തിരുവനന്തപുരം: കൃഷി മേഖലയിലും പ്രത്യേക സാമ്പത്തിക മേഖല പ്രോത്സാഹിപ്പിക്കുമെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി. നിര്‍മാണമേഖലയിലെ അസംസ്കൃത വസ്തുക്കളുടെ ഉപയോഗം നിയന്ത്രിക്കുന്നതിനു നയം കൊണ്ടുവരും. പ്രത്യേക സാമ്പത്തിക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്വര്‍ണനാണയ, മെഡല്‍ നിര്‍മാണ കമ്പനികള്‍ക്ക് കഴിഞ്ഞ രണ്ടു സാമ്പത്തിക വര്‍ഷം കയറ്റുമതി നിരോധനം കാരണം വരുമാന നഷ്ടം സംഭവിച്ചിട്ടുണ്ട്. മറ്റു യൂണിറ്റുകള്‍ ലാഭകരമാണ്.
സംസ്ഥാനത്ത് 16 പ്രത്യേക സാമ്പത്തിക മേഖലകളിലായി 250 യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 2012-13ല്‍ 25,701 തൊഴിലവസരങ്ങളും 2013-14 ല്‍ 32,311 തൊഴിലവസരങ്ങളും 2014-15ല്‍ 49,652 തൊഴിലവസരങ്ങളും സെസ് മേഖലയില്‍ നിന്ന് ലഭിച്ചു. സെസ് മേഖലയില്‍ പ്രത്യേക പരിഗണനകളുണ്ടെങ്കിലും ചൂഷണമോ മനുഷ്യാവകാശ ലംഘനങ്ങളോ ഉണ്ടായാല്‍ സര്‍ക്കാരിന് ഇടപെടാനാകും. മലബാര്‍ സിമന്റ്സിലെ അഴിമതിക്കേസന്വേഷണത്തിനാവശ്യമായ മുഴുവന്‍ രേഖകളും സിബിഐക്കു കൈമാറി. ഇതില്‍ കൂടുതലൊന്നും ചെയ്യാന്‍ കഴിയില്ല.
കേസ് ഇപ്പോള്‍ കോടതിയുടെ പരിഗണനയിലാണ്. അതിനാല്‍ സര്‍ക്കാരിന്റെ പക്കല്‍ കൂടുതല്‍ വിവരങ്ങളില്ലെന്നും മന്ത്രി പറഞ്ഞു. മലബാര്‍ സിമന്റ്സ് അരൂര്‍ പള്ളിപ്പുറം ഗ്രൈന്‍ഡിങ് യൂണിറ്റിന്റെ പ്രവര്‍ത്തനം ഈയാഴ്ച പുനരാരംഭിക്കും. കേരള ദിനേശ് ബീഡിയില്‍ നിന്ന് സ്വയം വിരമിച്ചവര്‍ക്കുള്ള ആശ്വാസ പെന്ഷന് സ്ഥിരം പെന്‍ഷനാക്കി മാറ്റാനുള്ള ശുപാര്‍ശ വൈകാതെ നടപ്പാക്കും.
കെല്‍ട്രോണില്‍ നിലവില്‍ 263 തസ്തികകള്‍ ഒഴിഞ്ഞു കിടപ്പുണ്ടെന്ന് മന്ത്രി അറിയിച്ചു.
വല്ലാര്‍പ്പാടം തുറമുഖത്തുനിന്നും വേണ്ടത്ര ലാഭം ഇപ്പോള്‍ ലഭിക്കുന്നില്ലെന്നും പരിഹാര നടപടികള്‍ തുടരുകയാണെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. എല്ലാ വര്‍ഷവും കപ്പല്‍ ചാല് ഡ്രഡ്ജ് ചെയ്യുന്നതിനു ഭീമമായ ചെലവാണുണ്ടാകുന്നത്. ഇതിനായി കേന്ദ്രസഹായം ആവശ്യപ്പെട്ടെങ്കിലും ആദ്യവര്‍ഷം മാത്രമേ ലഭിച്ചുള്ളൂ. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് സംബന്ധിച്ച ആശങ്കകള്‍ മലയോര ജില്ലകളില്‍ വസ്തു വില്പനയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്നു മന്ത്രി കെ.എം. മാണി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: