കൃഷ്ണദര്ശനങ്ങള്ക്ക് മുന്‍ഗണന നല്കുന്ന കേരളത്തിലെ സാംസ്കാരിക നായകന്മാര്ക്ക്, ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങള്‍ക്കു മുന്നോടിയായി, ജന്മാഷ്ടമി പുരസ്കാരം നല്കി ആദരിക്കുന്ന ബാലഗോകുലം ഇത്തവണ തിരഞ്ഞെടുത്തിരിക്കുന്നത് കവി വി. മധുസൂദനന് നായരെയാണ്. ആധുനിക മലയാള കവിതയെ നവഭാവുകത്വത്തിലേക്ക് നയിച്ച, ആലാപന സൗകുമാര്യത്തിലൂടെ ആസ്വാദക വൃന്ദത്തെ സൃഷ്ടിച്ച മധുസൂദനന് നായര്‍ക്ക് ജന്മാഷ്ടമി പുരസ്കാരം നല്കുമ്പോള് ആദ്യമായാണ് അതൊരു മലയാളം അധ്യാപകശ്രേഷ്ഠന്റെ കരങ്ങളിലെത്തുന്നത് എന്ന പ്രത്യേകതകൂടിയുണ്ട്. ശ്രേഷ്ഠഭാഷാ പദവി ലഭിച്ചങ്കിലും കേരളത്തില്‍ മാതൃഭാഷയുടെ നിലനില്‍പ്പും വളര്‍ച്ചയും ഭീഷണി നേരിടുന്ന സമയത്ത് പ്രത്യേകിച്ചും. അധ്യാപകനെന്ന നിലയിലും അല്ലാതെയും മലയാള ഭാഷയുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്നവരില്‍ മുന്‍പന്തിയിലാണ് മധുസൂദനന് നായര്‍.
ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച ബാലസംസ്കാര കേന്ദ്രം നല്കുന്ന ജന്മാഷ്ടമി പുരസ്കാരം വെറുമൊരു പുരസ്കാരമല്ല. മറിച്ച് അതിന് വേറിട്ട ചരിത്രവും അന്തസ്സുമുണ്ട്.
ഭഗവാന് ശ്രീകൃഷ്ണനെ ആദര്‍ശപുരുഷനാക്കി കുട്ടികള്‍ക്ക് സാംസ്കാരിക പാരമ്പര്യാവബോധമുണ്ടാക്കാന് ഞായറാഴ്ചതോറും ഗോകുലം ക്ലാസ് നടത്താന്‍ തുടങ്ങിയത് എഴുപതുകളുടെ മധ്യത്തിലാണ്. ശ്രീകൃഷ്ണ ജയന്തി വ്യാപകമായി ആഘോഷിക്കാന്‍ വര്‍ണാഭമായ ശോഭായാത്രകള്‍ ഹൈന്ദവ സമൂഹം ഏറ്റെടുക്കുകയും ചെയ്തതോടെ ശ്രീകൃഷ്ണന്റെ ബാലലീലകളും കഥാഭാഗങ്ങളും സാധാരണക്കാരുടെ ഇടയില്‍ പ്രചാരത്തിലായി.
കേരളീയ സാഹിത്യം ഭാഗവതാദി പുരാണങ്ങളില്‍ നിന്നും കൃഷ്ണഗാഥയില്‍ നിന്നും മറ്റും പ്രചോദിതമായ പാരമ്പര്യമുള്ളതാണ്. അവയോ, ആധുനിക കാലത്തെ അനുഗൃഹീത സാഹിത്യകാരന്മാരുടെ കൃതികള്‍ പോലുമോ ഇവിടത്തെ പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തരുതെന്ന സെക്യുലര്‍ പാഠപുസ്തക കമ്മറ്റിയുടെ കടുത്ത തീരുമാനം പുതിയ തലമുറയെ ബോധവല്കരിക്കാന് ഒരു ഉപാധിയും ഇല്ലെന്ന സാഹചര്യം വന്നു. ഈ പശ്ചാത്തലവും ബാലഗോകുലത്തിന്റെ വളര്‍ച്ചയ്ക്ക് കാരണമായി.
കുഞ്ഞുണ്ണി മാസ്റ്റര്‍, മാലി, സുഗതകുമാരി, മഹാകവി അക്കിത്തം തുടങ്ങിയവര്‍ ബാലഗോകുലത്തെ പ്രോത്സാഹിപ്പിക്കാന്‍ മുന്നോട്ടു വന്നതിന് മുന്‍പറഞ്ഞ കാരണമുണ്ട്. തലമുറയായി കൈകാര്യം ചെയ്തുപോന്ന സാംസ്കാരികാവബോധം കേരളീയ സമൂഹത്തിനു പ്രദാനം ചെയ്യാനുള്ള ബാലഗോകുലത്തിന്റെ പരിശ്രമത്തില്‍ വിവിധ പ്രസ്ഥാനങ്ങളും പാരമ്പര്യ വിശ്വാസികളായ കേരളീയ സമൂഹം തന്നെയും മുമ്പോട്ടുവന്ന ചരിത്രം ബാലഗോകുലം പിന്നിട്ട 40 വര്‍ഷത്തെ പ്രവര്‍ത്തനത്തിലുണ്ട്.
ഒരു സമൂഹത്തെ സദാചാരസമ്പന്നരായി നിലനിര്‍ത്താന്‍ കലാസാഹിത്യസൃഷ്ടി നടത്തേണ്ട ശ്രേഷ്ഠവ്യക്തികളെ കണ്ടെത്തി ആദരിക്കാന്‍, പ്രതിദിന ഗോകുലം ക്ലാസുകള്‍ക്ക് പുറമെ ഒരു സംവിധാനം വേണം എന്ന ചിന്തയുടെ ഫലമായിട്ടാണ് 1989 ല്‍ ബാല സംസ്കാര കേന്ദ്രമെന്ന പേരില്‍ ആലുവാ കേന്ദ്രമായി ട്രസ്റ്റ് രൂപീകരിച്ചത്. വ്യാപകമായി ഗ്രാമഗ്രാമാന്തരങ്ങളില്‍ കുട്ടികള്‍ക്കുവേണ്ടി ഗോകുലം ക്ലാസുകള്‍ നടത്താന്‍ സുഘടിതമായ ഒരു സംവിധാനം വേണ്ടി വന്നപ്പോള്‍ സംഘടനാ പ്രവര്‍ത്തനത്തിനായും അനുബന്ധ കാര്യങ്ങള്‍ക്കും വേണ്ടിയാണ് ബാലസംസ്കാര കേന്ദ്രം രൂപീകരിച്ചത്. ആ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ തന്നെയായിരിക്കണം സംസ്കാര സമ്പന്നരായ ശ്രേഷ്ഠവ്യക്തികളെ ആദരിക്കേണ്ടതെന്നും നമ്മുടെ സംസ്കാരത്തിന്റെ സ്രോതസ്സ് കണ്ടെത്താനുള്ള ബാധ്യത ബാലഗോകുല സംഘടനയെ നട്ടുവളര്‍ത്തുന്ന മുതിര്‍ന്ന പ്രവര്‍ത്തകരുടേതാണെന്നും നിശ്ചയിക്കപ്പെട്ടു.
അങ്ങനെ, 1997ല്‍ ആദ്യത്തെ ജന്മാഷ്ടമി പുരസ്കാരം കവിയും സാമൂഹ്യ പ്രവര്‍ത്തകയുമായ സുഗതകുമാരിക്ക് നല്കാന് നിശ്ചയിച്ചു. ഒട്ടധികം പ്രശസ്ത വ്യക്തികളും ശ്രീകൃഷ്ണ ഭക്തരുമടങ്ങിയ ഗുരുവായൂര്‍ സത്രം ഹാളില്‍ നടന്ന ചടങ്ങില്‍ ശ്രീരാമകൃഷ്ണാശ്രമത്തിലെ മുതിര്‍ന്ന സന്യാസിശ്രേഷ്ഠനായ മൃഡാനന്ദ സ്വാമികള്‍ പുരസ്കാരവും കീര്‍ത്തിഫലകവും പ്രശസ്തി പത്രവും നല്കി സുഗതകുമാരിയെ ആദരിച്ചു. തുടര്‍ന്ന് ഓരോ വര്‍ഷവും ഓരോ ദിക്കില്‍ തന്നാട്ടുകാരുടെ പ്രയത്നഫലമായി സംഘടിപ്പിക്കുന്ന മഹാസമ്മേളനത്തില്‍ പുരസ്കാരങ്ങള്‍ നല്കാന് തുടങ്ങി. മാനവരാശിയുടെ സാംസ്കാരിക പാരമ്പര്യത്തിലേക്ക് വിശിഷ്ട സംഭാവന നല്കുന്ന വ്യക്തികളെ കണ്ടെത്തുന്നതിന് യാതൊരു വിഷമവുമുണ്ടായിട്ടില്ല. സ്വാതന്ത്ര്യസമര നേതാവും ആവേശപ്രദമായ ദേശീയഗാനങ്ങള്‍ എഴുതാന്‍ അന്നത്തെ തലമുറയെ ഉത്ബുദ്ധമാക്കുകയും ചെയ്ത ബോധേശ്വരന്റെ മകളായ സുഗതകുമാരിക്കാണ് ആദ്യ ജന്മാഷ്ടമി പുരസ്കാരം നല്കിയതെങ്കില് അടുത്തത് 1998ല്‍ ആലുവ ടൗണ്‍ ഹാളില്‍ പ്രശസ്ത കവിയും സംസ്കൃതത്തിലും ഗാനങ്ങള്‍ രചിച്ചുകൊണ്ടിരിക്കുന്ന യൂസഫലി കേച്ചേരിക്കാണ് നല്‍കിയത്. പ്രശസ്ത കവി വിഷ്ണുനാരായണന്‍ നമ്പൂതിരിയാണ് പുരസ്കാരം നല്‍കിയത്.
പിന്നീട് പുരസ്കൃതയായത് കഥാകാരി കെ. ബി. ശ്രീദേവിയാണ്. എറണാകുളം ടിഡിഎം ഹാളില്‍ നടന്ന സമ്മേളനത്തില്‍ മഹാകവി അക്കിത്തം പുരസ്കാരം നല്കി. അടുത്ത വര്‍ഷത്തെ പുരസ്കാരം മഹാകവി അക്കിത്തത്തിന് തലശ്ശേരിയില്‍ നടന്ന ചടങ്ങില്‍ സമര്‍പ്പിച്ചത് കന്നഡ സാഹിത്യ നായകന് കുമ്പള പാണ്ഡുരംഗറാവുവാണ്.
പുരസ്കാരസമര്‍പ്പണം വിവിധ ദിക്കുകളിലാണെങ്കിലും ശ്രീകൃഷ്ണ ദര്‍ശനങ്ങള്‍ക്ക് സംഭാവന നല്കുന്ന ഒരു പരമ്പരയെ കണ്ടെത്തി ആദരിക്കുക എന്ന പ്രക്രിയയാണ് ബാലസാംസ്കാരിക കേന്ദ്രം ഏറ്റെടുത്തത്. ആ പരമ്പരയില്‍ അഞ്ചാമത് ആദരിക്കപ്പെട്ടത് ആധുനിക കേരളത്തിലെ പ്രശസ്ത തത്വചിന്തകനായ പരമേശ്വര്‍ജിയാണ്. തൃശ്ശൂര്‍ ലളിതകലാ അക്കാദമി ഹാള്‍ നിറഞ്ഞുകവിഞ്ഞ സഭയില്‍ അന്ന് കേന്ദ്ര റെയില്‍വേ മന്ത്രിയായിരുന്ന ഒ. രാജഗോപാലും ആര്‍എസ്എസ് പ്രാന്തകാര്യവാഹ് ആയിരുന്ന അഡ്വ. ടി. വി. അനന്തനും ചേര്‍ന്നാണ് പുരസ്കാരം നല്‍കിയത്.
അഖിലഭാരത അയ്യപ്പസത്രം എന്ന കേരളത്തിലെ സാത്വിക പണ്ഡിതന്മാരുടെ വര്‍ഷംതോറും ഏഴുദിവസത്തെ ഭാഗവതപാരായണ പ്രവചനസമ്മേളനങ്ങള്ക്ക് ആചാര്യസ്ഥാനം വഹിച്ച മള്ളിയൂര്‍ ശങ്കരന് നമ്പൂതിരിക്കാണ് അടുത്ത തവണ കോട്ടയത്തെ ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയത്തില്‍ നിറഞ്ഞുകവിഞ്ഞ സദസ്സില്‍ മള്ളിയൂരിന് മുല്ലപ്പൂപുഷ്പ്പവര്ഷം നടത്തി ആദരിച്ച് സ്വീകരിച്ചശേഷം സംഗീത സംവിധായകന് അഷ്ടമൂര്‍ത്തിയും തിരുവല്ല രാമകൃഷ്ണാശ്രമത്തിലെ സമഗ്രാനന്ദ സ്വാമിയും ചേര്‍ന്നു പുരസ്കാരം നല്കി ആദരിച്ചു. പൂന്താനത്തിന്റെ ജ്ഞാനപ്പാന പാടി ഗുരുവായൂര്‍ ഭക്തന്മാര്ക്ക് ആവേശം നല്കിയ സംഗീത വിദുഷി പി. ലീലയ്ക്കാണ് അടുത്തവര്‍ഷം പുരസ്കാരം നല്‍കിയത്. ആലുവാ പ്രിയദര്‍ശിനി ടൗണ്‍ഹാളിലെ ഗംഭീര സ്വീകരണത്തിനുശേഷം സിനിമാതാരം സുകുമാരി പുരസ്കാരം നല്കി. ജന്മാഷ്ടമി സ്മാരക പ്രസംഗം ചെയ്തത് പരമേശ്വര്‍ജിയാണ്.
2004 ലെ പുരസ്കാരം തികഞ്ഞ കൃഷ്ണഭക്തനും സംന്യാസിയുമായ പരമേശ്വരാനന്ദജിക്കാണ് കോഴിക്കോടുവച്ച് സമര്‍പ്പിച്ചത്. അന്ന് രാഷ്ട്രീയ സ്വയംസേവക സംഘം സര്‍കാര്യവാഹ് ആയിരുന്ന, ഇന്നത്തെ സര് സംഘചാലക് ഡോ. മോഹന്‍ജി ഭാഗവത് ആണ് നല്‍കിയത്. സ്വാമി ചിദാനന്ദ പുരിയും പല പ്രശസ്ത വ്യക്തികളും പങ്കെടുത്തു. പ്രശസ്ത ചുമര്‍ചിത്രകാരനും ചിത്രരചനാദ്ധ്യാപകനുമായ ആര്‍ട്ടിസ്റ്റ് കെ. കെ. വാര്യരെയാണ് അടുത്തവര്‍ഷം ജന്മാഷ്ടമി പുരസ്കാരത്തിന് തിരിഞ്ഞെടുത്തത്.
ആര്‍ട്ടിസ്റ്റ് എം. വി. ദേവന്, വടക്കന്‍ പറവൂര്‍ ടൗണിലെ വ്യാപാര ഭവന് ഹാളില്‍ ചേര്‍ന്ന നിറഞ്ഞ സദസ്സില്‍ വച്ച് പുരസ്കാരം നല്കി. 2006ല്‍ എറണാകുളം ടൗണ്‍ ഹാളില്‍ ശ്രീകൃഷ്ണ ജയന്തിയാഘോഷത്തോടനുബന്ധിച്ചു നടന്ന മഹാസമ്മേളനത്തില്‍ മഹാകവി അക്കിത്തവും സിനിമാതാരം മമ്മൂട്ടിയും ചേര്‍ന്ന് നല്കിയ ജന്മാഷ്ടമി പുരസ്ക്കാരം കവി എസ്. രമേശന് നായര്‍ ഏറ്റുവാങ്ങി. തിരുവനന്തപുരം കോട്ടയ്ക്കകം രാജാധാനി ഓഡിറ്റോറിയത്തില്‍ നടന്ന സഭയില്‍വെച്ച് ചലച്ചിത്ര താരം നെടുമുടി വേണുവാണ് കവി വിഷ്ണുനാരായണന്‍ നമ്പൂതിരിക്ക് ജന്മാഷ്ടമി പുരസ്കാരം (2007) നല്‍കിയത്. പരമേശ്വര്‍ജി അനുസ്മരണ പ്രഭാഷണം നടത്തി.
2008ലെ ജന്മാഷ്ടമി പുരസ്കാരം ഗാനകോകിലം ചിത്രയ്ക്ക് നെയ്യാറ്റിന്‍കര ടൗണ്‍ഹാളില്‍ നടന്ന മഹാസമ്മേളനത്തില്‍ അടൂര്‍ ഗോപാലകൃഷ്ണന് നല്കി. തനിക്കു കിട്ടിയ ഏതു പുരസ്കാരത്തേക്കാളും വിലപ്പെട്ടതാണെന്ന് മറുപടി പ്രസംഗത്തില്‍ ചിത്ര പറഞ്ഞു. കെ. എം. മുന്ഷിക്കുശേഷം ഏഴുവാല്യങ്ങളായി കൃഷ്ണായനമെന്ന ശ്രദ്ധേയമായ നോവല്‍ രചിച്ച തുളസി കോട്ടുങ്ങലിനാണ് അടുത്ത വര്‍ഷത്തെ പുരസ്കാരം നല്‍കിയത്. 2010 ലെ പുരസ്കാരം വടകര ടൗണ്‍ ഹാളില്‍ നടന്ന ചടങ്ങില്‍ രാമകൃഷ്ണമഠത്തിലെ മുതിര്‍ന്ന സ്വാമി ഗോലോകാനന്ദജി കുളത്തൂര്‍ മഠാധിപതി സ്വാമി ചിദാനന്ദപുരിക്ക് നല്കി. ആര്‍എസ്എസിന്റെ മുതിര്‍ന്ന പ്രചാരകന് ആര്. ഹരിയേട്ടന് അനുസ്മരണ പ്രസംഗം ചെയ്തു. പതിനഞ്ചാമത് ജന്മാഷ്ടമി പുരസ്കാരം, കവി നാരായണക്കുറുപ്പിന് നെടുമങ്ങാട് ടൗണ്‍ ഹാളില്‍ വച്ച് നല്കാന് ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മയാണ് എത്തിച്ചേര്‍ന്നത്. വിഷ്ണുനാരായണന്‍ നമ്പൂതിരി അനുസ്മരണ പ്രസംഗം ചെയ്തു.
ചെമ്പൈ വൈദ്യനാഥഭാഗവതരുടെ ശിഷ്യനും സംഗീത സംവിധായകനുമായ ജയന് (ജയവിജയ) എറണാകുളം ടിഡിഎം ഹാളില്‍ പുരസ്കാരം നല്കാന് പ്രശസ്ത സംഗീത പ്രതിഭകളായ ബാലമുരളീകൃഷ്ണയും യേശുദാസും മറ്റും സന്നിഹിതരായിരുന്നു. വന്ദ്യവയോധികനും കഥകളി ആചാര്യനും നൃത്തവിദഗ്ധനുമായ ചേമഞ്ചേരി കുഞ്ഞിരാമന് നായര്‍ക്കാണ് അടുത്ത ജന്മാഷ്ടമി പുരസ്കാരം നല്‍കിയത്. കഥകളി നടന് കലാമണ്ഡലം ഗോപിയാണ് കോഴിക്കോട് നളന്ദാ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പുരസ്കാരം നല്‍കിയത്.
ഭഗവദ്ഗീതയുടെ 18 അദ്ധ്യായം പോലെയും പതിനെട്ടു പുരാണം പോലെയും 18ാമത് ജന്മാഷ്ടമി പുരസ്കാരം കഴിഞ്ഞവര്‍ഷം ലോകപ്രശസ്ത കൃഷ്ണഭക്തയും ജനസേവനംകൊണ്ട് മാനവരാശിയുടെ അഭയകേന്ദ്രവുമായ മാതാ അമൃതാനന്ദമയീ ദേവിയ്ക്കാണ് സമര്‍പ്പിച്ചത്. അമൃത പുരി അമൃതാനന്ദമയീ മഠത്തില്‍ നടന്ന ചടങ്ങില്‍ അന്നത്തെ കേന്ദ്ര സാസ്കാരിക മന്ത്രി ശ്രീപദ് സായ് നായകാണ് പുരസ്ക്കാരം സമര്‍പ്പിച്ചത്.
ജന്മാഷ്ടമി പുരസ്കൃതരുടെ വിശിഷ്ട വൃന്ദത്തില്‍ കവി മധുസൂദനന് നായരും ചേരുകയാണ് നാളെ പുരസ്കാരം ഏറ്റുവാങ്ങുന്നതോടെ.
കവിതയെ ജനപ്രിയമാക്കുന്നതിലും സവിശേഷമായ ആലാപനരീതി പ്രചാരത്തില്‍ വരുത്തുന്നതിലും സുപ്രധാന പങ്കുവഹിച്ച വി. മധുസൂദനന് നായര്‍ക്ക് കേന്ദ്ര സാസ്കാരിക മന്ത്രി ഡോ. മഹേഷ് ശര്‍മ്മ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങില്‍ കോട്ടയത്തുവെച്ച് പ്രൊഫ. എം. കെ. സാനുവാണ് പുരസ്കാരം നല്‍കുന്നത്
1992ല്‍ പുറത്തിറങ്ങിയ നാറാണത്തു ഭ്രാന്തന് എന്ന ആദ്യ കവിതാ സമാഹാരത്തിലൂടെ തന്നെ വലിയൊരു വായനാ ലോകം സൃഷ്ടിച്ച മധുസൂദനന് നായരുടെ ഭാരതീയം, അഗസ്ത്യഹൃദയം, ഗാന്ധി, അമ്മയുടെ എഴുത്തുകള്‍, ഗാന്ധര്‍വം, നടരാജ സ്മൃതി, പുണ്യപുരാണം രാമകഥ, സീതായനം, വാക്ക്, അകത്താര് പുറത്താര്, ഗംഗ, സാക്ഷി, സന്താനഗോപാലം, പുരുഷമേധം, അച്ഛന് പിറന്ന വീട് തുടങ്ങിയ കൃതികളല്ലാം തന്നെ ഭാരതത്തിന്റെ ആത്മസത്ത ഉള്‍ക്കൊള്ളുന്നവയായിരുന്നു. അതുകൊണ്ടുതന്നെ മുന്‍ വര്‍ഷങ്ങളിലേതുപോലെ തികച്ചും അര്‍ഹമായ കരങ്ങളിലേക്കു തന്നെയാണ് ജന്മാഷ്ടമി പുരസ്കാരം ഈവര്‍ഷവും സമര്‍പ്പിക്കുന്നതെന്ന് ബാലഗോകുലത്തിന് അഭിമാനിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: