രമായണ മാസാചാരണം കൊച്ചിയില്‍ ധര്‍മ ജാഗരണത്തിന്റെ ഉണര്‍ത്തുപാട്ടായി മാറുകയാണ്. 1982 ലെ ഹിന്ദു ജാഗരണത്തിന്റെ മുന്നോടിയായ വിശാല ഹിന്ദു സമ്മേളനം കര്‍ക്കടകമാസം രാമായണ മാസമായി ആചരിക്കണമെന്ന ഹിന്ദു നേതൃത്വത്തിന്റെ ആഹ്വാനം ഇന്ന് കൊച്ചയിലെ കോണ്‍ക്രീറ്റ് സൗധങ്ങളുടെ അകത്തളങ്ങളില്‍ വീര്‍പ്പുമുട്ടി നില്ക്കുന്ന കുടുംബങ്ങളില്‍ ഹൈന്ദവ കൗടുംബികാന്തരീക്ഷത്തിന്റെ ഊഷ്മള സ്പര്‍ശമായി മാറിക്കഴിഞ്ഞു. രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ ധര്‍മജാഗരണ വിഭാഗവും വിശ്വഹിന്ദു പരിഷത്തും ക്ഷേത്ര സംരക്ഷണ സമിതിയും ഒത്തുചേര്‍ന്നുള്ള പരിശ്രമങ്ങള്‍ക്ക് അഭൂതപൂര്‍വമായ പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
ഇന്ന് കര്‍ക്കടകം പിറന്നിട്ട് ആഴ്ചയില്‍ ഒന്ന് അല്ലാതെ ചില ക്ഷേത്രങ്ങളില്‍ ഒന്നോ രണ്ടോ പ്രഭാഷണങ്ങളായും നടന്നിരുന്ന പതിവ് രാമായണ മാസാചരണം പോയ് മറഞ്ഞു കഴിഞ്ഞു. ഒരു ദിവസം തന്നെ മൂന്നും നാലും വീടുകളില്‍ രാമായണ വായന വേണമെന്ന ആവശ്യത്തെ പൂര്‍ത്തീകരിക്കാനാവാതെ വിഷമിക്കുകയാണ് കൊച്ചിയിലെ രാമായണ മാസാചരണ സമിതി പ്രവര്‍ത്തകര്‍. ഇവിടെ സ്ഥിരതാമസമാക്കിയിരിക്കുന്ന ഉന്നത ഉദ്യോഗസ്ഥരും കലാ സാംസ്കാരിക- സിനിമ രംഗത്തെ പ്രമുഖരുമെല്ലാം സ്വന്തം ഫഌറ്റിലും വീട്ടിലും രാമായണ സന്ധ്യയില്‍ നിറദീപം തെളിയിച്ച് പുണ്യം നുകരുകയാണ്.
അമിതമായ ഉപഭോഗ ഭ്രാന്തും നിത്യജീവിതത്തിലെ നഗരജന്യ തിരക്കുകളും സമ്മര്‍ദ്ദങ്ങളും ഒപ്പം ഹൈന്ദവ കുടുംബങ്ങള്‍ നേരിടുന്ന സാമൂഹിക വിഷയങ്ങളും പരസ്പരം ചര്‍ച്ച ചെയ്യാന്‍ സുന്ദര സമന്വയ വേദികളായി ഈ രാമായണ നാളുകളില്‍ വീടുകള്‍ മാറിക്കഴിഞ്ഞു. എന്നും സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് പുറം തിരിഞ്ഞു നില്ക്കുന്ന ഫഌറ്റുകള്‍ അഞ്ച് തിരിയിട്ട നിലവിളക്കിനാല് ആത്മീയ ചൈതന്യം വിതറിക്കഴിഞ്ഞു.
പശ്ചിമകൊച്ചിയിലെ മട്ടാഞ്ചേരി, ചെരളായി, അമരാവതി, പള്ളുരുത്തിയിലെ ചെല്ലാനം, അണ്ടിക്കടവ്, പെരുമ്പടപ്പ്, എറണാകുളം നഗരത്തിലെ കടവന്ത്ര, പനമ്പിള്ളി നഗര്‍, തമ്മനം, എളമക്കര, കലൂര്‍, മാമംഗലം, ചേരാനല്ലൂര്‍, പച്ചാളം, ചിറ്റൂര്‍, അയ്യപ്പന്‍കാവ്. തൃക്കാക്കരയിലെ വെണ്ണല, തോപ്പില്‍, തൃപ്പൂണിത്തുറയിലെ എരൂര്‍, പെരുന്നിനാകുളം, ഇരുമ്പനം, ശ്രീനിവാസന് കോവില്‍, ചോറ്റാനിക്കരയിലെ ആമ്പല്ലൂര്‍, പിണര്‍മുണ്ട, മുളംതുരുത്തി തുടങ്ങി മുപ്പതോളം കേന്ദ്രങ്ങളിലാണ് വിപുലമായ രാമായണപാരായണം വീടുകള്‍ തോറും നടന്നുകൊണ്ടിരിക്കുന്നത്. ക്ഷേത്രങ്ങളിലെ പതിവ് അനുഷ്ഠാന വായനയ്ക്ക് അപ്പുറം രാമായണ മാസാചരണത്തിലൂടെ ഹൈന്ദവ കുടുംബ ശാക്തീകരണത്തിനും അതുവഴി ധര്‍മ ജാഗരണത്തിനും ഒരുനാളും ഇല്ലാത്ത തരം ആര്‍ജവം കൈവന്നിരിക്കുന്നു. ഒപ്പം അക്ഷരങ്ങളെ സ്നേഹിക്കുന്ന ഏവര്‍ക്കും തുഞ്ചത്ത് രാമാനുജനെഴുത്തച്ഛന്റെ വരപ്രസാദമായ അദ്ധ്യാത്മരാമായണം കിളിപ്പാട്ട് തികഞ്ഞ കേരളീയത്തനിമയില്‍ സാംസ്കാരിക ചൈതന്യവും നല്‍കുകയാണ്.
രാമായണം ജീവിതത്തിന്റെ ഭാഗമായൊരു ഗ്രാമം
രാമായണ പാരായണം ഒരു ഗ്രാമത്തില്‍ പരിവര്‍ത്തനം വരുത്തിയതിന്റെ അനുഭവമാണ് എറണാകുളം ജില്ലയിലെ ചേരാനല്ലൂരിന് പറയാനുള്ളത്. 1982 ല്‍ എറണാകുളത്ത് നടന്ന വിശാലഹിന്ദു സമ്മേളനത്തില്‍ ആഹ്വാനം ചെയ്തതനുസരിച്ച് കേരളത്തില്‍ സാമൂഹ്യ നവോത്ഥാനത്തിന് അദ്ധ്യാത്മ രാമായണത്തിന്റെ മഹത്വം തിരിച്ചറിഞ്ഞവരില്‍ ചേരാനല്ലൂരിലെ ഗ്രാമീണരും ഉള്‍പ്പെടും. 1988 മുതല്‍ മുടങ്ങാതെ എല്ലാവര്‍ഷവും കര്‍ക്കടക മാസത്തില്‍ രാമായണ പാരായണം നടന്നുവരുന്നു. രാഷ്ട്ര സേവികാ സമിതി പ്രവര്‍ത്തകരായ ശാന്ത പ്രതാപന്, ബേബി പങ്കജാക്ഷന്, രാധാ കൃഷ്ണന് എന്നിവരുടെ നേതൃത്വത്തിലാണ്
ഗൃഹഗൃഹാന്തരം ഇതാചരിക്കുവാന്‍ തീരുമാനിക്കുന്നത്. അന്ന് ഇതിന് വേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്കിയതാവട്ടെ കെ.രാമചന്ദ്രന് കര്‍ത്ത, വെളിയത്ത് ചാന്തു ആശാന് തുടങ്ങിയവരാണ്.
വര്‍ഷങ്ങള്‍ക്കുശേഷമാണ് സേവാഭാരതിയുടെ നേതൃത്വത്തില്‍ രാമായണ പാരായണ സമിതിക്ക് രൂപം നല്‍കുകയും കാളീശ്വരീ ശാഖാപരിധിയിലെ യുവജനങ്ങള്‍ ഇതിന്റെ നേതൃത്വം ഏറ്റെടുക്കുകയും ചെയ്തത്. തുടര്‍ന്ന് ചേരാനല്ലൂരിന്റെ വിവിധ ഭാഗങ്ങളായ വിഷ്ണുപുരം, ഇടയക്കുന്നം, അമ്പലക്കടവ്, കുന്നുംപുറം തുടങ്ങിയ വിവിധ ഭാഗങ്ങളിലേക്കും സമിതിയുടെ പ്രവര്‍ത്തനം വ്യാപിപ്പിച്ചു.
കര്‍ക്കടകമാസത്തില്‍ ഓരോരോ വീടുകളിലായിട്ടാണ് രാമായണ പാരായണം. അഷ്ടോത്തരാര്‍ച്ചന, ഭജന, പ്രസാദവിതരണം എന്നിവയും ചിട്ടയോടെ നടന്നുവരുന്നു. കഴിഞ്ഞ 10 വര്‍ഷമായി ഓരോ വര്‍ഷവും ചുരുങ്ങിയത് അഞ്ചുപേരെ രാമായണ പാരായണം ചെയ്യാന്‍ പ്രാപ്തരാക്കി, അവരെ മറ്റു സമിതികളിലേക്ക് അയയ്ക്കുവാനും ശ്രദ്ധിക്കുന്നുണ്ട്. കുട്ടികളെ രാമായണത്തിലേക്ക് ആകര്‍ഷിക്കുന്നതിനായി അവര്‍ക്കായി രാമായണ പാരായണ മത്സരവും പ്രശ്നോത്തരി മത്സരവും നടന്നുവരുന്നു. സമാപനത്തോട് അനുബന്ധിച്ച് നടക്കുന്ന മഹാവിളക്ക് പൂജയാണ് മറ്റൊരു സവിശേഷത.
രാമായണ പാരായണത്തിന്റെ പ്രാധാന്യം മനസ്സിലാക്കി, കുട്ടികളില്ലാത്ത ദമ്പതികള്‍, അവരുടെ വീടുകളില്‍ പുത്രകാമേഷ്ടി ഭാഗം വായിക്കണമെന്നാണ് സമിതി അംഗങ്ങളോട് ആവശ്യപ്പെടുന്നത്. മനുഷ്യജീവിതവുമായി രാമകഥ അത്രമേല്‍ ഇഴചേര്‍ന്നു നില്‍ക്കുന്നുവെന്ന് വ്യക്തം. കര്‍ക്കടകമാസത്തില്‍ രാമായണാചരണ മാസം എന്നുള്ളത് ചേരാനല്ലൂരിലെ ഹിന്ദുസമൂഹത്തിന്റെ ജീവിതചര്യയുടെ തന്നെ ഭാഗമായിരിക്കുകയാണ് ഇന്ന്. ഇതോടനുബന്ധിച്ച് കഴിഞ്ഞ 10 വര്‍ഷമായി നാലമ്പല ദര്‍ശനവും നടന്നുവരുന്നു.
ജനഹൃദയങ്ങളിലേയ്ക്ക് ഒഴുകുന്ന രാമായണം
ഭാഷയിലെ ലാളിത്യംകൊണ്ട് ജനകീയമായ രാമായണം കൂടുതല്‍ കൂടുതല്‍ ജനഹൃദയങ്ങളിലേക്ക് ഒഴുകാന്‍ തുടങ്ങിയത് രാമായണ മാസാചരണത്തോടെയാണ്. കര്‍ക്കടകം ഒന്നുമുതല്‍ ഒരുമാസക്കാലം വ്രതശുദ്ധിയോടെയുള്ള രാമായണപാരായണത്താല്‍ മുഖരിതമാണ് ക്ഷേത്രങ്ങളും ഭവനങ്ങളും. കൂട്ടിവായിക്കാന്‍ പഠിച്ച കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍വരെ നിഷ്ഠയോടെ രാമായണം വായിക്കുന്ന ദിനങ്ങള്‍. ഒറ്റയ്ക്കൊറ്റയ്ക്ക് വായിക്കുന്നതിന് പകരം പരസ്പരമുള്ള ഐക്യത്തിലേക്കും വഴിയൊരുക്കുകയാണ് രാഷ്ട്രധര്‍മ പരിഷത്തിന്റെ കീഴില്‍ കൊച്ചിയില്‍ പ്രവര്‍ത്തിക്കുന്ന മാനവസേവാ സമിതി. കര്‍ക്കടകം ഒന്നുമുതല്‍ മുപ്പത്തൊന്ന് ദിവസം ഏതെങ്കിലും ഒരുഭവനത്തില് ഒത്തുചേര്‍ന്ന് ഒരുമിച്ച് അവരെല്ലാം രാമായണം വായിക്കും. അതാണ് കഴിഞ്ഞ അഞ്ചുവര്‍മായി തുടരുന്ന രീതി. 2010 ലാണ് മാനവസേവാ സമിതി ഇത്തരമൊരു ആശയത്തിന് തുടക്കമിട്ടത്. ഇത്തരത്തില്‍ രാമായണ പാരായണം നടക്കുമ്പോള്‍ 100 ഓളം പേരായിരിക്കും ഒരു വീട്ടില്‍ ഒത്തുചേരുക. എല്ലാവരും ഒരുമിച്ചു വായിക്കുക എന്നതാണ് രീതി. സന്ധ്യയ്ക്ക് ഏഴ് മുതല്‍ എട്ടുമണിവരെയാണ് ഇതിനായി നീക്കിവച്ചിരിക്കുന്നത്.
സമിതി അംഗങ്ങളില്‍ ആരുടെയെങ്കിലും വീട്ടില്‍ വച്ചായിരിക്കും തുടക്കം. ആദ്യത്തെ 15 മിനിട്ട് വായന, തുടര്‍ന്ന് പ്രഭാഷണം, പ്രസാദവിതരണം ഇങ്ങനെയാണ് കാര്യക്രമം. സ്ത്രീകളാണ് കൂടുതലും ഇതില്‍ പങ്കെടുക്കുക. സ്ത്രീകളുടെ ഒരു കമ്മറ്റിയും രൂപീകരിച്ചിട്ടുണ്ട്. ഇതിലെ അംഗങ്ങളാണ് രാമായണം വായനയ്ക്ക് നേതൃത്വം നല്‍കുക. രായാമണകാവ്യം ഇമ്പത്തോടെ ചൊല്ലാന്‍ ഇവര്‍ക്ക് പരിശീലനവും നല്‍കിയിട്ടുണ്ട്. ഇവര്‍ ചൊല്ലുന്ന രീതിയിലാണ് മറ്റുള്ളവരും ചൊല്ലുക. അത് ഏറ്റുചൊല്ലലും അല്ല. എല്ലാവരും ഒരുമിച്ച്. അപ്പോള്‍ത്തന്നെ കൂട്ടായ്മയിലേക്ക് ഒരു ചെറുചുവടുവയ്പായി. അമ്പലങ്ങളിലും വീടുകളിലും വര്‍ഷങ്ങള്‍ക്കുമുമ്പുതന്നെ രാമായണമാസം ആചരിക്കാന്‍ തുടങ്ങിയെങ്കിലും ഹിന്ദുസമൂഹത്തില്‍ ഐക്യം നിലനിര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ് മാനവസേവാ സമിതി മുന്നോട്ടുപോകുന്നത്. 31 ദിവസംകൊണ്ട് രാമായണം വായന പൂര്‍ത്തിയാകും വിധമാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. 31-ാം ദിവസം വിപുലമായ പരിപാടികളോടെയാണ് രാമായണ മാസാചരണത്തിന് സമാപനം കുറിയ്ക്കുക.
ഈ ചടങ്ങില്‍ വച്ചാണ് രാമായണ പാരായണത്തിന്റെ സമാപ്തി. കഴിഞ്ഞ വര്‍ഷം മുതല്‍ വീടുകള്‍ക്ക് പുറമെ പ്രദേശത്തുള്ള ക്ഷേത്രങ്ങളിലും രാമായണപാരായണം നടത്തുന്നുണ്ട്. വീടുകളില്‍ ഇത്തരത്തില്‍ രാമായണം പാരായണം നടത്തണമെന്ന് ആഗ്രഹിക്കുന്നവര്‍ നേരത്തെ ബുക്ക് ചെയ്യേണ്ടതായുണ്ട്. അതാത് ദിവസത്തെ പരിപാടിയുടെ വിവരം, വീട്ടിലേക്ക് എത്തേണ്ടുന്ന വഴിയുള്പ്പെടെയുള്ളകാര്യങ്ങള് മൊബൈലിലൂടെ മെസേജായി അറിയിക്കുകയും ചെയ്യും. ഓരോ വര്‍ഷവും ഈ പരിപാടിയില്‍ പങ്കെടുക്കുന്നവരുടെ എണ്ണം വര്‍ധിച്ചുവരികയാണ്. താല്പര്യമുള്ളവര് നേരത്തെ തന്നെ ബുക്ക് ചെയ്യേണ്ട അവസ്ഥയാണിപ്പോള്‍. അതിനാല്‍ നേരത്തെ ഇത്തരത്തിലുള്ള രാമായണപാരായണം നടന്നിട്ടുള്ള വീടുകളെ ഒഴിവാക്കിക്കൊണ്ട് മറ്റുള്ളവര്‍ക്കും അവസരം നല്‍കുകയാണ് മാനവസേവാസമിതി.
രാമായണമാസാചരണത്തിന്റെ ഭാഗമായി രാമായണശ്രീ പുരസ്കാരവും നല്കിവരുന്നു. ഇത്തവണ തുറവൂര്‍ വിശ്വംഭരനാണ് ഈ പുരസ്കാരം. പതിനായിരത്തൊന്ന് രൂപയും ശില്പവും അടങ്ങുന്ന പുരസ്കാരം സമാപന ദിവസമാണ് സമ്മാനിക്കുക. എ.പ്രസാദ്കുമാറാണ് സമിതി പ്രസിഡന്റ്. ഹരിദാസ് മേനോന് രക്ഷാധികാരിയും പി.കുട്ടികൃഷ്ണന് സെക്രട്ടറിയുമാണ്. സുരേഷ് കുമാര്‍ ജോയിന്റ് സെക്രട്ടറിയായും എം.ശിവദാസന്‍ ഖജാന്‍ജിയായും പ്രവര്‍ത്തിക്കുന്നു. തുടക്കത്തില്‍ കിട്ടിയതിനേക്കാള്‍ സ്വീകാര്യതയാണ് മാനവസേവാസമിതിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന രാമായണോത്സവത്തിന് ലഭിക്കുന്നത്. ഒറ്റയ്ക്കുള്ള നാമജപം അവനവനുവേണ്ടി മാത്രവും ഒത്തുചേര്ന്നുള്ളത് സമാജത്തിനാകമാനവും ആകുമ്പോള്‍, ഈ ഒത്തുചേരലിനുള്ള, അവരെത്തമ്മില്‍ ഒന്നിപ്പിക്കുന്ന കണ്ണിയായി മാറുകയാണ് രാമായണോത്സവത്തിലൂടെ മാനവസേവാ സമിതി
ലവ-കുശന്മാരിലൂടെ ഒരു വിളംബരം
സാംസ്കാരിക പാരമ്പര്യത്താല്‍ കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമെന്ന പദവി അലങ്കരിക്കുന്ന തൃശൂരില്‍ രാമായണ മാസാചരണത്തിന് വളരെ പ്രാധാന്യമാണുള്ളത്. രാമായണമാസാചരണ വിളംബരം എന്ന പേരില്‍ കര്‍ക്കടക മാസത്തില്‍ നഗരത്തിലും പരിസര പ്രദേശങ്ങളിലും നിരവധി പരിപാടികള്‍ നടത്തി വരാറുണ്ട്. വര്‍ഷം തോറും നടത്തുന്ന ഇത്തരം വിളംബര ഘോഷയാത്രകളിലൂടെ രാമായണത്തെ പരമാവധി പ്രചരിപ്പിക്കുകയും രാമായണം വായിക്കാനുള്ള ശീലം എല്ലാവരിലും ഉണ്ടാക്കുക എന്നതുമാണ് ലക്ഷ്യമിടുന്നത്. ഈ വര്‍ഷത്തെ രാമായണമാസാചരണ വിളംബരം ജൂലൈ 16നായിരുന്നു നടന്നത്. വാത്മീകിയുടെയും ലവ-കുശന്മാരുടെയും വേഷങ്ങളാണ് പ്രധാനമായും ഘോഷയാത്രയില്‍ അണിനിരക്കുക.
വാത്മീകി എഴുതിയ രാമായണത്തെ ലവ-കുശന്മാരാണ് എല്ലാവരിലേക്കും പ്രചരിപ്പിച്ചത് എന്ന ഐതിഹ്യത്തെ അടിസ്ഥാനപ്പെടുത്തിയാണ് ഈ മൂന്ന് വേഷങ്ങള്‍ ഘോഷയാത്രയില്‍ അണിനിരത്തുന്നത്. നൂറ്റി അറുപതോളം പേര് പങ്കെടുത്ത പരിപാടി നഗരത്തില്‍ പാറമേക്കാവ് ക്ഷേത്രത്തില്‍ നിന്നും ആരംഭിച്ച് വടക്കുംനാഥ പ്രദക്ഷിണം പൂര്‍ത്തിയാക്കിയാണ് അവസാനിച്ചത്. ക്ഷേത്രസംരക്ഷണ സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് വി.കെ.വിശ്വനാഥന്റെ നേതൃത്വത്തിലായിരുന്നു ഘോഷയാത്ര. കര്‍ക്കടക മാസത്തില്‍ വീടുതോറും കയറിയിറങ്ങിയുള്ള രാമായണ പാരായണത്തിനും സാംസ്ക്കാരിക നഗരമായ തൃശൂര്‍ ഏറെ പ്രാധാന്യം നല്കുന്നു.
രാമായണം: സാക്ഷര
കേരളത്തിന്റെ മാര്‍ഗദര്‍ശി
ഇ.എന്‍. നന്ദകുമാര്‍
രാമായണം സമൂഹമനസ്സില്‍ ചെലുത്തിയിട്ടുള്ള സ്വാധീനം വിവരണാതീതമാണ്. രാമായണത്തിലെ ഓരോ കഥാപാത്രവും നമ്മളിലോരാളായി ജീവിക്കുന്നതാകാം ഇതിനു കാരണം. ലോകത്തിലൊരു ഗ്രന്ഥത്തിനും ഇത്ര ആത്മബന്ധം പുലര്ത്താനായിട്ടുണ്ടോ? സംശയമാണ്. കോരിച്ചൊരിയുന്നമഴയും അമാവാസിയുടെ കൂരാക്കൂരിരുട്ടും കര്‍ക്കടകമാസത്തെ കള്ളക്കര്ക്കടകമാക്കി. മലയാളീഗൃഹങ്ങള് രാമായണ പാരായണത്തിനു ഉചിതകാലമായി ഇതു തിരഞ്ഞെടുത്തു. എന്നാല്‍ 1982 ഏപ്രില്‍ നാലിന് എറണാകുളത്ത് നടന്ന വിശാല ഹിന്ദു സമ്മേളനം ഹിന്ദുക്കള്‍ക്കിടയില്‍ മാത്രമല്ല പൊതുസമൂഹത്തിലും ഒരു പുത്തനുണര്‍വാണ് സൃഷ്ടിച്ചത്. ഹിന്ദു സമൂഹത്തിലെ സമസ്ത ജനവിഭാഗങ്ങളും, ജാതിവ്യത്യാസങ്ങള്ക്കുപരിയായി ഒത്തുചേര്‍ന്ന മഹാസംഭവം.
ഹിന്ദുസമൂഹത്തിലെ കൂട്ടായ്മ എന്നതോടൊപ്പം വിശാലഹിന്ദു സമ്മേളനം നടത്തിയ സാംസ്കാരിക ഇടപെടലായിരുന്നു രാമായണമാസപ്രഖ്യാപനം. ലോകചരിത്രത്തില്‍ ആദ്യമായി വായനയ്ക്ക് ഒരു മാസം പ്രഖ്യാപിക്കപ്പെട്ടു. ബൈബിള്‍ അടക്കം പല മതഗ്രന്ഥങ്ങളും വീടുകളില്‍ വായിക്കാന്‍ പാടില്ല എന്ന വിശ്വാസവും പ്രബലമായ കാലത്താണ് ഇതെന്നോര്‍ക്കണം. എന്നാല്‍ യു.എന്‍. പുസ്തകത്തിനൊരു ദിവസം തീരുമാനിക്കാന്‍ ഒരു വ്യാഴവട്ടക്കാലം കൂടി വേണ്ടിവന്നു. 1994 ഏപ്രില്‍ 23 ഷേക്സ്പിയറുടെ ജന്മദിനമായിരുന്നു ആദ്യലോകപുസ്തകദിനം.
പി.പരമേശ്വരര്ജിയുടെയും പി.മാധവ്ജിയുടെയും നേതൃത്വത്തില്‍ സാംസ്കാരികരംഗത്ത് ഒരു ഭാവാത്മകവിപ്ലവമായിരുന്നു രാമായണമാസാചരണം.പതിവുപോലെ ഇതിനെതിരെപ്പോലും ചില പൊട്ടലും ചീറ്റലും എന്തിനേയും എതിര്‍ക്കുന്നവരുടെ ഭാഗത്തുനിന്നുണ്ടായി. പക്ഷെ പൊതുസമൂഹം ഇതങ്ങു ഏറ്റെടുക്കുകയായിരുന്നു. ചുരുക്കം കുടുംബങ്ങളില്‍ തുടര്‍ന്നിരുന്ന രാമായണവായന മലയാളിയുടെ സ്വകാര്യഅഹങ്കാരമായി മാറി. കര്‍ക്കടകമാസം രാമായണമാസമായി ഒരു സര്‍ക്കാരും അംഗീകരിക്കേണ്ടി വന്നില്ല. ജനമനസ്സുകളില്‍ രാമായണം സ്ഥാനമുറപ്പിച്ചു. ആബാലവൃദ്ധം ജനത രാമായണത്തില്‍ ആറാടി.
1991 ല്‍ കേരളം സമ്പൂര്‍ണ്ണസാക്ഷരത കൈവരിക്കുന്നതില്‍ രാമായണവായന വഹിച്ച പങ്ക് നിര്‍ണായകമാണ്. പി.എന്‍.പണിക്കര്‍ ആരംഭിച്ച ഗ്രന്ഥശാലാ പ്രസ്ഥാനവും സാക്ഷരതാ മിഷനും വിശാല ഹിന്ദു സമ്മേളനവുമാണ് സാക്ഷരകേരളത്തിന്റെ മാര്‍ഗദര്‍ശികള്‍ എന്നത് അവിതര്‍ക്കിതമായ വസ്തുതയാണ്.
മലയാളി ഏറ്റവും കൂടുതല്‍ വായിക്കുന്നത് എഴുത്തച്ഛനെയാണെന്ന് ആര്‍ക്കും സംശയമില്ല. നാന്നൂറ് വര്‍ഷം മുമ്പ് എഴുതിയ അദ്ധ്യാത്മരാമായണം ഇന്നും പുതിയവായനക്കാരെ ആകര്‍ഷിക്കുന്നു. മലയാളത്തിലെ മികച്ച എഴുത്തുകാരുടെ ഉത്തമകൃതി ആകെ പ്രസിദ്ധീകരിക്കുന്നതിനേക്കാള്‍ അധികം രാമായണം ഒരുവര്‍ഷം പ്രസിദ്ധീകരിക്കപ്പെടുന്നു. എഴുത്തച്ഛന്റെ മഹാഭാരതവും ഭാഗവതവും ഹരിനാമകീര്‍ത്തനവും ഒക്കെ മലയാളി നെഞ്ചോടേറ്റു പിടിച്ച മഹത്ഗ്രന്ഥങ്ങളാണ്.
വിവാദങ്ങളിലും ഹൈന്ദവപ്രസ്ഥാനങ്ങളെ വിമര്‍ശിക്കുന്നതിലും മാത്രം ആനന്ദിക്കുന്ന ഒരു കോട്ടയം സാഹിത്യകാരന് ‘താന്‍ രാമായണവും മഹാഭാരതവും ഒന്നും വായിച്ചിട്ടില്ല’ എന്നുകുറച്ചുവര്ഷങ്ങള്ക്കു മുമ്പ് മേനി പറയുകയുണ്ടായി.’ അതിനുള്ള ബാലചന്ദ്രന് ചുള്ളിക്കാടിന്റെ മറുപടി ഇങ്ങനെ: ‘മലയാളത്തിലെ ഒരു യഥാര്‍ഥ സാഹിത്യകാരന് എഴുത്തച്ഛന്റെ രാമായണവും ഭാരതവും എങ്ങനെ വായിക്കാതിരിക്കാനാവും’ എന്നാണ്. കേരളത്തിന്റെ പൊതുമനസ്സാണത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: