കോഴിക്കോട്: കോരിച്ചൊരിയുന്ന മഴയെ അവഗണിച്ച് ഭക്തജനങ്ങള്‍ അണിനിരന്ന നിലവിളക്ക് സമരം ശ്രദ്ധേയമായി. മൂഴിക്കല്‍ ക്ഷേത്ര പുനര്‍നിര്‍മ്മാണ പ്രക്ഷോഭത്തോടനുബന്ധിച്ച് ഭക്തജനങ്ങള്‍ പ്രതിഷ്ഠ നടത്തി ആരാധന ആരംഭിച്ചതിന്റെ രണ്ടാം വാര്‍ഷിക ദിനാചരണത്തിന്റെ ഭാഗമായി ഹിന്ദു ഐക്യവേദിയാണ് നിലവിളക്ക് സമരം സംഘടിപ്പിച്ചത്. വണ്ടൂര്‍ ശങ്കരാശ്രമം മഠാധിപതി സ്വാമി പരമാനന്ദപുരി ഉദ്ഘാടനം ചെയ്തു. ക്ഷേത്ര ഭൂമിയില്‍ നിന്നും വിട്ടുപോകാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി. ഹരിദാസ് മുഖ്യപ്രഭാഷണം നടത്തി. ക്ഷേത്രഭൂമി തിരിച്ചു പിടിക്കാനുള്ള സമരം മൂഴിക്കലില്‍ നിന്നും പുറത്തേക്ക് വ്യാപിപ്പിക്കുമെന്നും ക്ഷേത്രഭൂമി ഭക്തജനങ്ങള്‍ക്ക് വിട്ടു നല്കുന്നില്ലെങ്കില് ശക്തമായ പ്രക്ഷോഭത്തെ നേരിടേണ്ടിവരുമെന്നും കെ.പി. ഹരിദാസ് വ്യക്തമാക്കി. ഹിന്ദുഐക്യവേദി ജില്ലാ സംഘടന സെക്രട്ടറി കെ. ഷൈനു അദ്ധ്യക്ഷത വഹിച്ചു.
മൂഴിക്കല്‍ സ്ഥാനീയ സമിതി അദ്ധ്യക്ഷന്‍ കെ. അജിത്കുമാര്‍ സ്വാഗതവും, വി.കെ. ഷൈജു നന്ദിയും പറഞ്ഞു. ക്ഷേത്ര കമ്മിറ്റി സെക്രട്ടറി ഷാജു കല്ലില്‍ പ്രതിഷ്ഠാദിന പൂജകള്‍ക്ക് കാര്‍മ്മികത്വം വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: