക്കിച്ചുകൊടുക്കാന്‍ ബുദ്ധിമുട്ടാണ്. അതിന് പറ്റിയ സംഗതിയാണ് കണ്ണാടി.
സ്വന്തം രൂപത്തിന്റെ മനോഹാരിത (അല്ലെങ്കില്‍ വൈകൃതം) ഇത്ര കൃത്യമായി മറ്റെങ്ങനെ അറിയാനാവും? ഉള്ളിലുള്ള ദൈവത്തിന്റെ പ്രതിരൂപം മനസ്സിലാക്കിച്ചുതന്ന ഗുരു ഒരു സാദാ മനുഷ്യന്. അപ്പോള്‍ ആ മനുഷ്യനെ കുരിശിലേറ്റിയാല്‍ എന്താ പ്രശ്നം എന്നാണ് മനസ്സിലാവാത്തത്. ഇപ്പോള്‍ ഇതൊക്കെ ഗുരുതരമായ സ്ഥിതിയായി തോന്നിയേക്കാം. എന്നാല്‍ കാലം പോകെ പാര്‍ട്ടി കണ്ട വഴിയെക്കുറിച്ച് ഉത്തമ ബോദ്ധ്യം സകലര്‍ക്കും വരും. അന്ന് അക്കാര്യം ചൂണ്ടിക്കാട്ടി ഒരുവിധപ്പെട്ടവരൊക്കെ പുളകം കൊള്ളും. തല്ക്കാലം ഒരടി കിട്ടിയാല്‍ അത് ഭാവിയിലൊരു കസേരയാവും എന്ന് പോളിറ്റ് ബ്യൂറോ വിചക്ഷണന്മാര് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ആയതിനാല്‍ കോമ്രേഡ്സ് ഒന്നുകൊണ്ടും പിന്നോട്ടേക്ക് പോവരുത്, കം ഫോര്‍വേഡ്.
കേരളത്തിന്റെ അഭിമാനമാണ് കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കാശ്യപ വേദ റിസര്‍ച്ച് ഫൗണ്ടേഷന്. വേദത്തിന്റെ ആഴവും പരപ്പും കണ്ടറിഞ്ഞ് അത് സാധാരണക്കാരിലേക്ക് പകര്‍ന്നു നല്കാന് ഉത്സാഹിക്കുന്ന ആചാര്യശ്രീ എം. ആര്. രാജേഷാണ് ഇതിന്റെ കുലപതി. അടുത്തിടെ അവര്‍ക്ക് ദല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആര്യപ്രതിനിധി സഭയുടെ അംഗീകാരവും ലഭിച്ചു. മഹര്‍ഷി ദയാനന്ദ സരസ്വതി 1875 ല്‍ സ്ഥാപിച്ച ഈ സ്ഥാപനവുമായി അഫിലിയേറ്റ് ചെയ്യുന്ന ഏക സ്ഥാപനമാണ് കാശ്യപ വേദ റിസര്‍ച്ച് ഫൗണ്ടേഷന്.
ഇതോടെ കാശ്യപ വേദ റിസര്‍ച്ച് ഫൗണ്ടേഷന് പഠിപ്പിക്കുന്ന വേദ പാഠ്യ പദ്ധതിക്ക് പരിപൂര്‍ണമായ അംഗീകാരവും കിട്ടി. അഭിമാനകരമായ ആ നേട്ടത്തിനു പിന്നില്‍ നിസ്തന്ദ്രവും ത്യാഗപൂര്‍ണവും മാനുഷികവുമായ തലങ്ങളുണ്ട്. വേദത്തെക്കുറിച്ച് ഇന്ന് ഗ്രാമങ്ങളില്‍ പോലും ചര്‍ച്ചചെയ്യപ്പെടുന്നുണ്ടെങ്കില്‍ കാശ്യപ വേദ റിസര്‍ച്ച് ഫൗണ്ടേഷന്റെ ആത്മാര്‍ത്ഥത അവര്‍ നെഞ്ചേറ്റിയെന്നാണര്ത്ഥം. വേദപാഠ്യ പദ്ധതി നടപ്പാക്കുന്നതിന് ആചാര്യ എം.ആര്. രാജേഷിനെ സഭ അക്രഡിറ്റ് ചെയ്തത് അഭിനന്ദനീയമായ കാര്യമാണ്. ഇതില്‍ അഭിമാനിക്കാം. ഒപ്പം വേദ ഭഗവതിയുടെ കടാക്ഷങ്ങള്‍ക്ക് പാത്രീഭൂതരാവുകയും ചെയ്യാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: