തലശ്ശേരി: അണികളെ കയറൂരിവിട്ട് അക്രമം നടത്തുകയും അക്രമത്തിന്റെ ഉത്തരവാദിത്വം ആര്‍എസ്എസിന്റെയും ബിജെപിയുടെയും തലയില്‍ കെട്ടിവെച്ച് നുണപ്രചരണം നടത്തുകയും ചെയ്യുന്ന കണ്ണൂര്‍ ജില്ലാ സിപിഎം നേതൃത്വത്തെ ജനം തിരിച്ചറിയണമെന്ന് ആര്‍എസ്എസ് പ്രാന്തീയ കാര്യകാരി സദസ്യന്‍ വത്സന് തില്ലങ്കേരി അഭിപ്രായപ്പെട്ടു. കള്ളപ്രചരണത്തില്‍ സിപിഎമ്മിന് നോബല്‍ സമ്മാനം നല്‍കണമെന്നും സിപിഎം കേന്ദ്ര നേതാക്കളെ നിയന്ത്രിക്കുന്നത് പോലും കണ്ണൂര്‍ ലോബിയാണെന്നും അദ്ദേഹം പറഞ്ഞു. നങ്ങാറത്ത് പീടികയില്‍ ശ്രീനാരായണ പ്രതിമ തകര്‍ത്ത സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി യഥാര്‍ത്ഥ കുറ്റവാളികളെ കണ്ടെത്തി കര്‍ശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ തലശ്ശേരി പുതിയ ബസ്റ്റാന്റ് പരിസരത്ത് നടത്തിയ സായാഹ്ന ധര്‍ണ്ണയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പോലീസിനെ സമര്‍ദ്ദത്തിലാക്കി കള്ളക്കേസ് എടുപ്പിക്കാനുള്ള ശ്രമമാണ് എന്നും സിപിഎം സ്വീകരിച്ചുവരുന്നത്. അത് തന്നെയാണ് ശ്രീനാരായണ പ്രതിമ തകര്‍ത്ത സംഭവത്തിലും കാണുന്നത്. പീപ്പിള്‍ ടിവിയിലൂടെയാണ് ഈ സംഭവത്തില്‍ കള്ളപ്രചരണം തുടങ്ങിയത്. പ്രതിമ തകര്‍ത്ത സംഭവത്തില്‍ മൂന്ന് ആര്‍എസ്എസുകാരെ അറസ്റ്റ് ചെയ്ത് പോലീസ് ജാമ്യത്തില്‍ വിട്ടു എന്നാണ് ആദ്യം മുതല്‍ പ്രചരിപ്പിച്ചിരുന്നത്. എന്നാല്‍ ഇന്നവരെ ഈ പ്രതിമ തകര്‍ത്ത സംഭവത്തില്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല എന്നതാണ് വാസ്തവം.
മൂന്നുപെര അറസ്റ്റു ചെയ്ത് ജാമ്യത്തില്‍വിട്ടത് അവിടെ ഉണ്ടായിരുന്ന കൊടിതോരണങ്ങളും സ്തൂപങ്ങളും നശിപ്പിച്ചു എന്ന പേരിലാണ്. അതില്‍ ആര്‍എസ്എസ്സുകാര്‍ മാത്രമല്ല, സിപിഎമ്മുകാരും ഉള്‍പ്പെട്ടിട്ടുണ്ട്. ഇരു ഭാഗത്തെയും കൊടിതോരണങ്ങള്‍ നശിപ്പിച്ചതിനാണ് കേസ്. ഇപ്പോള്‍ ശാസ്ത്രീയമായ രീതിയിലാണ് സിപിഎമ്മുകാര്‍ കൊലപാതകമുള്‍പ്പെടെ അക്രമങ്ങള്‍ നടത്തുന്നത്. ഇതൊക്കെ പഠിപ്പിച്ചുകൊടുക്കുവാന്‍ ആളുകളെയും ഏര്‍പ്പാടാക്കിയിട്ടുണ്ട്. ഫസലിനെ കൊലപ്പെടുത്തിയത് ആര്‍എസ്എസ് ആണെന്ന് പ്രചരിപ്പിക്കുകയും അഞ്ച് അന്വേഷണ സംഘത്തെ മാറി മാറി പരീക്ഷിക്കുകയും ചെയ്ത അന്നത്തെ ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന് അവസാനം സ്വന്തം വീട്ടിനടുത്തുള്ള അക്രമികളായ സഖാക്കളെ തന്നെ അറസ്റ്റ് ചെയ്യേണ്ടിവന്ന കാര്യം തലശ്ശേരിക്കാര് മറന്നിട്ടില്ല.
കൂടാതെ ഫസലിനെ കൊലപ്പെടുത്തുവാനും പിന്നീട് രക്തം പുരണ്ട തുണി ആര്‍എസ്എസ്സുകാരന്റെ വീട്ടിനടുത്ത് ഉപേക്ഷിക്കുവാനും ഗൂഢാലോചന നടത്തിയ അന്നത്തെ തലശ്ശേരി ഏരിയാ സെക്രട്ടറി കാരായി രാജനെയും തിരുവങ്ങാട് ബ്രാഞ്ച് സെക്രട്ടറി കാരായി ചന്ദ്രശേഖരനെയും തലശ്ശേരിക്കാര് തിരിച്ചറിഞ്ഞു കഴിഞ്ഞു.
ഇവരെ രക്ഷിക്കാന്‍ ഹൈക്കോടതിയിലും സുപ്രീം കോടതിയിലും പോയത് നമ്മുടെ നികുതി പണം ഉപയോഗിച്ചാണ്. എന്നിട്ടും ഇവര്‍ക്ക് രക്ഷപ്പെടാന്‍ കഴിഞ്ഞില്ല.
അതുപോലെ കഴിഞ്ഞ തിരുവോണ ദിവസം അഴീക്കോട് നീര്‍ക്കടവ് പട്ടാപ്പകല്‍ സിപിഎം ബ്രാഞ്ച് ഓഫീസ് അടിച്ചു തകര്‍ത്ത സിപിഎമ്മുകാരാണ്. ഇതിന്റെ പേരില്‍ കള്ള പ്രചരണം നടത്തി നിരവധി ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകരുടെ വീടുകള്‍ സിപിഎമ്മുകാര്‍ അടിച്ചു തകര്‍ക്കുകയും കൊള്ളയടിക്കുകയും രണ്ടുപേരെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയും ചെയ്ത കാര്യം ആനാട്ടുകാര്ക്ക് വ്യക്തമായറിയാം.
മട്ടന്നൂരില്‍ ഒരു അവിവാഹിതയായ യുവതിയുടെ മുട്ടിന് മുകളില്‍ തുണിപൊക്കി ആര്‍എസ്എസ് എന്ന് ചാപ്പക്കുത്തി എന്ന് പ്രചരണം അഴിച്ചുവിട്ട കഥയും പിന്നീട് ബ്രാഞ്ച് സെക്രട്ടറിയുടെ നിര്‍ദ്ദേശപ്രകാരമാണ് അങ്ങിനെ പറഞ്ഞതെന്ന് പെണ്‍കുട്ടി തിരിത്തിപറഞ്ഞകാര്യം നമ്മളാരും മറന്നിട്ടില്ല. ഇങ്ങനെ കള്ളപ്രചരണം നടത്തി അനുയായികളെ അക്രമത്തിന് പ്രേരിപ്പിച്ച് കേസില്‍ കുടുക്കി കൂടെ നടത്തുന്ന മ്ലേച്ഛമായ പരിപാടികളുമായാണ് സിപിഎം മുന്നോട്ടുപോകുന്നത്. നങ്ങാറത്ത് പീടികയില്‍ പോലീസ് അറസ്റ്റ് ചെയ്ത സിപിഎം കാരെ നിരുപാധികം വിട്ടയക്കണമെന്ന് എംഎല്‍എയായ കോടിയേരി പോലീസിന് കല്പന കൊടുത്തത് അംഗീകരിക്കാന്‍ കഴിയില്ല. കാരണം കോടിയേരി ജനപ്രതിനിധിയാണ്. ആനിലയ്ക്ക് അന്വേഷണം നടത്തി പ്രതികളെ കണ്ടെത്തണമെന്നായിരുന്നു പറയേണ്ടിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു. ധര്‍ണ്ണയില്‍ ഒ.എം.സുജിത്ത് അധ്യക്ഷത വഹിച്ചു. ഹിന്ദു ഐക്യവേദി കോഴിക്കോട് ജില്ലാ സെക്രട്ടറി ഷൈന്‍ സംസാരിച്ചു. പി.വി.ശ്യാംമോഹന് സ്വാഗതം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: