എരുമേലി: ശബരിമല വനാതിര്ത്തിമേഖലയായ കാളകെട്ടിയില്‍ നാട്ടുകാര്‍ കടുവയെകണ്ടെന്ന്.
ശബരിമല തീര്‍ത്ഥാടകരുടെ പരമ്പരാഗത കാനനപാതയിലെ കാളകെട്ടി പമ്പ് ഹൗസിന് സമീപവും അതിര്‍ത്തി മേഖലയിലും കടുവകളെ കണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. ആനക്കല്ല് സ്വദേശികളായ മീന്‍പിടുത്തക്കാര്‍ കാളകെട്ടി അഴുതക്കടവില്‍ മീന്‍പിടിക്കുന്നതിനിടെ കടുവ ആറ്റില്‍ ചാടി നീന്തുകയായിരുന്നുഎന്നാണ് ഇവര്‍ പറയുന്നത്. കഴിഞ്ഞ രണ്ടാഴ്ചയായി കാളകെട്ടി വനമേഖലയില്‍ തുടര്‍ച്ചയായി കടുവയുടെ ഗര്‍ജ്ജനം കേട്ടതായി വനപാലകരും സ്ഥിരീകരിച്ചിട്ടുണ്ട് കാളകെട്ടി, മുക്കുഴി, അരയക്കുടി, കല്ലിടാംകുന്ന് തുടങ്ങിയ മേഖലകളില്‍ ചില ആദിവാസി വിഭാഗത്തില്‍പെടുന്നവരും കടുവയുടെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞിട്ടുണ്ട്. കഴിഞ്ഞവസം അര്‍ദ്ധരാത്രി കടുവയുടെ ഗര്‍ജ്ജനം കേട്ടതായാണ് സമീപവാസികള്‍ പറയുന്നത്. കടുവയുടെ സാന്നിദ്ധ്യം കണ്ടെത്തിയ കാളകെട്ടിയില്‍ കാട്ടാനകളിറങ്ങുന്നതും പതിവാണ്.
എന്നാല്‍ കാളകെട്ടിയില്‍ കടുവയുടെ സാന്നിദ്ധ്യം ഉറപ്പാക്കിയിട്ടും മുന്നറിയിപ്പോ സുരക്ഷാ നടപടികളോ സ്വീകരിക്കാന്‍ വനപാലകരും തയ്യാറായിട്ടില്ല.
വനാതിര്‍ത്തി മേഖലയായ കാളകെട്ടിപോലുള്ള ഭാഗത്തേക്ക് കടുവയുടെ സാന്നിദ്ധ്യം കാണുന്നത് ഇതാദ്യമായാണ്.
കാളകെട്ടി വനമേഖലയില്‍ കടുവയെ കണ്ടെന്നുള്ള വിവരം വനാതിര്‍ത്തിമേഖലയില്‍ താമസിക്കുന്നവരെ ആശങ്കയിലാക്കിയിരിക്കുകയാണ്. കടുവയുടെ സാന്നിദ്ധ്യം മേഖലയില്‍ കണ്ടെത്തിയെങ്കിലും മറ്റൊരു അനിഷ്ടസംഭവവും ഉണ്ടായിട്ടില്ല. ഇക്കാര്യത്തില്‍ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ വനപാലകര്‍ അടിയന്തിര നടപടി എടുക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: