പുല്‍പ്പള്ളി: മുള്ളന്‍കൊല്ലി ഗ്രാമപ്പഞ്ചായത്തിലെ പാടിച്ചിറ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ഡോക്ടര്‍മാരുടെ കുറവ് രോഗികളെ ദുരിതത്തിലാക്കുന്നു. 18 സ്ഥിരം ജീവനക്കാരും മൂന്നു താല്‍ക്കാലിക ജോലിക്കാരും ഇവിടെയുണ്ടെങ്കിലും രോഗികള്‍ക്ക് കൃത്യമായ സേവനം ലഭിക്കുന്നില്ലെന്നാണ് പരാതി. മുള്ളന്‍കൊല്ലി പഞ്ചായത്തിലെ 9,000ത്തോളം കുടുംബങ്ങള്‍ക്ക് ആശ്രയമാവേണ്ട ആശുപത്രിയിലാണ് ഈ ദുരവസ്ഥ. 70ഓളം ആദിവാസി കോളനികള്‍ മേഖലയിലുണ്ട്. ഇവരും അതിര്‍ത്തിക്കപ്പുറമുള്ള ഗ്രാമവാസികള്‍ പോലും ആശ്രയിക്കുന്നത് പാടിച്ചിറ ആശുപത്രിയെയാണ്. നിര്‍ധനര്‍ക്കു ചികില്‍സ നല്കാന് മെഡിക്കല്‍ കോളജ് അടക്കമുള്ള സ്ഥാപനങ്ങള്‍ തുടങ്ങാന്‍ സര്‍ക്കാര്‍ ശ്രമിക്കുമ്പോഴും എല്ലാ സൗകര്യങ്ങളുമുണ്ടായിട്ടും പാടിച്ചിറ ആശുപത്രിയെ അവഗണിക്കുകയാണെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്. മരക്കടവ് കോളനിയില്‍ പട്ടിണിമരണം ഉണ്ടായപ്പോള്‍ ആറു മന്ത്രിമാര്‍ സ്ഥലത്തെത്തിയിരുന്നു. ഇവരെല്ലാം ആശുപത്രിയില്‍ കിടത്തിച്ചികില്‍സാ സൗകര്യം ഒരുക്കുമെന്ന് ഉറപ്പുനല്‍കിയെങ്കിലും തുടര്‍നടപടികളുണ്ടായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: