കൊച്ചി: തലശ്ശേരി കാനറ ബാങ്കിംഗ് കോര്‍പ്പറേഷനിലെ ഉയര്‍ന്ന ഉദ്യോഗം രാജിവെച്ച് എറണാകുളത്തെ സംഘകാര്യാലയത്തിലെത്തുമ്പോള് മട്ടാഞ്ചേരി സ്വദേശിയായ മോഹന്‍ജി തന്റെ ജീവിത വഴിയേതെന്ന് തിരിച്ചറിഞ്ഞിരുന്നു. അന്നത്തെ പ്രാന്ത പ്രചാരക് ആയിരുന്ന ഭാസ്കര്‍ റാവുവാണ് സംഘകാര്യാലയത്തിന് ഒരു കാര്യാലയ പ്രമുഖ് വേണമെന്ന ആഗ്രഹം പ്രകടിപ്പിച്ചത്. സന്തോഷത്തോടെ ആ ആഗ്രഹം തന്റെ ജീവിതം കൊണ്ട് നിറവേറ്റുകയായിരുന്നു പില്ക്കാലത്ത് എല്ലാവരുടേയും പ്രിയംകരനായി മാറിയ മോഹന്‍ജി എന്ന മോഹന്‍ കുക്കിലിയ. അവസാന നിമിഷം വരെ കാര്യാലയത്തിന്റെ നിറദീപമായി നിലകൊണ്ടു.
എതിരാളികള്‍ കുപ്രചാരണങ്ങളാല്‍ സംഘത്തെ സമാജത്തില്‍ നിന്നും അകറ്റിനിര്‍ത്തിയ കാലത്ത് തുടങ്ങിയ പ്രവര്‍ത്തനത്തില്‍ നിന്നും അടിയന്തിരാവസ്ഥക്കെതിരായ പോരാട്ടത്തില്‍ ജയിലിലായപ്പോഴും പിന്തിരിഞ്ഞില്ല.
ഏവരോടും സൗമ്യമായ പെരുമാറ്റം. കാര്യാലയത്തിലെത്തുന്നവരുടെ സംഘചുമതലകള്‍ അറിഞ്ഞ് അര്‍ഹിക്കുന്ന പരിചരണം. എന്നാല്‍ കാര്യാലയത്തിന്റെ നിബന്ധനകളില്‍ കര്‍ക്കശക്കാരന്‍. മോഹന്‍ജിയെ അടുത്തറിയുന്നവരുടെ വാക്കുകള്‍ ഇങ്ങനെ. കാര്യാലയത്തിന്റെ ചിട്ട കര്‍ശനമായി പാലിക്കും. മറ്റുള്ളവരും അത് പിന്തുടരണമെന്ന് മോഹന്‍ജിക്ക് നിര്‍ബന്ധമുണ്ട്. അതില്‍ ചുമതലകളുടെ വ്യത്യാസമില്ല. ആര്‍ക്കും ഏത് സമയത്തും കാര്യാലയത്തെ ആശ്രയിക്കുന്നതില്‍ മോഹന്‍ജിക്ക് അസൗകര്യമുണ്ടായില്ല. രാത്രിയെത്തുന്നവരോട് ഭക്ഷണം കഴിച്ചോ എന്നായിരിക്കും മോഹന്‍ജിയുടെ ആദ്യ ചോദ്യം.
സംഘപ്രവര്‍ത്തകര്‍ക്ക് കേരളത്തിന് പുറത്ത് ഏത് കാര്യാലയത്തില്‍ പോകണമെങ്കിലും മോഹന്‍ജിയുടെ ഒരു കത്ത് മതിയാകും. മറ്റ് സംസ്ഥാനങ്ങളില്‍ ഏത് കാര്യാലയത്തിലെത്തിയാലും ആദ്യം അന്വേഷിക്കുന്നത് മോഹന്‍ജിയെ ആയിരിക്കും. സംഘ കാര്യാലയത്തിന്റെ മുഖമായി മാറിയ ജീവിതത്തിനാണ് ഇന്നലെ വിരാമമായത്. രാജഗോപാല്‍ കുക്കിലിയ, അനന്തകൃഷ്ണ, കാവേരി, അന്തരിച്ച സീതാറാം, ശ്രീനിവാസ്, രമ എന്നിവര്‍ സഹോദരങ്ങളാണ്. കര്‍ണാടകത്തിലെ ഉഡുപ്പിയാണ് കുടുംബ സ്ഥലം.
പരിപൂര്‍ണമായി സംഘത്തിന് സമര്‍പ്പിച്ച മോഹന്‍ജിയുടെ ജീവിതം ഏത് പൊതു പ്രവര്‍ത്തകനും മാതൃകയാക്കാവുന്നതാണെന്ന് ജന്മഭൂമി മുന്‍ പത്രാധിപര്‍ പി. നാരായണന് പറഞ്ഞു. അനുകരിക്കാന്‍ പ്രയാസമാണ് ആ ജീവിതം. 60 വര്‍ഷത്തോളം മോഹന്‍ജിയോടൊപ്പം പ്രവര്‍ത്തിക്കാനുള്ള ഭാഗ്യം ഉണ്ടായെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: