കല്‍പ്പറ്റ: വയനാട് ജില്ലയിലെ ബഹുനില കെട്ടിടങ്ങളുടെ ഉയരം പരിമിതപ്പെടുത്തുന്നത് സംബന്ധിച്ച് നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ നാളെ തിരുവനന്തപുരത്ത് ഉന്നതതല യോഗം നടക്കും. മന്ത്രിസഭാ യോഗത്തിനുശേഷം മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളിലാണ് യോഗം. 2015 ജൂണ്‍ ആറിനാണ് 2014/21178/12/എച്ച്3 നമ്പറായി ജില്ലാ ദുരന്തനിവാരണ അധ്യക്ഷന്‍ എന്ന നിലയില്‍ വയനാട് ജില്ലാ കളക്ടര്‍ ഉത്തരവ് പുറപ്പെടുവിച്ചത്. ഇതേതുടര്‍ന്ന് ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിരവധി പരാതികള്‍ സര്‍ക്കാരിന് ലഭിക്കുകയും മന്ത്രിസഭ ചര്‍ച്ച ചെയ്ത് ഒരു മന്ത്രിസഭാ ഉപസമിതിയെ നിയോഗിക്കുകയും ചെയ്തു. ഈ ഉപസമിതിയിലെ അംഗങ്ങളും ഉദ്യോഗസ്ഥരും വയനാട് ജില്ലാ കളക്ടറും യോഗത്തില്‍ പങ്കെടുക്കും. ഇതുസംബന്ധിച്ച് നേരത്തെ കളക്ടര്‍ കേശവേന്ദ്രകുമാര്‍ മുഖ്യമന്ത്രിയെ വിശദീകരണം അറിയിച്ചിരുന്നു. സമുദ്രനിരപ്പില്‍നിന്ന് 2000 അടി മുതല്‍ 6000 അടിവരെ ഉയര്ന്നുനില്ക്കുന്ന ഭൂപ്രദേശമെന്ന നിലയില്‍ മുന്‍കാലങ്ങളില്‍ വിവിധ മണ്ണിടിച്ചിലുകളിലും ദുരന്തങ്ങളിലും ജീവഹാനിയും നാശനഷ്ടങ്ങളും ഉണ്ടായതിന്റെ പശ്ചാത്തലത്തിലാണ് മുന്‍കരുതല്‍ സ്വീകരിച്ചതെന്നും സമീപകാലത്തുണ്ടായ ഭൂകമ്പങ്ങളില്‍ ബഹുനില കെട്ടിടങ്ങളുടെ ഉയരം വന്‍ ദുരന്തങ്ങള്‍ക്ക് കാരണമായിട്ടുണ്ടെന്നും കളക്ടര്‍ വിശദീകരിക്കുന്നു. രണ്ട്തവണ ജില്ലാതല ദുരന്തനിവാരണ അതോറിറ്റി യോഗം ചേര്‍ന്ന് കാര്യങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നുവെന്നും കൂടുതല്‍ ബഹുനില കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതുവഴി വയനാടിന്റെ പാരിസ്ഥിതികവും ഭൂമിശാസ്ത്രപരവുമായ വിനാശത്തിന് വഴിവെക്കുമെന്നും വിശദീകരണക്കുറിപ്പില്‍ പറയുന്നു. വയനാടിന്റെ സംതുലിതമായ നിലനില്‍പ്പിനും ജനങ്ങളുടെ സുരക്ഷക്കും അനിവാര്യമായ നിലയില്‍ സദുദ്ദേശപരമായാണ് ഉത്തരവ് പുറപ്പെടുവിച്ചതെന്ന് പറയുന്ന കളക്ടര്‍ പൊതു ആവശ്യങ്ങള്‍ക്കുള്ള നിര്‍മ്മാണ പ്രവൃത്തികള്‍ക്ക് ഉചിതമായ വിധത്തില്‍ ആവശ്യമായ ഇളവുകള്‍ അനുവദിക്കുന്നതിന് ഉത്തരവില്‍ വ്യവസ്ഥയുണ്ടെന്നും വിശദീകരിക്കുന്നു.
പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ മന്ത്രിസഭാ ഉപസമിതി ചര്‍ച്ച ചെയ്ത് സമര്‍പ്പിക്കുന്ന ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ മാത്രമേ സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഒരു നിലപാട് സ്വീകരിക്കുകയുള്ളൂ. നഗരകാര്യ- ന്യൂനപക്ഷക്ഷേമ വകുപ്പ് മന്ത്രി മഞ്ഞളാംകുഴി അലി, പട്ടികവര്ഗ്ഗക്ഷേ- യുവജനകാര്യ വകുപ്പ് മന്ത്രി പി.കെ. ജയലക്ഷ്മി എന്നിവരും നാളത്തെ യോഗത്തില്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: