അക്ഷരവും അച്ചടിയും അച്ചടക്കത്തിന്റെ പേരില്‍ കൂച്ചുവിലങ്ങില്‍ പെട്ട കാലമായിരുന്നു അടിയന്തരാവസ്ഥ. പത്രങ്ങള്‍ക്കു സെന്‍സര്‍ഷിപ്പ്. പ്രസംഗങ്ങള്‍ക്കു വിലക്ക്. പക്ഷേ, അവിടെ വിലക്കതിജീവിച്ച വിപ്ലവങ്ങള്‍ ഉണ്ടായി. ചിലര്‍ പഞ്ചപുച്ഛമടക്കി സുഖമായി, സുരക്ഷിതരായി സുഖിച്ചു. പക്ഷേ പലരും പ്രതികരിച്ചു. അവ ഒറ്റപ്പെട്ടതെങ്കിലും സിംഹ ഗര്‍ജ്ജനങ്ങളായിരുന്നു. വാക്കിലും വരയിലുമായി അവ പ്രചോദിപ്പിച്ചു.
ബാംഗ്ലൂര്‍ ജയിലില്‍ക്കിടന്ന് അടല്‍ ബിഹാരിവാജ്പേയി എഴുതിയ ‘തലപോയാലും ഏകാധിപതിക്കു മുന്നില്‍ തലകുനിയ്ക്കില്ല’ എന്ന കവിത ഭാരതം മുഴുവന്‍ പ്രചരിപ്പിക്കപ്പെട്ടു. പ്രസിദ്ധ സാഹിത്യകാരനും വയോവൃദ്ധനുമായ വി. എസ്. ഖാണ്ഡേക്കര്‍ ജ്ഞാനപീഠ പുരസ്കാരം തിരിച്ചുനല്‍കി 21 ദിവസം ഉപവാസമെടുത്ത് പ്രതിഷധിച്ചു. ‘തത്വമസി’ എഴുതിയ പ്രൊഫ. സുകുമാര്‍ അഴീക്കോട് അടിയന്തരാവസ്ഥക്ക് അനുകൂലമായി ലേഖനമെഴുതുകയും പ്രസംഗിക്കുകയും ചെയ്തു. ഇടതുപക്ഷ സഹയാത്രികരായ ഒഎന്‍വി, പി. ടി. ഭാസ്ക്കരപ്പണിക്കര്, തോപ്പില്‍ ഭാസി, പി. ഭാസ്ക്കരന്‍, തിരുനെല്ലൂര്‍ കരുണാകരന്, പി. ഗോവിന്ദപിള്ള, കെ. ഗോവിന്ദപ്പിള്ള, എന്‍.എ. കരീം, കാമ്പിശ്ശേരി കരുണാകരന് തുടങ്ങിയ വിപ്ലവ സാഹിത്യകാരന്മാരും ബുദ്ധിജീവികളുമെല്ലാം നിശബ്ദരായി.
എന്നാല്‍ നട്ടെല്ലുള്ളവര്‍ അവരുടെ വഴികളിലൂടെ ചെറുതും വലുതുമായ പ്രതിഷേധം പ്രകടിപ്പിച്ചു. പി. പരമേശ്വരന് സമരം ചെയ്ത് ജയിലില്‍ പോയി. ഒ.വി.വിജയന് കാര്‍ട്ടൂണ്‍ വരച്ച് പ്രതിഷേധിച്ചു. എം. ഗോവിന്ദന് ”എഴുത്തോ, നിന്റെ കഴുത്തോ” എന്ന കവിതയെഴുതി. അയ്യപ്പപ്പണിക്കര്‍ ‘കടുക്ക’ എന്ന കവിതയിലൂടെ ഉറച്ച ശബ്ദം കേള്‍പ്പിച്ചു. ജനസന്ദേശം, കുരുക്ഷേത്രം, സുദര്‍ശനം എന്നീ ഒളിവുകാലപ്രസിദ്ധീകരണങ്ങള്‍ ജന്മംകൊണ്ടു. മുതിര് പത്രപ്രവര്‍ത്തകനായ പി.രാജനെ പോലീസ് അറസ്റ്റു ചെയ്യുകയുണ്ടായി.
ഒളിവിലെ വാര്‍ത്താമാധ്യമമെന്ന നിലയില്‍ ഭാരതത്തിലുടനീളം പ്രസിദ്ധീകരണങ്ങളുണ്ടായതിന്റെ ഭാഗമായി കേരളത്തില്‍ കുരുക്ഷേത്രം പ്രസിദ്ധീകരണമാരംഭിച്ചു. മാധ്യമങ്ങളെല്ലാം സെന്‍സര്‍ഷിപ്പിന്റെ കീഴിലായിരുന്നതുകൊണ്ട് നാട്ടില്‍ നടക്കുന്ന വാര്‍ത്തകളറിയാന്‍ കുരുക്ഷേത്രം മാത്രമായിരുന്നു ഒരു വഴി. ആകെ 19 ലക്കം കുരുക്ഷേത്രം ഇറങ്ങിയതില്‍ 13-ാം ലക്കം മുതല്‍ അത് എഡിറ്റു ചെയ്യാനുള്ള ചുമതല ഈ ലേഖകനായിരുന്നു. അടിയന്തരാവസ്ഥ പിന്‍വലിച്ചതോടെ കുരുക്ഷേത്രംപോലെയുള്ള ഒരു പ്രസിദ്ധീകരണത്തിനു പ്രസക്തിയില്ലാതായി. 1977 ജനുവരി 26ന് പുറത്തിറങ്ങിയ 19-ാമത്തെ ലക്കത്തോടെ കുരുക്ഷേത്രം പ്രസിദ്ധീകരണം നര്‍ത്തി. ”ഇനിയും ഏകാധിപത്യത്തിന്റെ വീര്‍പ്പുമുട്ടലും വിങ്ങിപ്പൊട്ടലുകളുമാണ് വരുന്നതെങ്കില്‍ സ്വാതന്ത്ര്യത്തിന്റെയും ആത്മാര്‍പ്പണത്തിന്റെയും പാഞ്ചജന്യം മുഴക്കി കുരുക്ഷേത്രം ജനങ്ങളിലേക്കിറങ്ങി വരുമെന്ന” വാഗ്ദാനത്തോടെയാണ് ആ ലക്കം അവസാനിപ്പിച്ചത്.
1973 ഡിസംബര്‍ മുതല്‍ ഫോര്‍ട്ടുകൊച്ചിയില്‍നിന്ന് പ്രസിദ്ധീകരിച്ചിരുന്ന ഇന്ത്യന്‍ എക്സ്പ്രസില്‍ എഡിറ്റോറിയല്‍ അംഗമായി ഈ ലേഖകന്‍ പ്രവര്‍ത്തിച്ചുവരുമ്പോഴാണ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്. അടിയന്തരാവസ്ഥക്കെതിരെ സമരംചെയ്ത് മര്‍ദ്ദനമേല്‍ക്കുകയും ജയില്‍വാസമനുഭവിക്കുകയും അതേത്തുടര്‍ന്ന് ജോലി നഷ്ടപ്പെടുകയും ജനതാസര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരം തിരിച്ച് ജോലിയില്‍ പ്രവേശിക്കുകയും ചെയ്ത കേരളത്തിലെ ഒരേയൊരു പത്രപ്രവര്ത്തകന് ഈ ലേഖകനായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: