കണ്ണൂര്‍: ശ്രീകൃഷ്ണജയന്തി നാളില്‍ ഓണാഘോഷസമാപനമെന്ന പേരില്‍ പരിപാടി സംഘടിപ്പിച്ച് സാംസ്ക്കാരിക നായകന്മാരേയും ഹൈന്ദവിശ്വാസങ്ങളേയും പരസ്യമായി വെല്ലുവിളിച്ച സിപിഎം നടപടി വിവാദമാകുന്നു. പാര്‍ട്ടി നടപടിയെച്ചൊല്ലി സിപിഎമ്മിനകത്ത് അഭിപ്രായഭിന്നത രൂക്ഷമാകുന്നു. സംഘപരിവാര്‍ സംഘടനകളിലേക്ക് പാര്‍ട്ടിയില്‍ നിന്നുളള ഒഴുക്കു തടയുക, സംഘപരിവാര്‍ സംഘടനകളുടെ വളര്‍ച്ചക്ക് തടയിടുക തുടങ്ങിയ ലക്ഷ്യങ്ങളോടെ കഴിഞ്ഞ കുറച്ചുനാളുകളായി നടത്തിക്കൊണ്ടിരിക്കുന്ന സിപിഎമ്മിന്റെ കുതന്ത്രങ്ങള്‍ ഒന്നൊന്നായി പൊളിയുകയും ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ പാര്‍ട്ടി അനുദിനം പ്രതിസന്ധിയിലകപ്പെടുകയുമാണ്. കണ്ണൂര്‍ ലോബിയില്‍പ്പെട്ട സിപിഎം നേതാക്കളാണ് ഇത്തരം പരിപാടികള്‍ നടത്താന്‍ നേതൃത്വം നല്‍കിയതെന്നും ഇത് പാര്‍ട്ടിക്ക് പൊതു സമൂഹത്തില്‍ മോശം പ്രതിച്ഛായക്ക് വഴിയൊരുക്കിയതായും ഒരു വിഭാഗം സിപിഎം നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. കണ്ണൂര്‍ ലോബിക്ക് കീഴടങ്ങി പാര്‍ട്ടിയുടെ നയമാറ്റത്തില്‍ സംസ്ഥാനത്തെ പാര്‍ട്ടിയിലെ തെക്കന്‍ ജില്ലകളിലെ നേതാക്കള്‍ കടുത്ത പ്രതിഷേധത്തിലാണ്. കണ്ണൂരിലെ നേതാക്കളുടെ ഇംഗിതത്തിന് വഴങ്ങി ഗണേശോത്സവവും രക്ഷാബന്ധനും ശ്രീകൃഷ്ണ ജയന്തിയും ഹൈന്ദവ വിശ്വാസത്തെ വെല്ലുവിളിക്കുന്ന തരത്തില്‍ ആചാര വിരുദ്ധമായി ആഘോഷിച്ചത് പാര്‍ട്ടിയിലെ ന്യൂനപക്ഷ വിഭാഗങ്ങളെ പാര്‍ട്ടിയില്‍ നിന്നകറ്റുന്നതോടൊപ്പം പാര്‍ട്ടിയിലെ വിശ്വാസികളായ ഹൈന്ദവസമൂഹത്തേയും പാര്‍ട്ടിയില്‍ നിന്ന് അകറ്റുമെന്ന് ഒരു വിഭാഗം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനേയും അച്യുതാനന്ദനേയും ഉള്‍പ്പെടെ അറിയിച്ചു കഴിഞ്ഞതായും അറിയുന്നു. ശ്രീകൃഷ്ണ ജയന്തി നാളില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നടന്ന ഓണാഘോഷ പരിപാടികളില്‍ ജനപങ്കാളിത്തം നാമമാത്രമായിരുന്നു.
അതേസമയം മലപ്പട്ടം ഉള്‍പ്പെടെ സിപിഎമ്മിന്റെ ശക്തി കേന്ദ്രങ്ങളെന്നവകാശപ്പെടുന്ന പല സ്ഥലങ്ങളിലും ബാലഗോകുലം നടത്തിയ ശോഭായാത്രയില്‍ വന്‍ ജനപങ്കാളിത്തമാണ് ഉണ്ടായത്. ഇത് പാര്‍ട്ടിയെ ഞെട്ടിച്ചിരിക്കുകയാണ്. സാംസ്ക്കാരിക ഘോഷയാത്രയെന്ന പേരില്‍ കൊട്ടിഘോഷിച്ച പരിപാടിയില്‍ പല സ്ഥലത്തും ഹൈന്ദവ ദേവതകളേയും മഹാബലിയേയും ശ്രീനാരായണ ഗുരുദേവനെ പോലുളള സാസ്ക്കാരിക നായകരേയും അധിക്ഷേപ്പിക്കുകയും അവഹേളിക്കുകയും ചെയ്യുന്ന തരത്തിലുളള ഫ്ളോട്ടുകളും മുദ്രാവാക്യങ്ങളും പ്രഭാഷണങ്ങളുമാണ് ഉള്‍ക്കൊളളിച്ചിരുന്നത്. ഇത്തരം നടപടികളില്‍ അതത് പ്രദേശത്തെ പാര്‍ട്ടിക്കിടയില്‍ തന്നെ കടുത്ത പ്രതിഷേധവും അഭിപ്രായഭിന്നതയും ഉടലെടുത്തിട്ടുണ്ട്. വെളുക്കാന്‍ തേച്ചത് പാണ്ടായിയെന്ന തിരിച്ചറിവ് പല നേതാക്കള്‍ക്കിടയിലും അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്. തളിപ്പറമ്പ് കൂവോട് നിന്നും ഏഴാംമൈലിലേക്ക് ബാലസംഘം നടത്തിയ ഘോഷയാത്രയില്‍ ശ്രീനാരായണ ഗുരുദേവനെ കുരിശിലേറ്റികൊണ്ട് പ്രദര്‍ശിപ്പിച്ച ഫ്ളോട്ട് കേരളീയ സമൂഹത്തിലാകെ ചര്‍ച്ചയായിരിക്കുകയാണ്. സിപിഎമ്മിനെ പരസ്യമായി തളളിപ്പറഞ്ഞ എസ്എന്‍ഡിപി നേതൃത്വത്തെ അവഹേളിക്കാന്‍ സര്‍വ്വരാലും അംഗീകരിക്കപ്പെടുന്ന ശ്രീനാരായണ ഗുരുവിനെ അപമാനിച്ച പാര്‍ട്ടി നടപടി വരും ദിവസങ്ങളില്‍ പാര്‍ട്ടിക്കകത്ത് വന്‍ വിവാദങ്ങള്‍ക്ക് വഴിവെയ്ക്കുമെന്നുറപ്പാണ്. ഏതാനും നാളുകളായി ആര്‍എസ്എസിനെ അനുകരിച്ചുകൊണ്ട് മുമ്പോട്ട് പോവുന്ന കണ്ണൂരിലെ സിപിഎം നേതാക്കളുടെ നടപടിയും ഘോഷയാത്രയുടെ പേരില്‍ പാര്‍ട്ടിക്കുണ്ടായ പേരു ദോഷം ചര്‍ച്ചകള്‍ക്ക് വഴിവെയ്ക്കും. ഏതാനും മാസം മുമ്പ് ആര്‍എസ്എസിന്റെ ദണ്ഡയേ അനുകരിച്ച് കുറുവടിയും കായികാഭ്യാസത്തെ പിന്തുടര്ന്ന് യോഗാസനവും സിപിഎം ഏറ്റെടുത്തു നടപ്പിലാക്കിയിരുന്നു. ഇത് ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: