കഴിഞ്ഞ ഏതാനും രാത്രികളില്‍മാത്രം എത്രയെത്ര ലീ മാര്‍ പിറന്നിരിക്കണം. അവര്‍ എത്രത്തോളം ചോരവലിച്ചു കുടിച്ചിരിക്കണം. എത്രയെത്ര സുന്ദിരമാര്‍ ഉറക്കം ഞെട്ടി കഴുത്തിലെ ചോരപ്പാടുകള്‍ നോക്കാന്‍ നിലക്കണ്ണാടിക്കു മുന്നിലേക്ക് ഓടിയിരിക്കണം. ക്രിസ്റ്റഫര്‍ ലീയുടെ മരണ വാര്‍ത്ത ഉയിര്‍ത്തെഴുന്നേല്‍പ്പിച്ചത് ലക്ഷക്കണക്കിന് ആഢ്യത്വമുള്ള പ്രഭുക്കളെയാണ്…. അതിലേറെ ഡ്രാക്കുളമാരെയാണ്. 93 -ാം വയസിലും ലീയുടെ സ്മരണ കാമുക മനസ്സുകളെ തരളിതമാക്കിയിട്ടുണ്ടാവണം. ഉറക്കച്ചടവോടെയായിരിക്കണം അവര്‍ക്ക് വെള്ളിയാഴ്ച പിറന്നത്; ആണും പെണ്ണും.
യാദൃച്ഛികമായിരുന്നോ ക്രിസ്റ്റഫര്‍ ലീയുടെ മരണ വാര്‍ത്ത വ്യാഴാഴ്ച ലോകത്തെ അറിയിച്ചത്-2015 ജൂണ്‍ 11 വ്യാഴാഴ്ച. വെള്ളിയാഴ്ച പിറക്കുന്നതിനു മണിക്കൂറുകള്‍ മുമ്പ്. രാവും പകലും നിറഞ്ഞ 24 മണിക്കൂറും ലീയ്ക്കു വേണ്ടി, ഡ്രാക്കുളയ്ക്കു വേണ്ടി മാറ്റിവെച്ചുകൊണ്ട്. അറിയില്ല, വിശ്വാസവും അന്ധ വിശ്വാസവും ചേര്‍ത്തായിരുന്നല്ലോ ക്രിസ്റ്റഫര്‍ ലീ നമുക്കിടയില്‍ നടനുമപ്പുറം വളര്‍ന്നു നിന്നത്.
സാധാരണ രാത്രികളിലും, വെള്ളിയാഴ്കളില്‍ പ്രത്യേകിച്ചും, അറിഞ്ഞ ആരെയും കിടുകിടെ വിറപ്പിച്ചു ഡ്രാക്കുളയെന്ന ആ പ്രേതങ്ങളുടെ തമ്പുരാന്, അടുക്കാന്‍ ശ്രമിച്ച കാമിനിമാരെ തുടതുടെ മദിപ്പിച്ചു പ്രൗഢനായ ആ പ്രഭു. സാഹസികതയും പ്രണയവും അസ്ഥിക്കു പിടിച്ച കാമുകന്മാരെ ത്രസിപ്പിച്ചു ആ ആഢ്യസുന്ദര പൗരുഷം. ആ സങ്കല്പ്പ കഥാപാത്രത്തെ രൂപത്തിലും ഭാവത്തിലും ഉള്‍ക്കൊണ്ട്, ബ്രാം സ്റ്റോക്കറുടെ അക്ഷരങ്ങള്‍ക്ക് വികാരങ്ങള്‍ക്കൊപ്പം മജ്ജയും മാംസവുമേകി, പ്രേക്ഷകരുടെ ചോരയൂറ്റിക്കുടിച്ച നടനായിരുന്നു ക്രിസ്റ്റഫര്‍ ലീ.
അസാധാരണ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതിലെ അസാധാരണമായ വൈഭവം അതാണ് ക്രിസ്റ്റഫര്‍ ലീ കാണിച്ചത്. കഥാപത്രത്തെ വാക്കുകളില്‍ വരച്ച കഥാകാരന്റെ സങ്കല്‍പ്പത്തിനുമപ്പുറം രൂപഭാവങ്ങളില്‍ വിരചിച്ച അഭിനയമായിരുന്നു ലീയുടെ മികവ്. അമാനുഷ കഥാപത്രത്തിനെ അസാമാന്യ മാനുഷമായ അഭിനയത്തിലൂടെ ലീയെ പ്രഭുവാക്കി, ഡ്രാക്കുളയാക്കി. അങ്ങനെ ക്രിസ്റ്റഫര്‍ ലീയിലെ ദേവാസുരത്വം നടന വേദിയില്‍ പ്രത്യക്ഷമാക്കി. അതുവഴി അഭിനയലോകത്ത് സുന്ദരനായ വില്ലന്‍ പിറക്കുകയായിരുന്നു. നിനവിലും കനവിലും ലീ കടന്നിരിക്കുകയായിരുന്നു, ലക്ഷാവധി പ്രേക്ഷകരുടെ മനസില്‍.
മഞ്ഞുപെയ്യുന്ന രാത്രി. കോടക്കാറ്റിന്റെ കോലം തുള്ളല്‍. ഘടികാരം 12 അടിച്ചു. എവിടെയോ കുറുനരികള്‍ നീട്ടി ഓലിയിടുന്നു. കൂമന് മൂളുന്നു. മലമുകളിലെ ആളൊഴിഞ്ഞ കൊട്ടാരത്തിന്റെ വാതില്‍ മലര്‍ക്കെ തുറന്നുവോ… കടവാതിലുകള്‍ ചിറകടിച്ചു പറക്കുന്ന ശബ്ദം… കുതിരക്കുളമ്പടികള്‍ അടുത്തടുത്തു വരുന്നു… കുതിരവണ്ടിയുടെ റാട്ടുരയുന്ന ശബ്ദം… മഞ്ഞുകാറ്റില്‍ അതടുത്തുവരുന്നു, ചിലപ്പോള്‍ അകന്നു പോകുന്നു.. വിലപിടിച്ച അത്തറിന്റെ മണം.. കാത്തുകിടന്നപ്പോള്‍ ഉറക്കം പിടിച്ചുപോയി. പക്ഷേ, വന്നു. കുലീനമായ ആ ശൈലിയില്‍ അദ്ദേഹം കരം പിടിച്ചു. കുറച്ചു നേരം ഒരുന്മാദ താളത്തില്‍ നൃത്തച്ചുവടുവെച്ചു. എപ്പോഴോ എടുത്തുയര്‍ത്തി. നീണ്ടു മെലിഞ്ഞ ബലിഷ്ഠമായ കൈകളില്‍ ഒരു പട്ടുറുമാല് പോലെ കിടന്നു…. നിശ്വാസത്തിന്റെ ചൂട് കഴുത്തിനു പിന്നില്‍.
രണ്ടു റോസമുള്ളുകള്‍ കുത്തും പോലെ സുഖമുള്ള നൊമ്പരം… ഞെട്ടി ഉണര്‍ന്നപ്പോള്‍ തുറന്നിട്ട ജനാലയിലൂടെ ഒഴുകിപ്പോകുന്നതുപോലെ കണ്ടു, നീണ്ട കറുത്ത കോട്ടിന്റെ അറ്റം, അതു ക്രിസ്റ്റഫര്‍ ലീ നീയായിരുന്നില്ലേ….
ഇല്ല, 2015 ജൂണ്‍ 11-ന് പ്രഭോ, താങ്കള്‍ മരിച്ചിട്ടില്ല. മലമുകളിലെ കോട്ടയില്‍നിന്ന് ഓരോ രാത്രികളിലും മഞ്ഞിറങ്ങി വരാന്‍ ഒരു പുനര്‍ജനിയായിരുന്നു ആ മരണവാര്‍ത്ത… ഉറക്കം കെടുത്തുന്ന തമ്പുരാന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പുകളില്‍ പുതിയത്. ഉറങ്ങാതെ കാത്തിരിക്കാം ഞങ്ങള്‍; കാതോര്‍ത്തിരിക്കാന്‍.. വിഭ്രമ സ്വപ്നങ്ങള്‍ കാണാന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: