ലോകത്തിലെവിടെയും മനുഷ്യന്റെ ഏറ്റവും പ്രിയ സഹജീവിയും വിശ്വസ്ത സുഹൃത്തുമാണ് വളര്‍ത്തുനായ. അമേരിക്കയിലെ ഏതു നഗര-ഗ്രാമപഥങ്ങളിലൂടെ സഞ്ചരിച്ചാലും പലതരം നായകളേയും കൊണ്ടുനടക്കുന്ന പല പ്രായക്കാരെ കാണാം. കാറിലും ബസ്സിലും ട്രെയിനിലും ബോട്ടിലുമൊക്കെ യാത്ര ചെയ്യുന്നവരില്‍ പലര്‍ക്കുമൊപ്പവും നായകളെ കാണാം.
നായകള്‍ പലയിനം
ലോകത്തിലെവിടെയുമുള്ള നായകളുടെ ജനുസ്സിനെ അമേരിക്കയില്‍ കാണാം. വിശേഷപ്പെട്ടയിനങ്ങളെ ലക്ഷക്കണക്കിനു രൂപ നല്കി വാങ്ങി വളര്‍ത്തുന്നത് പ്രൗഢിയായി പലരും കരുതുന്നു. വലിയൊരെലിയോളം മാത്രം വലുപ്പമുള്ള ചെറുനായ മുതല്‍ കൂറ്റന്‍ മുട്ടനാടിനൊപം വലുപ്പമുള്ളവവരെ. കൗതുകമാണക്കാഴ്ചകള്‍.
സില്ക്കു നൂലുപോലെയുള്ള നീണ്ട രോമവും കൂര്‍ത്ത ചെവിയും തിളങ്ങുന്ന സൗമ്യമിഴികളുമുള്ള, ഓമനത്തമുള്ള, വലുപ്പം കുറഞ്ഞ, പോമറേനിയന്‍ നായകള്‍. നീണ്ട മുഖവും താഴേക്കൊടിഞ്ഞു കിടക്കുന്ന ചെവികളും കുറിയ കൈകാലുകളും മിനുങ്ങുന്ന ചെറുരോമങ്ങളുമുള്ള നീളം കൂടിയ ഡാഷ്. കറുപ്പും വെളുപ്പും ചെമ്പിച്ച നിറവും ഇടകലര്‍ന്ന ശരീരഭാഗങ്ങളോടുകൂടിയ, കഴുത്തിലും പിന്‍ഭാഗത്തും നീണ്ട രോമമുള്ള, വലിയയിനം സെയിന്റ് ബര്‍ണാര്‍ഡ്. കൈകാലുകള്‍, ചെവികള്‍, മുഖം എന്നീ ഭാഗങ്ങളില്‍ തവിട്ടുനിറവും ബാക്കി നല്ല കറുപ്പുമായ വാല്മുറിയന് ഡോബര്മാന്. ചുവപ്പുരാശി കലര്‍ന്ന മഞ്ഞയും അടിഭാഗം കുറച്ചുവെളുപ്പും ചേര്‍ന്ന വലിപ്പമേറിയ പ്രതാപിയായ ഗോള്‍ഡന്‍ റിട്രീവര്‍.
താഴേക്കു മടങ്ങിയ നീണ്ട ചെവിയും നീണ്ട വലിയ തലയുമുള്ള ഭീകരഭാവവുമുള്ള കാപ്പി നിറക്കാരന് ലാബ്രഡോര്‍ റിട്രീവര്‍. ചെവികള്‍ മേലോട്ടുയര്‍ത്തിയ, ഇരുണ്ടു ചെമ്പിച്ച നിറവും രാജകീയഭാവവുമുള്ള വലിയ ജര്‍മന്‍ ഷെപ്പേഡ്. സില്ക്കു നൂല് പോലുള്ള നീണ്ട രോമങ്ങള്‍ കൊണ്ടു കണ്ണുകള്‍ മൂടിക്കിടക്കുന്ന, ഇടത്തരം വലുപ്പമുള്ള ഓള്‍ഡ് ഇംഗ്ലീഷ് ഷിപ്പ് ഡോഗ്. ചെമ്മരിയാടിന്റേതുപോലെ ചുരുണ്ട രോമവും ചാര, വെള്ള, കറുപ്പുനിറങ്ങളില്‍ അധികം വലുപ്പമില്ലാത്തയിനം പുഡില്‍. കഴുത്തിനു താഴെ നെഞ്ചുഭാഗവും പാദാഗ്രങ്ങളും മാത്രം വെളുത്ത്, ബാക്കി ശരീരഭാഗങ്ങള്‍ കറുത്തതുമായ, ക്രൗര്യഭാവമുള്ള നീണ്ടുകൂര്‍ത്ത ചെവിയുടെ അറ്റം മാത്രം അല്‍പ്പം ഒടിഞ്ഞ ഇടത്തരം വലുപ്പമുള്ള പിറ്റ്ബുള്‍ ടെറിയര്‍. നെറ്റിയില്‍നിന്നു താഴേക്ക് മൂക്കിനു ചുറ്റുമായി വെളുപ്പും ശരീരഭാഗങ്ങളില്‍ വെള്ള, തവിട്ട്, കറുപ്പ് നിറങ്ങളുള്ള, വട്ടത്തലയും രൂക്ഷമായ വട്ടക്കണ്ണുകളുമുള്ള വലിയ ഇനം ആസ്ട്രേലിയന്‍ ഷെപ്പേഡ്-ഇങ്ങനെ അനേകം ഇനം നായകള്‍. എല്ലാറ്റിനെക്കുറിച്ചും വിശദീകരിച്ചാല്‍ വലിയൊരു പുസ്തകം തന്നെയാകും.
പക്ഷേ, ഒരു പ്രത്യേകത ഒരു നായക്ക് മറ്റൊന്നിനെ കാണാനിഷ്ടമല്ലെന്ന നാട്ടുചൊല്ല് ഇവിടെ അപ്രസക്തമാണ്. തമ്മില്‍കാണുമ്പോള്‍ അവര്‍ക്ക് പ്രശ്നമൊന്നുമില്ല. അത്തരം ‘തെമ്മാടികളെ ‘ആരും കൊണ്ടു നടക്കാറില്ല. വീട്ടിനു പുറത്ത് പെരുമാറാനുള്ള പരിശീലനം അവയ്ക്ക് കിട്ടുന്നുണ്ട്. തണുപ്പുകാലത്ത് നായകള്‍ക്കിണങ്ങുന്ന കോട്ടണ്‍ അല്ലെങ്കില്‍ കമ്പിളിയുടുപ്പുകള്‍ പ്രത്യേകമായി തയ്ച്ച് അവയെ ധരിപ്പിക്കുന്നു.
നായകള്‍ക്ക് ലൈസന്‍സ്
അമേരിക്കയില്‍ നായയെ വളര്‍ത്തണമെങ്കില്‍ ലൈസന്‍സ് നിര്‍ബന്ധമാണ്. ഭാരതത്തിലെവിടെയും മനുഷ്യന് ആശങ്കയും അരക്ഷിതത്വഭയവും ഉളവാക്കി അലഞ്ഞുനടക്കുന്ന തെരുവുനായകളെ കാണാം. അമേരിക്കയിലോ യൂറോപ്യന്‍ രാജ്യങ്ങളിലോ കാണില്ല. കാരണം നായകളെ വളര്‍ത്തുന്നതിന് പ്രാദേശിക ഭരണകൂടം കര്‍ശനമായ നിയമം നടപ്പാക്കുന്നു. പഞ്ചായത്തിന്റെ/മുനിസിപ്പാലിറ്റിയുടെ അംഗീകാരമില്ലാതെ നായയെ വളര്‍ത്തുന്നത് ശിക്ഷാര്‍ഹമാണ്. പ്രതിരോധ കുത്തിവെപ്പ് നടത്തി സര്‍ട്ടിഫിക്കറ്റ് കൊടുത്താലേ ലൈസന്‍സിന് കിട്ടൂ. വീട്ടില്‍ നായയെ വളര്‍ത്താനുള്ള സൗകര്യങ്ങള്‍ ശരിയായ വിധത്തിലുണ്ടോ എന്ന് പരിശോധിച്ച് അധികാരികള്‍ ഉറപ്പുവരുത്തണം. തണുപ്പുകൂടിയ കാലാവസ്ഥയുള്ളതിനാല്‍ വീടിനകത്തുതന്നെയാണ് നായക്കുമുറി. ഇവയ്ക്കു കിടക്കാന്‍ പറ്റിയ കട്ടിലും കിടക്കയും വേണം. ശുചിത്വത്തിന് ടോയ്ലറ്റുണ്ടാകണം. ഉത്തരവാദിത്വത്തോടെ പരിരക്ഷിച്ചുകൊള്ളാമെന്ന പ്രതിജ്ഞയും ഒപ്പിട്ടു നല്‍കണം. എങ്കിലേ നായയെ വളര്‍ത്താനുള്ള ലൈസന്‍സ് ലഭിക്കൂ.
കുടുംബത്തിലെ ഒരംഗം
കുടുംബാംഗമായാണ് നായയെ പാശ്ചാത്യര്‍ കണക്കാക്കുന്നത്. ഉച്ചിഷ്ടമൊന്നും നായയ്ക്കു നല്‍കിക്കൂട. പാല്, മുട്ട, വേവിച്ച ഇറച്ചി, ബിസ്കറ്റ്, റൊട്ടി തുടങ്ങിയ നല്ല ഭക്ഷണം കൊടുക്കണം. മൃഗഡോക്ടറുടെ ചികിത്സ ലഭ്യമാക്കണം. ഭക്ഷണം മാത്രം നല്കിയാല് പോരാ; വ്യായാമം ചെയ്യിക്കാനും കുറച്ചുസമയം നിര്‍ബന്ധമായും കണ്ടെത്തണം. നായയ്ക്കു വേണ്ട പെരുമാറ്റ മര്യാദകളും പരിശീലിപ്പിക്കണം. അതിന് വിദഗ്ദ്ധരുടെ സേവനം ഇവിടെ ലഭ്യമാണ്.
അമേരിക്കയില്‍ പ്രശസ്തയായ ഒരു നായ പരിശീലകയാണ് ലിസ് പാലിക. 1985 മുതല്‍ വിവിധ പ്രസിദ്ധീകരണങ്ങളില്‍ അവര്‍ നായ വളര്‍ത്തല്‍ പരിശീലനങ്ങളെക്കുറിച്ച് ലേഖനങ്ങള്‍ എഴുതുന്നു, ടിവി പരിപാടിയും നടത്തുന്നു. ബഹുവിധ കഴിവുകളുള്ള നായ മനുഷ്യന്റെ ഉത്തമസുഹൃത്തും സഹായിയും സംരക്ഷകനുമാണെന്ന് അവര്‍ പറയാറുണ്ട്.
ഓരോയിനം നായയ്ക്കും ചില പ്രത്യേകതരം കഴിവുകളാണ്. സൂക്ഷ്മഗന്ധങ്ങള്‍ തിരിച്ചറിഞ്ഞു പിടിച്ചെടുക്കല്‍, ശബ്ദങ്ങള്‍ തിരിച്ചറിയല്‍, ചിലപ്രത്യേകതകള്‍ മനസ്സിലാക്കല്‍, ഭാവഭേദങ്ങള്‍ തിരിച്ചറിയാനും അതനുസരിച്ചു പ്രതികരിക്കാനുമുള്ള കഴിവ്, മോഷ്ടാക്കളെയും അപകടകാരികളെയും തിരിച്ചറിയാനുള്ള സൂക്ഷ്മാവബോധം എന്നിവ ഏറെ പ്രധാനമാണ്. വിദഗ്ദ്ധവു ശാസ്ത്രീയവുമായ പരിശീലനം നല്‍കിയാണ് ചിലയിനം നായകളെ കേസന്വേഷണത്തിനും മറ്റും പോലീസ് നായകളായി ഉപയോഗിക്കുന്നത്. കള്ളക്കടത്തു സാധനങ്ങള്‍, ഒളിച്ചുവച്ച ബോംബുകള്‍, മാരകായുധങ്ങള്‍ തുടങ്ങിയവ കണ്ടെത്താന്‍ പോലീസ് നായകള്‍ പ്രകടിപ്പിക്കുന്ന അതിസാമര്‍ത്ഥ്യം അത്ഭുതാവഹമാണ്.
ഒറ്റപ്പെട്ടവരുടെ ആത്മമിത്രം
ഇന്ന് ഒറ്റപ്പെട്ടവരായി കഴിയാന്‍ വിധിക്കപ്പെട്ടവര്‍ നമ്മുടെ നാട്ടിന്‍പുറങ്ങളിലും ഏറി വരികയാണ്. അമേരിക്കയില്‍ ഈ കൂട്ടര് അധികമാണ്, പ്രത്യേകിച്ച് പ്രായമായവര്‍ക്കിടയില്‍. അവര്‍ക്കു സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും സന്തോഷകരമായി സമയം ചെലവഴിക്കാനും സുരക്ഷിതത്വത്തിനുമായി ഒരു വളര്‍ത്തുനായ ആവശ്യമായിത്തീരുന്നു. ഏകാകിയായിത്തീരുന്ന ഏതു പ്രായത്തിലുള്ള വ്യക്തികള്‍ക്കും വളര്‍ത്തുനായ മികച്ച സുഹൃത്തായിത്തീരുന്നു. വളര്‍ത്തുനായയോടു വര്‍ത്തമാനം പറഞ്ഞ് ചിലപ്പോള്‍ ചിരിച്ചും സങ്കടപ്പെട്ടും നടക്കുന്ന വൃദ്ധന്മാരെയും വൃദ്ധകളെയും നടപ്പാതകളില്‍ കാണാനാവും. ദാരിദ്ര്യവും വിഷമതകളുമായി തെരുവിലലയുന്ന മനുഷ്യരെക്കാള്‍ ഭാഗ്യശാലികളാണ് ഇവിടുത്തെ വളര്‍ത്തുനായകള്‍ എന്നു പലപ്പോഴും എനിക്കു തോന്നിയിട്ടുണ്ട്.
കൂട്ടിന് വളര്‍ത്തുനായ മാത്രമായി തനിച്ചു കഴിയുന്ന സ്ത്രീകളെയും പുരുഷന്മാരെയും ഇവിടെ കാണാം. അവരില്‍ പലരും ജോലിക്കു പോകുമ്പോള്‍ നായയെ തനിച്ചാക്കാറില്ല. വീട്ടില്‍ ഒറ്റയ്ക്കാവുന്നത് നായയ്ക്കും വിഷാദകരമാണ്.
ഡോഗ് ജിം
അതിനാല്‍, നായയെ പരിചരിക്കാന്‍ ‘ഡോഗ് ജിം’ എന്ന സ്ഥാപനത്തിലാക്കുന്നു. കൊച്ചുകുട്ടികളെ ‘ഡേകെയറി’ല്‍ ആക്കും പോലെ. ഡോഗ് ജിമ്മില്‍ നാല്‍പ്പതോ അമ്പതോ നായ്ക്കളുണ്ടാകും. അവയെ ഇനം തിരിച്ച് കമ്പിയഴികളിട്ട ഷെല്‍ട്ടറുകളില്‍ താമസിപ്പിക്കുന്നു. നായകള്‍ക്കു വേണ്ട ഭക്ഷണം, മരുന്ന്, വ്യായാമ പരിശീലനം, കളികള്‍, സ്നേഹപരിലാളനകള്‍ എന്നിവ ടൈംടേബിള്‍ പ്രോഗ്രാമനുസരിച്ച് അവിടെ നിര്‍വഹിക്കപ്പെടുന്നു. അതിന് വിദഗ്ദ്ധ പരിശീലനം സിദ്ധിച്ച യുവതീയുവാക്കള്‍ ജോലിക്കാരായുണ്ട്. മണിക്കൂര്‍ കണക്കിലാണ് അവരുടെ പ്രതിഫലം.
നായകള്‍ക്കുവേണ്ടി ലക്ഷങ്ങള്‍ ചെലവഴിക്കാന്‍ മടിയില്ലാത്തവര്‍ ധാരാളം. ലക്ഷക്കണക്കിനു ഡോളര്‍ വളര്‍ത്തുനായയ്ക്ക് ഒസ്യത്തെഴുതി വച്ചു മരിച്ച ഒരു വൃദ്ധയെക്കുറിച്ച് കേട്ടിട്ടുണ്ട്. ദാരിദ്ര്യവും ദുഃഖങ്ങളുമായി കഴിയുന്ന നിര്‍ഭാഗ്യരായ മനുഷ്യര്‍ ലക്ഷക്കണക്കിലുള്ള ലോകത്ത്, ഇവിടെ വളര്‍ത്തുനായകള്‍ എത്രയോ ഭാഗ്യശാലികള്‍!
പ്രതികരിക്കാൻ ഇവിടെ എഴുതുക: